ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാവുന്ന വിഭവം എന്നതാണ് പലർക്കും മാ​ഗിയെ പ്രിയങ്കരമാക്കുന്നത്. നാലുമണിപലഹാരം മുതൽ ബ്രേക്ക് ഫാസ്റ്റ് ടേബിളിൽ വരെ ഇടം പിടിച്ച ഭക്ഷണം. ചിക്കനും മുട്ടയും പച്ചക്കറികളുമെല്ലാമിട്ട് ഓരോ അടുക്കളയിലും ഈ വിഭവത്തിന് വ്യത്യസ്ത രുചിയാണ്.
കുട്ടികൾക്കും ഏറെ പ്രിയപ്പെട്ട ഭക്ഷണമായതിനാൽ മിക്ക വീടുകളിലും നൂഡിൽസ് ഒരു പതിവ് ഭക്ഷണമായി മാറിയിട്ടുണ്ട്. എന്നാൽ 400 രൂപയ്ക്ക് നൂഡിൽസ് വാങ്ങുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം ? ഈയടുത്ത് സാമൂഹികമാധ്യമങ്ങളിൽ വൈറലായ വീഡിയോയിൽ ഒരു വഴിയോരക്കച്ചവടക്കാരനാണ് ഇത്രയും വിലയേറിയ നൂഡിൽസിനെക്കുറിച്ച് പറയുന്നത്. 

To advertise here,

ബ്ലോഗറായ ഹാരി ഉപ്പലാണ്  ഈ വിലയേറിയ വിഭവത്തെക്കുറിച്ചുള്ള വീഡിയോ പങ്കുവെച്ചത്. '400 രൂപയുടെ മാഗിയിൽ സ്വർണമാണോ ചേർക്കുന്നത് ' എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്. ന്യൂഡൽഹിയിലെ പശ്ചിമ വിഹാറിലാണ് ഇത്രയും വിലയുള്ള ഈ വിഭവം ലഭിക്കുന്നത്. 

ബണ്ടി മീറ്റ് വാല എന്ന സ്ട്രീറ്റ് ഫുഡ് സ്റ്റാളിലാണ് ഇതുണ്ടാക്കുന്നത്. വിഭവത്തെക്കുറിച്ച് പാചകക്കാരൻ തന്നെ വിശദീകരിക്കുന്നതും വീഡിയോയിൽ കാണാം. നല്ല എരിവുള്ള ഇതിലേക്ക് വിവിധതരം മസാലകൾ ചേർക്കുന്നതും കാണാം. മട്ടൺകറി കൂടി ചേർത്താണ് ഇത് തയ്യാറാക്കുന്നത്. ഇത്തരത്തിൽ തയ്യാറാക്കുന്നത് കൊണ്ടാണ് ഈ വിഭവത്തിന് ഇത്രയും വില. 

വീഡിയോക്ക് കീഴെ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. ഇതിന് 40 രൂപയിൽ കൂടുതൽ കൊടുക്കാൻ കഴിയില്ല, 400 രൂപയ്ക്ക് ഒരു മാസത്തേക്കുള്ള മുഴുവൻ നൂഡിൽസും വാങ്ങി സ്‌റ്റോക്ക് ചെയ്യാൻ കഴിയും തുടങ്ങിയ കമന്റുകളാണ് വന്നത്. എന്നിരിന്നാലും ഈ പരീക്ഷണവിഭവത്തെക്കുറിച്ചുള്ള വീഡിയോ വളരെ വേഗത്തിലാണ് വൈറലായിരിക്കുന്നത്.