നാട്ടിലെങ്ങും ചായ വിപ്ലവം നടക്കുന്ന സമയമാണിത്. മുമ്പെങ്ങും കേട്ടുകേൾവി പോലുമില്ലാതിരുന്ന തരത്തിൽ ചായയെ പ്രണയിക്കുന്നവരുടെ എണ്ണം അനുദിനം കൂടിക്കൂടി വരുന്നു. ചായകുടിയെക്കുറിച്ചും ഒപ്പം ചായകുടിക്കുന്നവരുമൊത്തുള്ള ഊഷ്മള നിമിഷങ്ങളെക്കുറിച്ചും കാവ്യാത്മകമായി കുറിപ്പുകളും റീലുകളുമെല്ലാം പങ്കുവെക്കുന്നവരാണ് ചുറ്റിലും. യുഎഇയിലെയും അവസ്ഥ മറിച്ചല്ല.

To advertise here,

പ്രധാനപ്പെട്ട റസ്റ്ററന്റുകളുടെ മുന്നിലെല്ലാം കാണാം ചായപ്രേമികൾക്ക് മാത്രമായി ഒരിടം. സമോവറിൽ തിളക്കുന്ന വെള്ളവും പാലും തുണിസഞ്ചിയിലൂടെ ഊർന്നിറങ്ങുന്ന ചൂടൻ തേയിലസത്തും അളവൊപ്പിച്ച് ചില്ലുഗ്ലാസ്സിലേക്ക് പകർന്ന് മതിയാവോളം മധുരവും ചേർത്ത് വീശിയടിച്ച് ആറ്റിയാൽ ലക്ഷണമൊത്ത ചായയായി.

മലയാളികളുടെ പ്രിയപ്പെട്ട 'അടിച്ച ചായ'. ഇതോടൊപ്പം തന്നെ അറബ് നാട്ടിൽ പരക്കെ പ്രചാരത്തിലുള്ള 'കരക്ക്' ചായക്കുമുണ്ട് ആരാധകരേറെ. പ്രധാനമായും ചതച്ച ഏലക്കയും മനോധർമത്തിനനുസരിച്ച് മാറുന്ന സുഗന്ധവ്യജ്ഞനങ്ങളും കൊഴുപ്പ് കൂടിയ പാലും തേയിലയും മധുരവും നേരമെടുത്ത് തിളപ്പിച്ച് കുറുക്കിയെടുക്കുന്ന കരക്ക് അറബികളുടെ പ്രിയപ്പെട്ട പാനീയമാണ്. ഗൾഫ് വസന്തകാലത്ത് ഇന്ത്യയിൽ നിന്നും പാകിസ്താനിൽ നിന്നും തൊഴിൽതേടി വന്നവരിലൂടെ കരക്ക് ചായയും മിഡിലീസ്റ്റിലേക്ക് കുടിയേറുകയായിരുന്നു. കടുപ്പമേറിയ കാപ്പി 'ഖാവ'യുടെ ഇഷ്ടക്കാരായ അവർ കരക്കിനെയും ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇന്ന് മിഡിൽ ഈസ്റ്റിലെ അതിഥി സൽക്കാരങ്ങളിൽ കരക്കിനുമുണ്ട് ഒരിടം. കടുപ്പമേറെയുള്ളത് എന്നർഥം വരുന്ന ഉറുദു വാക്ക് 'കരക്ക്' അങ്ങനെ ചായയുടെ 'ബ്രാൻഡ് നെയിം' ആയി മാറി.

ഒരു മനുഷ്യൻ എപ്പോഴൊക്കെയാണ് ചായ കുടിക്കുക എന്നത് തീർത്തും വ്യക്തിനിഷ്ഠവും ആപേക്ഷികവുമായ ഒന്നാണ്. എങ്കിലും രണ്ടുപേർ ചേർന്ന് കുശലം പറയുന്ന നിമിഷങ്ങളിലെല്ലാം ഒരു സാന്നിധ്യമായി ചായ കാണാം. വിഷമത്തിലും സന്തോഷത്തിലും ദിവസം ആരംഭിക്കുമ്പോഴും അവസാനിക്കുമ്പോഴുമെല്ലാം ചായക്ക് വിലക്കില്ല. അങ്ങനെയെങ്കിൽ ചായ ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ചുള്ള ആലോചന എങ്ങനെയായിരിക്കും.

അതിവേഗത്തിൽ മാറുന്ന ലോകവും അതിനേക്കാൾ വേഗത്തിൽ മാറുന്ന ദുബായ് നഗരവും പശ്ചാത്തലമാക്കി പുറത്തിറങ്ങിയ ഒരു ഹ്രസ്വചിത്രത്തിന്റെ ഉള്ളടക്കമാണത്. ഒന്നര നൂറ്റാണ്ടിനപ്പുറമുള്ള ദുബായ് നഗരം. ഇന്ന് പിന്തുടരുന്ന ഹരിതവത്കരണ ആശയങ്ങളും നവീന സാങ്കേതികതകയും മാറ്റിമറിച്ച ദുബായ്. പച്ചപ്പ് നിറഞ്ഞ വലിയ കെട്ടിടങ്ങൾക്കിടയിൽ ഒരു കുഞ്ഞൻ കെട്ടിടമായി ബുർജ് ഖലീഫയും കാണാം.

