തിരുവനന്തപുരം: ഓണക്കാലത്ത് പാൽ, തൈര്, മറ്റ് പാലുത്‌പന്നങ്ങൾ എന്നിവയുടെ വിൽപ്പനയിൽ സർവകാല റെക്കോഡുമായി മിൽമ. ഉത്രാടദിനത്തിൽ മാത്രം 38,03,388 ലിറ്റർ പാലും 3,97,672 ലക്ഷം കിലോ തൈരുമാണ് മിൽമ ഔട്ട്‌ലെറ്റുകൾ വഴി വിറ്റത്. കഴിഞ്ഞവർഷം പാലിന്റെ മൊത്തം വിൽപ്പന 37,00,209 ലിറ്ററും തൈരിന്റെ വിൽപ്പന 3,91,923 കിലോയുമായിരുന്നു.

To advertise here,

തിരുവോണത്തിന് മുൻപുള്ള ആറുദിവസങ്ങളിലായി സർക്കാർ ഉടമസ്ഥതയിലുള്ള സഹകരണസംഘം വഴി 1,19,58,751 ലിറ്റർ പാലും 14,58,278 ലക്ഷം കിലോ തൈരുമാണ് വിറ്റഴിച്ചത്. മുൻവർഷം 1,16,77,314 ലിറ്റർ പാലും 13,76,860 കിലോ തൈരുമായിരുന്നു വിൽപ്പന. ശരാശരി അഞ്ചുശതമാനം വളർച്ചയാണ് ഇക്കുറി ഉണ്ടായതെന്നും മിൽമ അറിയിച്ചു.

ഓഗസ്റ്റ് ഒന്നുമുതൻ 31 വരെ നെയ്യുടെ വിൽപ്പന 863.92 ടൺ രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇത് 663.74 ടൺ ആയിരുന്നു. കഴിഞ്ഞ നാലുദിവസത്തിനിടെ മാത്രം 127.16 ടൺ നെയ്യ് വിറ്റഴിച്ചതോടെ ആകെ വിൽപ്പന 991.08 ടണ്ണായി ഉയർന്നു.

ഓണക്കാലത്ത് സപ്ലൈകോയുടെ ആറുലക്ഷം കിറ്റുകളിൽ 50 മില്ലിലിറ്റർ നെയ്യ് വിതരണം ചെയ്തതായും മിൽമയുടെ റെഡി ടു ഡ്രിങ്ക് അടക്കമുള്ള പായസം കിറ്റുകൾ മികച്ച വിൽപ്പന രേഖപ്പെടുത്തിയതായും ചെയർമാൻ കെ.എസ്. മണി പറഞ്ഞു.