വടുവന്‍ചാല്‍ :'പല്ലു പോവും, ആരോഗ്യത്തിനും നന്നല്ല' -ചോക്ലേറ്റിന് വാശിപിടിക്കുന്ന മക്കളെ വിലക്കാന്‍ മാതാപിതാക്കള്‍ എപ്പോഴും ആവര്‍ത്തിക്കുന്ന വാക്കുകള്‍. അമ്മമാരുടെ ഈ ആവലാതി തന്നെയാണ് ഗള്‍ഫിലെ ആരോഗ്യമേഖലയിലെ ഉയര്‍ന്ന ശമ്പളമുള്ള ജോലിവിട്ട് ചോക്ലേറ്റ് സംരംഭകയാക്കാന്‍ ആരിഫ മേനകത്തിനെയും പ്രേരിപ്പിച്ചത്. ഹില്‍വ എന്ന ബ്രാന്‍ഡില്‍ താന്‍ പുറത്തിറക്കുന്ന ചോക്ലേറ്റുകള്‍ കാണിച്ച് ആത്മവിശ്വാസത്തോടെ ആരിഫ പറയും - ''ദൈവത്തിന്റെ പാനീയമാണ് ചോക്ലേറ്റ്, അതു എല്ലാവരും കഴിക്കണം''.

To advertise here,

കര്‍ഷകരില്‍നിന്ന് സംഭരിക്കുന്ന കൊക്കോ ബീനുകള്‍ ആരിഫയുടെ ഹില്‍വബ്രാന്‍ഡിലൂടെ ചോക്ലേറ്റുകളായി മാറുന്നു. ഇന്ത്യയില്‍ത്തന്നെ കൊക്കോ ബീനില്‍നിന്ന് നേരിട്ട് ചോക്ലേറ്റുകള്‍ നിര്‍മിക്കുന്ന 30 താഴെ ബ്രാന്‍ഡുകളേയുള്ളൂ. അതില്‍ കേരളത്തില്‍ ഏഴു ബ്രാന്‍ഡുകളേയുള്ളൂ - അവരില്‍ ശാസ്ത്രീയമായി ചോക്ലേറ്റ്നിര്‍മിക്കുന്ന സംരംഭമാണ് ആരിഫയുടെ ഹില്‍വ ബ്രാന്‍ഡ്. വയനാടന്‍ കൊക്കോയുടെ രുചിയറിഞ്ഞ് പ്രിസര്‍വേറ്റീവ്‌സ് ഇല്ലാത്ത അസല്‍ ചോക്ലേറ്റ് രുചിക്കാം.ഗള്‍ഫില്‍ ജോലിചെയ്യുമ്പോള്‍ തദ്ദേശീയരായ അറബികള്‍ സമ്മാനിച്ച ചോക്ലെറ്റുകളുടെ വ്യത്യസ്തമായ രുചിയാണ് ആരിഫയെ ഈ മേഖലയിലേക്ക് എത്തിച്ചത്. നല്ല ചോക്ലേറ്റ് തേടിയുള്ള യാത്രയ്ക്കായി ഇന്ത്യയിലും വിദേശത്തുമുള്ള ഒട്ടേറെ ചോക്ലേറ്റ്ഫാക്ടറികളും നിര്‍മാണയൂണിറ്റുകളും കര്‍ഷകസംരംഭകരെയും കാര്‍ഷിക സര്‍വകലാശാലകളുമൊക്കെ ആരിഫ സന്ദര്‍ശിച്ചു. ഏറെ പഠിച്ച്, ഏറെ രുചിച്ച് ആരിഫ സ്വന്തമായി തയ്യാറാക്കുന്ന ചോക്ലേറ്റുകളാണ് ഹില്‍വ.

വയനാട്, കോഴിക്കോടിന്റെ മലയോരമേഖലകള്‍, കണ്ണൂര്‍ ആറളംഫാം തുടങ്ങി തദ്ദേശീയമായി കര്‍ഷകരില്‍നിന്ന് ശേഖരിക്കുന്ന കോക്കോബീന്‍സ് തന്നെയാണ് ഹില്‍വയുടെ മൂല്യമുയര്‍ത്തുന്നത്. ഓരോ മണ്ണിലും വിളയുന്ന കൊക്കോയുടെ രുചി വേറിട്ടതാണ്. വയനാട്ടില്‍ കൊക്കോ ബട്ടറിന്റെ അളവുകൂടും, കയ്പുരുചി കൂടും. മറ്റു മലയോരങ്ങളില്‍ അത്രകണ്ട് കാണില്ല. ഒപ്പമുള്ള വിളകള്‍ പഴങ്ങളോ നട്‌സോ ആണെങ്കില്‍ അതിന്റെ ചേരുവ കൊക്കോയ്ക്കും വരും. ഇതൊക്കെ വാങ്ങിവേണം ഉണ്ടാക്കാന്‍ - ആരിഫ പറയുന്നു.

കര്‍ഷകരില്‍നിന്ന് സംഭരിക്കുന്ന കൊക്കോ സംസ്‌കരിച്ച് ചോക്ലേറ്റാക്കുന്നത് തോമാട്ടുചാലിലെ ഹില്‍വയുടെ യൂണിറ്റില്‍നിന്നുതന്നെയാണ്. 12 ഫ്‌ലേവറുകളില്‍ ആരിഫയുടെ ചോക്ലേറ്റുകള്‍ രുചിക്കാം. -മില്‍ക്ക് ചോക്ലേറ്റ്,, 60, 70 ശതമാനം ഡാര്‍ക്ക് ചോക്ലേറ്റ്എന്നിവയ്ക്ക് പുറമേ തേനും നായ്ക്കുരണപരിപ്പും മുളകും നട്‌സും റോസിതളും കോഫിയുമെല്ലാം ചേര്‍ത്ത വ്യത്യസ്തതരം ചോക്ലേറ്റുകളുണ്ട്.

വയനാട്ടിലെ പ്രീമിയം കോഫിഷോപ്പുകളിലും ഹില്‍വയുടെ സ്വന്തം ഔട്ട്ലെറ്റുകളുംവഴിയാണ് പ്രധാനവില്‍പ്പന. അത്യാവശ്യക്കാര്‍ക്ക് https://hillwa.in/ എന്ന ഓണ്‍ലൈന്‍ വഴിയും വാങ്ങാം.ആരിഫയുടെ വലംകൈയായുള്ള മകന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായ ബിന്യാമിന്‍ അബൂബക്കര്‍ ബിന്‍ യൂസഫാണ് ഹില്‍വയുടെ പുതിയ ചേരുവകള്‍ തേടുന്നതും ഓണ്‍ലൈന്‍ വ്യാപാരം നിയന്ത്രിക്കുന്നതും. മകള്‍ വദൂദ ബിന്‍ത്ത് യൂസഫും ചോക്ലേറ്റ് നുണഞ്ഞ് ഒപ്പമുണ്ട്.