ഒന്നര നൂറ്റാണ്ട് കഴിയുമ്പോൾ മനുഷ്യർ ഇന്നത്തേതുപോലെ ഭക്ഷണമോ ചായപോലെയുള്ള പാനീയങ്ങളോ കഴിക്കണമെന്നില്ല. ഒരു മനുഷ്യന്റെ ഊർജ ആവശ്യങ്ങൾക്കനുസരിച്ചുള്ള പോഷകങ്ങൾ മരുന്ന് രൂപത്തിലാകാം കഴിക്കുന്നത്. മനുഷ്യർക്ക് വേണ്ടി സ്വന്തം അപരന്മാരായ റോബോട്ടുകൾ കാര്യങ്ങൾ ചെയ്ത് റിപ്പോർട്ടുകൾ സമർപ്പിക്കുന്ന രീതിയാകാം. അപ്പോഴും ഉള്ളിന്റെ ഉള്ളിൽ മുത്തശ്ശനോ, മുത്തശ്ശിയോ ആസ്വദിച്ച് കഴിച്ചിരുന്ന കരക്ക് ചായയുടെ ശേഷിപ്പുകൾ തീർത്തും ഇല്ലാതായിപ്പോകുന്നില്ലല്ലോ.

ഇന്നത്തെ നമ്മുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം സ്റ്റോറികൾക്ക് മരണം സംഭവിക്കണമെന്നുമില്ലല്ലോ. ഇന്നത്തെ വാർത്താചാനലുകൾ പങ്കുവെച്ച ഒരു 'സ്‌പെഷ്യൽ ഫീച്ചർ' നൂറോ നൂറ്റമ്പതോ വർഷങ്ങൾക്കപ്പുറം ഒരാൾ കാണാനിടയായാൽ അയാൾക്ക് ഉണ്ടാകുന്ന കൗതുകം എത്രമാത്രമാകും. 'വൺ ബില്യൺ ഫോളോവേഴ്‌സ് സമ്മിറ്റ്' സംഘടിപ്പിച്ച എ.ഐ ഷോർട്ട്ഫിലിം ഫെസ്റ്റിവലിലാണ് കരക്ക് ചായയില്ലാത്ത ദുബായ് നഗരത്തിന്റെ കാഴ്ചകളെ വേറിട്ട ചിന്താമണ്ഡലത്തിലൂടെ അവതരിപ്പിച്ചത്.

'ഒന്നര നൂറ്റാണ്ടിന് ശേഷം നമ്മൾ ആരും ഇവിടെ കാണില്ല. നമ്മൾ പിന്തുടരുന്ന ജീവിത രീതികളും. പക്ഷെ ദുബായ് നഗരം മുന്നോട്ടുവെക്കുന്ന ദീർഘകാല പദ്ധതികൾ ഈ നഗരത്തെ എത്രത്തോളം മുന്നോട്ട് നയിക്കുമെന്ന് നമുക്ക് ഊഹിക്കാം. ആ ഒരു പശ്ചാത്തലത്തിൽ ഒരാൾ പണ്ട് മുത്തശ്ശി കുടിച്ചിരുന്ന ഒരു സ്‌പെഷ്യൽ പാനീയം തനത് രീതിയിൽ എങ്ങനെ ഉണ്ടാക്കാമെന്ന ശ്രമം നടത്തിയാൽ എങ്ങനെയാകുമെന്ന അന്വേഷണമാണ് ഈ ചിത്രം. ഏത് നഗരത്തിന്റെയും വികസനക്കുതിപ്പിന്റെ ഭാഗമാകാതെ പഴയ രീതികൾ പിന്തുടരുന്ന ചിലരുമുണ്ടാകില്ലേ, അതിന്റെ മറുവശത്ത്.

അവർക്ക് ചിലപ്പോൾ ചില രുചിക്കൂട്ടുകളും ഓർമകളും മാത്രമാകും കൂട്ടിനുണ്ടാകുക. അവരിലൂടെയാകാം നമ്മൾ നഷ്ടപ്പെട്ട ചില രുചികളിലേക്ക് എത്തിച്ചേരുകയെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ ഷാനവാസ് നെല്ലിക്കുന്നിൽ (കാസർകോട്) പറയുന്നു. കൊറിയക്കാരനായ ഇഡു കാങ്ങുമായി ചേർന്നാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്.

രത്നബാലി ഭട്ടാചാർജി (കൊൽക്കത്ത), പപ്പൻ മുറിയത്തോട് (കണ്ണൂർ) എന്നിവർ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകി. അമിത് പന്തീർകർ (മുംബൈ) എഡിറ്റിംഗും ഇഷാൻ ഡിവെച്ച (ബാംഗ്ലൂർ) പശ്ചാത്തലസംഗീതവും അലോക് കോട്ടിയാൻ (ഗോവ) സൗണ്ട് ഡിസൈനും വലേറിയ പൊളിയാനിച്ച്കോ (യുക്രൈൻ) ടൈറ്റിലിങും ശശാങ്ക് ഷിർസാത് (ഗോവ) കളറിങ്ങും നിർവഹിച്ചു. യൂട്യൂബിൽ റിലീസ് ചെയ്ത ചിത്രം 'Karak AI shortfilm' ദുബായ് നഗരത്തിന്റെ മാറുന്ന കാഴ്ചകളിലൂടെയുള്ള ഒരു 'ടൈം ട്രാവൽ' അനുഭവമാണ് സമ്മാനിക്കുന്നത്.