ഭക്ഷണശീലങ്ങളുടെ കാര്യത്തിൽ വ്യത്യസ്ത താൽപര്യങ്ങൾ പുലർത്തുന്നവരാണ് എല്ലാവരും. ചിലർക്ക് എരിവും പുളിയും ഉള്ള ഭക്ഷണങ്ങളോടാണ് ഇഷ്ടമെങ്കിൽ മറ്റുചിലർക്ക് ഉപ്പും മധുരവുമൊക്കെയാകും പ്രിയം. പുറത്തുനിന്നുള്ള ഭക്ഷണങ്ങളോട് അമിതാസക്തി ഉള്ളവരുമുണ്ട്. ഇത് വരുത്തിവെക്കുന്ന ആരോ​ഗ്യപ്രശ്നങ്ങളും നിരവധിയാണ്. എന്നാൽ ആരോ​ഗ്യകരമായ ഭക്ഷണരീതി പിന്തുടരാൻ ഇനിയും വൈകിയിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് പുതിയൊരു പഠനം. ഭക്ഷണരീതിയിൽ ആരോ​ഗ്യകരമായ മാറ്റംവരുത്തി ആയുസ്സ് വർധിപ്പിക്കാമെന്നാണ് പഠനത്തിൽ പറയുന്നത്. 

To advertise here,

നേച്വർ മെഡിസിൻ എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഹാർവാർഡ് സർവകലാശാലയിൽ നിന്നുള്ള ​ഗവേഷകരാണ് പഠനത്തിന് പിന്നിൽ. നിങ്ങൾ നാൽപതുകളിലോ, അമ്പതുകളിലോ ആണെങ്കിൽപ്പോലും ഭക്ഷണത്തിൽ ആരോ​ഗ്യകരമായവ ഉൾപ്പെടുത്തുന്നത് ആയുർദൈർഘ്യം കൂട്ടുമെന്നാണ് പഠനത്തിലുള്ളത്. മുപ്പത്തിയൊമ്പതിനും അറുപത്തിയൊമ്പതിനും പ്രായമുള്ള 105,000-ത്തിൽപ്പരം ആളുകളെ മുപ്പതുവർഷത്തോളം നിരീക്ഷിച്ചാണ് വിലയിരുത്തലിലെത്തിയത്. മധ്യവയസ്സിൽപ്പോലും ഭക്ഷണരീതിയിൽ വരുത്തുന്ന മാറ്റങ്ങൾ ആരോ​ഗ്യത്തെ കാര്യമായി ബാധിക്കുമെന്ന് പഠനത്തിൽ വ്യക്തമായി. 

സ്ഥായിയായതും സന്തുലിതവുമായ ഭക്ഷണക്രമം പിന്തുടരുന്നതാണ് ആയുർദൈർഘ്യം വർധിപ്പിക്കുക എന്ന് പഠനത്തിൽ പറയുന്നു. ധാരാളം പഴങ്ങളും പച്ചക്കറികളും പയർവർ​ഗങ്ങളും ധാന്യങ്ങളും നട്സും കൊഴുപ്പ് കുറഞ്ഞതുമായ ആഹാരരീതിയാണ് ഇതിനുത്തമം എന്നാണ് ​ഗവേഷകർ പറയുന്നത്. ഇതോടൊപ്പം തന്നെ മധുര പാനീയങ്ങളും സംസ്കരിച്ച മാംസവും ട്രാൻസ്ഫാറ്റുകളും സോഡിയവും റെഡ് മീറ്റുമൊക്കെ പരമാവധി പരിമിതപ്പെടുത്തണമെന്നും പറയുന്നുണ്ട്. 

പലരും നാൽപതുകളിലും അമ്പതുകളിലുമെത്തുമ്പോൾ ഇനി മാറ്റം വരുത്തുന്നതിൽ അർഥമില്ലെന്നും ഏറെ വൈകിയെന്നുമൊക്കെ കരുതുന്നുവരാണ്. എന്നാൽ അവർക്കും പ്രത്യാശ പകരുന്നതാണ് ഈ ​ഗവേഷണം. നാൽപതുകളിലും അമ്പതുകളിലും ആരോ​ഗ്യകരമായ ഭക്ഷണശീലങ്ങളിലേക്ക് പോകുന്നത് അസുഖങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുകയും മാനസികാരോ​ഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് പഠനത്തിലുണ്ട്. 

