കാനഡയിൽ സ്റ്റഡി പെർമിറ്റിനായി അപേക്ഷിക്കുന്ന വിദേശ വിദ്യാർത്ഥികൾ കാണിക്കേണ്ട ജീവിതച്ചെലവ് തുകയിൽ (ലിവിങ് എക്സ്പെൻ്സ്) വർദ്ധന പ്രഖ്യാപിച്ച് കനേഡിയൻ ഗവൺമെന്റ്. 2026 സെപ്റ്റംബർ ഒന്ന് മുതലോ അതിനുശേഷമോ കനേഡിയൻ സ്റ്റഡി പെർമിറ്റിനായി അപേക്ഷിക്കുന്ന വിദ്യാർഥികൾക്കാണ് പുതുക്കിയ സാമ്പത്തിക നിരക്കുകൾ ബാധകമാകുന്നത്. വിദ്യാർഥികൾ പുതിയ മാറ്റത്തിൽ ജാഗ്രത പുലർത്തണമെന്ന് കൺസൾട്ടൻസി വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
പുതുക്കിയ സാമ്പത്തിക നിരക്കുകൾ ഒറ്റനോട്ടത്തിൽ
ട്യൂഷൻ ഫീസിനും യാത്രാച്ചെലവുകൾക്കും പുറമേ ആദ്യ വർഷത്തെ ജീവിതച്ചെലവിനായി അപേക്ഷകർ കാണിക്കേണ്ട തുകയാണ് ഇമിഗ്രേഷൻ, റഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐ.ആർ.സി.സി) വർദ്ധിപ്പിച്ചിരിക്കുന്നത്.
- ഒറ്റയ്ക്ക് അപേക്ഷിക്കുന്നവർ: ജീവിതച്ചെലവിനായിമാത്രം 23,448 കനേഡിയൻ ഡോളർ കാണിക്കണം. മുൻപ് ഇത് 22,895 ഡോളർ ആയിരുന്നു (553 ഡോളറിന്റെ വർദ്ധന).
- രണ്ട് കുടുംബാംഗങ്ങൾ ഒപ്പമുണ്ടെങ്കിൽ: 29,192 കനേഡിയൻ ഡോളർ കാണിക്കണം.
- മൂന്ന് കുടുംബാംഗങ്ങൾ ഒപ്പമുണ്ടെങ്കിൽ: 35,888 കനേഡിയൻ ഡോളർ കാണിക്കണം.
- ഏഴ് പേർ ഒപ്പമുണ്ടെങ്കിൽ: 62,054 കനേഡിയൻ ഡോളർ കാണിക്കേണ്ടതുണ്ട്. അതിനു മുകളിലുള്ള ഓരോ അധിക അംഗത്തിനും 6,318 കനേഡിയൻ ഡോളർ വീതം കൂടുതൽ കാണിക്കണം.
ക്യൂബെക്ക് ഒഴികെയുള്ള കാനഡയിലെ എല്ലാ പ്രവിശ്യകളിലും മേഖലകളിലും പുതിയ നിയമം ബാധകമാണ്.
നിരക്ക് വർദ്ധനവിന് പിന്നിലെ കാരണങ്ങൾ
കാനഡയിൽ പണപ്പെരുപ്പവും യുദ്ധം പോലുള്ള സാഹചര്യങ്ങൾ മൂലമുള്ള വിലക്കയറ്റവും വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നിരക്കുകൾ പുതുക്കിയതെന്നാണ് സൂചന. കൂടാതെ, വിദ്യാർഥികൾ പഠനം പൂർത്തിയാക്കിയശേഷം തിരിച്ചുപോകാതെ അവിടെത്തന്നെ തുടരുന്നത് കനേഡിയൻ പൗരന്മാരുടെ തൊഴിലവസരങ്ങളെ ബാധിക്കുന്നു എന്ന ആശങ്കയും കാരണമാണെന്ന് വിലയിരുത്തലുണ്ട്.
എങ്കിലും പുതിയ മാറ്റങ്ങൾക്ക് പോസിറ്റീവ് വശമുണ്ടെന്ന് സ്റ്റുഡന്റ് ഇമിഗ്രേഷൻ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. കുടിയേറ്റംമാത്രം ലക്ഷ്യം വയ്ക്കുന്നവർ മറ്റ് രാജ്യങ്ങളിലേക്ക് പോകുമ്പോൾ, പഠനത്തിന് കൂടുതൽ മുൻഗണന നൽകുന്ന വിദ്യാർഥികൾക്ക് മാത്രമേ ഇനി കാനഡയിലെത്താൻ സാധിക്കൂ.
സാമ്പത്തിക ഉറവിടങ്ങളിലെ പിഴവുകൾ
ബാങ്കിൽ ഫണ്ട് കാണിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ വിദ്യാർഥികൾ വരുത്തുന്ന പ്രധാന തെറ്റ് ഉറവിടം വ്യക്തമല്ലാതിരിക്കുന്നതാണെന്ന് സ്റ്റുഡന്റ് കൺസൾട്ടൻസി പ്രതിനിധി വ്യക്തമാക്കുന്നു.
