
മുംബൈ: നൂറുവർഷത്തിലേറെയായി ദശലക്ഷക്കണക്കിന് ആളുകൾക്ക് മുംബൈയിൽ ഭക്ഷണം നൽകിവന്നിരുന്ന ഡബ്ബാവാലകൾ നഗരത്തിൽനിന്ന് ക്രമേണ അപ്രത്യക്ഷരായിക്കൊണ്ടിരിക്കുന്നു. രജിസ്റ്റർ ചെയ്ത ഡബ്ബാവാലകളുടെ എണ്ണം 4,500-ൽനിന്ന് ഇന്ന് 1,500 ആയി കുറഞ്ഞു. വെളുത്ത തൊപ്പിയും വെള്ള ഷർട്ടും കോലാപുരി ചപ്പലും ധരിച്ച ഡബ്ബാവാലകൾ ഉച്ചഭക്ഷണ ടിഫിനുകളുമായി സൈക്കിളുകളിൽ സഞ്ചരിക്കുന്നത് മുംബൈയുടെ മാത്രം പതിവ് കാഴ്ചയാണ്.
ഒരു നൂറ്റാണ്ടിലേറെയായി അവർ മുംബൈയെ ഇത്തരമൊരു ഡെലിവറി സിസ്റ്റത്തിലൂടെ പോറ്റിവളർത്തി. അത് ലോകമെമ്പാടും പ്രശസ്തമായി. മുംബൈയിലെ ഓഫീസ് ജീവനക്കാർക്ക് , വീട്ടിൽ പാകം ചെയ്ത ഭക്ഷണം അവർ സമയത്ത് എത്തിക്കുന്നു. തിരക്കേറിയ നഗര ജീവിതത്തിന്റെ ഒരു അനിവാര്യ ഘടകമായി ഡബ്ബാവാലകളുടെ ലഞ്ച്‌ബോക്സ് മാറി. അവരുടെ പ്രവർത്തനം ആഗോള പ്രശസ്തി പിടിച്ചുപറ്റി. ഓരോ ടിഫിൻ ബോക്സിലും ഒരു ആൽഫാന്യൂമെറിക് കോഡുമായി കൃത്യമായി ടിഫിൻ വിതരണം ഇന്നും അവരുടെ മാത്രം പ്രത്യേകതയാണ്. ഡബ്ബാവാലയ്ക്ക് അത് എവിടെ നിന്നാണ് വന്നത്, എവിടേക്ക് പോകുന്നു, ഏത് കെട്ടിടത്തിന്റെ ഏത് നിലയിലാണ്, അത് എങ്ങനെ തിരികെ ലഭിക്കും എന്നെല്ലാം ആ കോഡിൽനിന്ന് വ്യക്തമാകും. ആപ്പുകളോ ജി.പി.എസോ ഇല്ലാതെയാണ് അവരുടെ കൃത്യതയാർന്ന പ്രവർത്തനം. മുംബൈയിലെ ട്രെയിനുകളെയും തെരുവുകളെയും സഹജമായി അറിയുന്ന തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ഒരു സിസ്റ്റം മാത്രമാണിത്.
ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ ഇവരുടെ പ്രവർത്തനം ആഗോള ശ്രദ്ധ ആകർഷിച്ചു. കുറഞ്ഞ ചെലവിലുള്ള ലോജിസ്റ്റിക്സിലെ ഒരു മാസ്റ്റർ ക്ലാസായി ഹാർവാർഡ് ബിസിനസ് സ്കൂൾ ഇതിനെ പഠിച്ചു. 2003-ൽ ചാൾസ രാജ്കുമാരൻ (ഇന്നത്തെ രാജാവ്) മുംബൈയിൽ ഡബ്ബാവാലകൾക്കൊപ്പം സമയം ചെലവഴിച്ച് അവരെക്കുറിച്ച് പഠിച്ചു. നഗരത്തിന്റെ തിരക്കിനും ബഹളത്തിനമിടയിലും അചഞ്ചലമായ കൃത്യതയോടെ പ്രവർത്തിക്കുന്ന അവർ മുംബൈയുടെ അഭിമാനത്തിന്റെ പര്യായമായിമാറി.
4500-ൽനിന്ന് 1500-ലേക്ക്
മുംബൈ നഗരത്തിലെ ഒരു മ്യൂസിയം ഡബ്ബാവാലകളുടെ 130 വർഷം പഴക്കമുള്ള ചരിത്രം പ്രദർശിപ്പിച്ചിരിക്കുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ഡബ്ബാവാല സമ്പ്രദായം ആരംഭിച്ചതെന്ന് കരുതപ്പെടുന്നു, അന്ന് ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൻ കീഴിലായിരുന്ന ബോംബെ (ഇപ്പോൾ മുംബൈ) അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയും ഓഫീസ് ജീവനക്കാർക്ക് പകൽ വീട്ടിൽ പാകം ചെയ്ത ഭക്ഷണം കഴിക്കാൻ ഒരു മാർഗം ആവശ്യമായി വരുകയും ചെയ്തു. റസ്റ്ററന്റുകളും കാന്റീനുകളും പരിമിതമായിരുന്ന ഒരു കാലത്ത്, സംസ്കാരം, മതം, കുടുംബദിനചര്യ എന്നിവയുമായി ഭക്ഷണം ബന്ധപ്പെട്ടിരുന്ന ഒരു നഗരത്തിൽ വീട്ടിൽനിന്ന് ഭക്ഷണം കൊണ്ടുവരുന്നത് വളരെ പ്രധാനമായിരുന്നു.