ആരോ​ഗ്യകരമായ ജീവിതത്തിന് ഐ.സി.എം.ആർ ആഹാരക്രമത്തിൽ നിർദേശിക്കുന്ന 17 മാറ്റങ്ങൾ

  • സമീകൃതാഹാരം ഉറപ്പിക്കാൻ വ്യത്യസ്തമായ ഭക്ഷണങ്ങൾ കഴിക്കുക.
  • ഗർഭിണികൾ, പുതിയ അമ്മമാർ എന്നിവർക്ക് ഭക്ഷണവും കരുതലും കൂടുതൽ ലഭ്യമാക്കണം. 
  • പ്രസവശേഷമുള്ള ആദ്യ ആറുമാസക്കാലത്തെ മുലയൂട്ടലിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഉറപ്പാക്കുക, രണ്ടുവയസ്സുവരെ മുലയൂട്ടൽ തുടരുക. 
  • ആറുമാസം കഴിഞ്ഞാൽ വീട്ടിൽ തയ്യാറാക്കിയ അർധ ഖരരൂപത്തിലുള്ള പൂരകാഹാരങ്ങൾ നൽകാം.
  • ആരോ​ഗ്യം കാക്കാൻ പ്രാപ്തമായ ആ​ഹാരക്രമം കുട്ടികൾക്കും കൗമാരക്കാർക്കും ഉറപ്പാക്കുക.
  • ധാരാളം പച്ചക്കറികളും പയർവർ​ഗങ്ങളും കഴിക്കുക.
  • എണ്ണയും കൊഴുപ്പം മിതമാക്കുക, ദിവസവും ലഭിക്കേണ്ട കൊഴുപ്പ്, ഫാറ്റി ആസിഡുകൾ എന്നിവ നേടുന്നതിനായി നട്സും മറ്റും ശീലമാക്കുക. 
  • നല്ല പ്രോട്ടീനുകളും അവശ്യ അമിനോ ആസിഡുകളും ലഭ്യമാക്കുകയും പേശികളുടെ കരുത്ത് വർധിപ്പിക്കാനായി പ്രോട്ടീൻ സപ്ലിമെന്റുകളും ഉപയോ​ഗിക്കാതിരിക്കുകയും ചെയ്യുക. 
  • അടിവയറിലെ വണ്ണവും അമിതവണ്ണവുമെല്ലാം പ്രതിരോധിക്കാൻ ആരോ​ഗ്യകരമായ ജീവിതശൈലി തിരഞ്ഞെടുക്കുക.
  • ശാരീരിക പ്രവർത്തനങ്ങളിൽ സജീവമാവുക, ​ദിനവും വ്യായാമം ചെയ്യുക. 
  • ഉപ്പിന്റെ ഉപയോ​ഗം പരിമിതപ്പെടുത്തുക.
  • സുരക്ഷിതവും ശുചിത്വവുമാർന്ന ഭക്ഷണം ശീലമാക്കുക. 
  • ഉചിതമായ പാചകരീതികൾ ഉറപ്പാക്കുക.
  • ധാരാളം വെള്ളം കുടിക്കുക.
  • സംസ്കരിച്ച ഭക്ഷണങ്ങൾ, അമിതമായി കൊഴുപ്പും മധുരവും ഉപ്പുമുള്ള ഭക്ഷണങ്ങൾ എന്നിവ പരിമിതപ്പെടുത്തുക. 
  • പ്രായമായവരുടെ ആ​​ഹാരശീലങ്ങളിൽ പോഷകസമ്പന്നമായവക്ക് പ്രാധാന്യം നൽകുക.
  • ഭക്ഷണങ്ങളുടെ ലേബലുകളും അതുസംബന്ധിച്ച വിവരങ്ങളും വായിച്ച് മനസിലാക്കി പ്രവർത്തിക്കുക