പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണമെന്ന നിലയില്‍ മുട്ടയ്ക്ക് ഡയറ്റില്‍ വലിയ പ്രാധാന്യമുണ്ട്. ആരോഗ്യകരമായ ഭക്ഷണമെന്ന് നിലയില്‍ മുട്ട കഴിക്കാന്‍ ആളുകള്‍ ഇഷ്ടപ്പെടുന്നുവെങ്കിലും മുട്ടയുടെ മഞ്ഞക്കരു കഴിക്കാന്‍ മടി കാണിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. മുട്ടയുടെ വെള്ള കഴിക്കുന്നതുകൊണ്ട് നിരവധി ഗുണങ്ങളാണുള്ളത്. 

To advertise here,

ഒരു മുട്ടയുടെ വെള്ളയില്‍ 3.6 ഗ്രാം പ്രോട്ടീനുണ്ട് കൂടാതെ കലോറിയും കുറവാണ്. കാര്‍ബോഹൈഡ്രേറ്റ് ഇല്ലാത്ത ഭക്ഷണം കൂടിയാണ്. ശരീരത്തിന് ആവശ്യമായ ഒമ്പത് അമിനോ ആസിഡുകള്‍ മുട്ടയിലുണ്ട്. മുട്ടയുടെ വെള്ളയില്‍ കൊഴുപ്പും കൊളസ്‌ട്രോളും അടങ്ങിയിട്ടില്ല. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്ന് പ്ലോസ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു.

തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ കോളിന്‍ എന്ന പോഷകം മുട്ടയിലുണ്ട്. ഇത് നാഡികളുടെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുന്നു. കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും കോളിന്‍ ഗുണം ചെയ്യും.

മുട്ടയില്‍ ഫോളേറ്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് ഗുണം ചെയ്യും. ഗര്‍ഭസ്ഥശിശുവിന്റെ വികാസത്തിനും വളര്‍ച്ചയ്ക്കും ഈ പോഷകം പ്രധാനമായതിനാല്‍ ഗര്‍ഭിണികള്‍ക്ക് നല്ല ഭക്ഷണമാണ് മുട്ട.

മുട്ടയുടെ വെള്ളയില്‍ പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം ശക്തിപ്പെടുത്താന്‍ ഗുണം ചെയ്യും. ഒരു ദിവസം രണ്ട് മുട്ടയുടെ വെള്ള കഴിക്കുന്നത് ആരോഗ്യകരമാണെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ വ്യക്തമാക്കുന്നുണ്ട്. ശരിയായ രീതിയില്‍ പാകം ചെയ്തു വേണം മുട്ടയുടെ വെള്ള കഴിയ്ക്കാനെന്നതും ശ്രദ്ധിക്കണം.

ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ മുട്ടയുടെ വെള്ള പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വലിയ രീതിയില്‍ ഗുണം ചെയ്യും. എങ്കിലും മുട്ട മഞ്ഞക്കരുവിനോടൊപ്പം കഴിക്കുമ്പോളാണ് ശരീരത്തിന് കൂടുതല്‍ പോഷകങ്ങള്‍ ലഭിക്കുന്നത്. മുട്ടയുടെ മഞ്ഞ ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ്. ഇത് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.

(ശ്രദ്ധിക്കുക : ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)