ഈ ആശയം ഉടലെടുത്തത് ഒരു പാഴ്‌സി ബാങ്കറുടെ മനസിലാണ്, അദ്ദേഹം എല്ലാ ദിവസവും രാവിലെ വീട്ടിൽനിന്ന് ഉച്ചഭക്ഷണം എടുത്ത് ഓഫീസിൽ എത്തിക്കാനും ടിഫിൻ ബോക്സ് പിന്നീട് തിരികെ നൽകാനും ഒരാളെ നിയമിച്ചു. ലളിതമായ ഒരു സംവിധാനം, അത് പെട്ടെന്ന് തന്നെ പ്രചാരത്തിലായി. 1890-ൽ മഹാദിയോ ബച്ചെ എന്ന വ്യക്തി 100-ൽപ്പരം തൊഴിലാളികളെ ഉൾപ്പെടുത്തി ആധുനിക രീതിയിൽ ഈ സംവിധാനം വികസിപ്പിച്ചു.
ആദ്യകാല ഡബ്ബാവാലകൾ ലഞ്ച് ബോക്സുകൾ സൈക്കിളുകളിൽ കൊണ്ടുപോകുകയും നിറമുള്ള നൂലുകൾ കൊണ്ട് അടയാളപ്പെടുത്തുകയും ചെയ്തിരുന്നു, അങ്ങനെ അവ തരംതിരിച്ച് കൃത്യമായി തിരികെ നൽകുമായിരുന്നു. കാലക്രമേണ, ആ അടയാളങ്ങൾ ഒരു സവിശേഷമായ ആൽഫാന്യൂമെറിക് കോഡ് സിസ്റ്റം ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചു, അതേസമയം സൈക്കിളുകൾ, മോട്ടോർ ബൈക്കുകൾ, മുംബൈയിലെ സബർബൻ ട്രെയിൻ ശൃംഖല എന്നിവയിലേക്കും വിതരണ സമ്പ്രദായം മാറി. ഈ സേവനത്തിന്റെ ഉന്നതിയിൽ, ഏകദേശം 4,500 ഡബ്ബാവാലകൾ മുംബൈയിലുടനീളം പ്രതിദിനം 50,000 ലഞ്ച് ബോക്സുകൾ വിതരണം ചെയ്തിരുന്നു. എന്നാൽ കോവിഡ് മഹാമാരി ആ സംവിധാനത്തെ തകിടം മറിച്ചു. ഓഫീസുകൾപൂട്ടുകയും ആളുകൾ വീട്ടിൽനിന്ന് ജോലി ചെയ്യാൻ തുടങ്ങുകയും ചെയ്തതോടെ, ദിവസേനയുള്ള ഡെലിവറികൾ അതേ രീതിയിൽ ആവശ്യമില്ലാതായി. ഓഫീസുകൾ വീണ്ടും തുറന്നെങ്കിലും ഡബ്ബാവാലകക്ക് പഴയ പ്രതാപത്തിലേക്ക് മടങ്ങാൻ സാഹചര്യം ഒരുങ്ങിയിട്ടില്ല.
ലോക്ക്ഡൗണിനുശേഷം, വീട്ടിൽനിന്ന് ജോലി ചെയ്യാനുള്ള സൗകര്യം ആരംഭിച്ചതായി മുംബൈ ടിഫിൻ ബോക്സ് സപ്ലയേഴ്‌സ് അസോസിയേഷൻ സെക്രട്ടറി കിരൺ ഗവാണ്ടെ പറയുന്നു. 'ചിലർ ഇപ്പോൾ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മാത്രമേ ഓഫീസിൽ പോകുന്നുള്ളൂ. ഇത് മുംബൈയിലെ ഡബ്ബാവാലകളുടെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. അസോസിയേഷൻ പറയുന്നതനുസരിച്ച്, രജിസ്റ്റർ ചെയ്ത ഡബ്ബാവാലകളുടെ എണ്ണം 2018-ൽ ഏകദേശം 4,500 ആയിരുന്നത് ഇന്ന് ഏകദേശം 1,500 ആയി കുറഞ്ഞു. അതേസമയം, ഭക്ഷണവുമായുള്ള മുംബൈയുടെ ബന്ധത്തിലും മാറ്റം വന്നിട്ടുണ്ട്. സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ഓൺലൈൻ ഭക്ഷണ വിതരണ ആപ്ലിക്കേഷനുകളും കുറഞ്ഞ വിലയ്ക്ക് റസ്റ്ററന്റ് ഭക്ഷണം വാഗ്ദാനം ചെയ്യുന്ന വർധിച്ചുവരുന്ന ക്ലൗഡ് കിച്ചണുകളും ആളുകൾക്ക് പുതിയൊരു തിരഞ്ഞെടുപ്പ് നൽകിയിട്ടുണ്ട്.
Content Highlights: The historic 130-year-old Mumbai Dabbawala network is facing a severe crisis as work-from-home cultures and modern online food delivery applications have slashed their active workforce from 4,500 down to just 1,500.
Published: 31 May 2026, 10:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented