തൃക്കരിപ്പൂര്‍: ഇടയിലക്കാട് കാവിലെ വാനരസംഘത്തിന് പതിനഞ്ചാം തവണയും ഓണസദ്യ വിളമ്പി. രണ്ടുപതിറ്റാണ്ടായി മക്കള്‍ക്കെന്നപോലെ നിത്യവും ചോറൂട്ടിയ ചാലില്‍ മാണിക്കമ്മ അസുഖത്തിന്റെ അവശതകള്‍ വകവെക്കാതെ വാനരര്‍ക്ക് സദ്യ വിളമ്പാനെത്തി. ഇടയിലക്കാട് നവോദയ ഗ്രന്ഥാലയം ബാലവേദിയുടെ നേതൃത്വത്തിലാണ് വാനരര്‍ക്ക് തൂശനിലയില്‍ സദ്യ ഒരുക്കിയത്.

To advertise here,

കോവിഡിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടുവര്‍ഷവും പെരുമാറ്റച്ചട്ടം പാലിച്ച് സദ്യവട്ടങ്ങള്‍ ചുരുക്കിയാണ് സദ്യ ഒരുക്കിയിരുന്നത്. ഇത്തവണ ചട്ടങ്ങള്‍ മാറിയപ്പോള്‍ ജനപങ്കാളിത്തത്തോടെയാണ് സദ്യ ഒരുക്കിയത്.

കാവിന്റെ പച്ചമേലാപ്പില്‍ കുരുത്തോലയും ചെമ്പരത്തിയും വെള്ളിലയും ഹനുമാന്‍കിരീടത്തിന്‍ പൂക്കളും അലങ്കാരങ്ങളായി ഒരുക്കിയിരുന്നു. കാവിനടുത്ത റോഡുവക്കില്‍ ഡെസ്‌കുകളും കസേരകളും നിരത്തിയാണ് സദ്യ വിളമ്പിയത്.

കുട്ടികള്‍ ഘോഷയാത്രയായി വന്നതോടെ മാണിക്കമ്മയും മുന്നിലെത്തി ചക്ക, മാങ്ങ, വത്തക്ക, പേരയ്ക്ക, സീതപ്പഴം, ഉറുമാമ്പഴം, പപ്പായ, കൈതച്ചക്ക, വാഴപ്പഴം, തക്കാളി, കാരറ്റ്, ബീറ്റ്‌റൂട്ട്, വെള്ളരി, കക്കിരി, മത്തന്‍ എന്നീ പതിനഞ്ച് വിഭവങ്ങളായിരുന്നു പതിനഞ്ചാമത്തെ സദ്യയില്‍ നിരന്നത്. മാണിക്കമ്മ ഉപ്പുചേര്‍ക്കാത്ത ചോറുവിളമ്പി 'പപ്പീ ....' എന്ന് നീട്ടിവിളിച്ചതോടെ വാനരപ്പട അത്യാര്‍ത്തിയോടെ ശാപ്പാട് തുടങ്ങി.

വിഭവങ്ങളില്‍ ഏറ്റവും പ്രിയം ചക്കയ്ക്കും ബീറ്റ്‌റൂട്ടിനുമായിരുന്നു. വമ്പന്‍മാരായ കുരങ്ങുകള്‍ കൂടുതല്‍ വിഭവങ്ങള്‍ വാരിവലിച്ച് അകത്താക്കി ദുര്‍ബലരെ ഓടിച്ചുവിട്ടു.