‘ഫണ്ടിന്റെ കാര്യത്തിൽ കുട്ടികൾക്ക് വരുന്ന പ്രധാന തെറ്റ് അതിന്റെ ഉറവിടം വ്യക്തമല്ലാതിരിക്കുന്നതാണ്. ഒരാൾ ബിസിനസുകാരനായിരിക്കാം, വലിയ ടേൺ ഓവർ ഉണ്ടാകാം. പക്ഷേ, പണം ക്യാഷ് ആയിട്ടാണ് വാങ്ങിക്കുന്നതെങ്കിൽ അതിന് കൃത്യമായ ഐടിആർ (ആദായനികുതി റിട്ടേൺ) ഉണ്ടാകില്ല. ഉറവിടമില്ലാത്ത പണം ബാങ്കിലിട്ട് കാണിച്ചാൽ അത് എംബസിക്ക് ബോധ്യപ്പെടില്ല. പണത്തിന്റെ റൂട്ട് മാപ്പ് കൃത്യമായിരിക്കണം. അച്ഛന്റെ അക്കൗണ്ടിൽനിന്ന് പണം വിദ്യാർഥിയുടെ അക്കൗണ്ടിലേക്ക് മാറുമ്പോൾ, അച്ഛന് ആ പണം എവിടെനിന്ന് ലഭിച്ചു (ഉദാഹരണത്തിന് ഫിക്സഡ് ഡെപ്പോസിറ്റ് പിൻവലിച്ചതാണോ) എന്ന് കാണിക്കണം. സ്പോൺസറുടെ കൃത്യമായ ഐടിആർ ഇതിന് ആവശ്യമാണ്. എന്നാൽ, പേരിന് വേണ്ടി രണ്ടു വർഷത്തെ ഐടിആർ പെട്ടെന്ന് ഫയൽ ചെയ്യുന്നത് എംബസിയിൽ സംശയത്തിന് കാരണമാകും.’- കൺസൾട്ടൻസി വിദഗ്ധൻ അഭിപ്രായപ്പെട്ടു.
വ്യാജരേഖകളെ ആശ്രയിക്കരുത്; വിദ്യാഭ്യാസ വായ്പകൾ ഉപയോഗിക്കാം
സാധാരണക്കാരായ 40 മുതൽ 50 ശതമാനം കുടുംബങ്ങൾക്കും പെട്ടെന്ന് വലിയ തുകകൾ ലിക്വിഡ് ക്യാഷായി കൈവശം ഉണ്ടാകണമെന്നില്ല. ഇത്തരം സാഹചര്യങ്ങളിൽ വ്യാജരേഖകൾ നിർമ്മിച്ച് നൽകുന്ന ഏജൻസികളുടെ കെണിയിൽ പെടരുതെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
വ്യാജ ലോൺ ലെറ്ററുകൾ സമർപ്പിച്ചാൽ ഇമിഗ്രേഷൻ വിഭാഗം നേരിട്ട് വെരിഫിക്കേഷൻ നടത്തും. ബാങ്കിന്റെ ക്ലസ്റ്ററിലോ സോണിലോ ഇമിഗ്രേഷൻ വിഭാഗം മെയിൽ അയക്കുമ്പോൾ ലോൺ വ്യാജമാണെന്ന് തെളിഞ്ഞാൽ അപേക്ഷകന് കാനഡയിലേക്ക് വിലക്ക് വന്നേക്കാം.
- നിയമപരമായ വായ്പകൾ: നാഷണലൈസ്ഡ് ബാങ്കുകൾ, എച്ച്ഡിഎഫ്സി ക്രെഡില, ബാങ്ക് ഓഫ് ബറോഡ, ഐസിഐസിഐ എന്നിവയിൽനിന്ന് നിയമപരമായ വിദ്യാഭ്യാസ വായ്പകൾ നേടാൻ സാധിക്കും.
- WeMakeScholars പ്ലാറ്റ്ഫോം: വായ്പകൾ ലഭിക്കാൻ ബുദ്ധിമുട്ടുള്ള വിദ്യാർഥികൾക്കായി കേന്ദ്ര ഗവൺമെന്റ് മുൻകൈയെടുത്ത് ആരംഭിച്ച കമ്പനിയാണ് WeMakeScholars. വിദ്യാർഥികളുടെ പ്രൊഫൈൽ പരിശോധിച്ച് ഇവരെ കൃത്യമായ ബാങ്കിങ് പാർട്ണർമാരുമായി ബന്ധിപ്പിക്കാൻ സ്ഥാപനം സഹായിക്കും.
Content Highlights: The Canadian government has increased the required proof of living expenses for foreign students applying for a study permit starting September 1, 2026, while experts warn applicants to maintain genuine income sources and legal education loans to avoid visa rejections and bans.
Published: 01 Sept 2026, 04:50 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented