ഭക്ഷണശീലങ്ങളുടെ കാര്യത്തിൽ വ്യത്യസ്ത താൽപര്യങ്ങൾ പുലർത്തുന്നവരാണ് എല്ലാവരും. ചിലർക്ക് എരിവും പുളിയും ഉള്ള ഭക്ഷണങ്ങളോടാണ് ഇഷ്ടമെങ്കിൽ മറ്റുചിലർക്ക് ഉപ്പും മധുരവുമൊക്കെയാകും പ്രിയം. പുറത്തുനിന്നുള്ള ഭക്ഷണങ്ങളോട് അമിതാസക്തി ഉള്ളവരുമുണ്ട്. ഇത് വരുത്തിവെക്കുന്ന ആരോഗ്യപ്രശ്നങ്ങളും നിരവധിയാണ്. എന്നാൽ ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരാൻ ഇനിയും വൈകിയിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് പുതിയൊരു പഠനം. ഭക്ഷണരീതിയിൽ ആരോഗ്യകരമായ മാറ്റംവരുത്തി ആയുസ്സ് വർധിപ്പിക്കാമെന്നാണ് പഠനത്തിൽ പറയുന്നത്.
നേച്വർ മെഡിസിൻ എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഹാർവാർഡ് സർവകലാശാലയിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിന് പിന്നിൽ. നിങ്ങൾ നാൽപതുകളിലോ, അമ്പതുകളിലോ ആണെങ്കിൽപ്പോലും ഭക്ഷണത്തിൽ ആരോഗ്യകരമായവ ഉൾപ്പെടുത്തുന്നത് ആയുർദൈർഘ്യം കൂട്ടുമെന്നാണ് പഠനത്തിലുള്ളത്. മുപ്പത്തിയൊമ്പതിനും അറുപത്തിയൊമ്പതിനും പ്രായമുള്ള 105,000-ത്തിൽപ്പരം ആളുകളെ മുപ്പതുവർഷത്തോളം നിരീക്ഷിച്ചാണ് വിലയിരുത്തലിലെത്തിയത്. മധ്യവയസ്സിൽപ്പോലും ഭക്ഷണരീതിയിൽ വരുത്തുന്ന മാറ്റങ്ങൾ ആരോഗ്യത്തെ കാര്യമായി ബാധിക്കുമെന്ന് പഠനത്തിൽ വ്യക്തമായി.
സ്ഥായിയായതും സന്തുലിതവുമായ ഭക്ഷണക്രമം പിന്തുടരുന്നതാണ് ആയുർദൈർഘ്യം വർധിപ്പിക്കുക എന്ന് പഠനത്തിൽ പറയുന്നു. ധാരാളം പഴങ്ങളും പച്ചക്കറികളും പയർവർഗങ്ങളും ധാന്യങ്ങളും നട്സും കൊഴുപ്പ് കുറഞ്ഞതുമായ ആഹാരരീതിയാണ് ഇതിനുത്തമം എന്നാണ് ഗവേഷകർ പറയുന്നത്. ഇതോടൊപ്പം തന്നെ മധുര പാനീയങ്ങളും സംസ്കരിച്ച മാംസവും ട്രാൻസ്ഫാറ്റുകളും സോഡിയവും റെഡ് മീറ്റുമൊക്കെ പരമാവധി പരിമിതപ്പെടുത്തണമെന്നും പറയുന്നുണ്ട്.
പലരും നാൽപതുകളിലും അമ്പതുകളിലുമെത്തുമ്പോൾ ഇനി മാറ്റം വരുത്തുന്നതിൽ അർഥമില്ലെന്നും ഏറെ വൈകിയെന്നുമൊക്കെ കരുതുന്നുവരാണ്. എന്നാൽ അവർക്കും പ്രത്യാശ പകരുന്നതാണ് ഈ ഗവേഷണം. നാൽപതുകളിലും അമ്പതുകളിലും ആരോഗ്യകരമായ ഭക്ഷണശീലങ്ങളിലേക്ക് പോകുന്നത് അസുഖങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുകയും മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് പഠനത്തിലുണ്ട്.
ആരോഗ്യകരമായ ജീവിതത്തിന് ഐ.സി.എം.ആർ ആഹാരക്രമത്തിൽ നിർദേശിക്കുന്ന 17 മാറ്റങ്ങൾ
- സമീകൃതാഹാരം ഉറപ്പിക്കാൻ വ്യത്യസ്തമായ ഭക്ഷണങ്ങൾ കഴിക്കുക.
- ഗർഭിണികൾ, പുതിയ അമ്മമാർ എന്നിവർക്ക് ഭക്ഷണവും കരുതലും കൂടുതൽ ലഭ്യമാക്കണം.
- പ്രസവശേഷമുള്ള ആദ്യ ആറുമാസക്കാലത്തെ മുലയൂട്ടലിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഉറപ്പാക്കുക, രണ്ടുവയസ്സുവരെ മുലയൂട്ടൽ തുടരുക.
- ആറുമാസം കഴിഞ്ഞാൽ വീട്ടിൽ തയ്യാറാക്കിയ അർധ ഖരരൂപത്തിലുള്ള പൂരകാഹാരങ്ങൾ നൽകാം.
- ആരോഗ്യം കാക്കാൻ പ്രാപ്തമായ ആഹാരക്രമം കുട്ടികൾക്കും കൗമാരക്കാർക്കും ഉറപ്പാക്കുക.
- ധാരാളം പച്ചക്കറികളും പയർവർഗങ്ങളും കഴിക്കുക.
- എണ്ണയും കൊഴുപ്പം മിതമാക്കുക, ദിവസവും ലഭിക്കേണ്ട കൊഴുപ്പ്, ഫാറ്റി ആസിഡുകൾ എന്നിവ നേടുന്നതിനായി നട്സും മറ്റും ശീലമാക്കുക.
- നല്ല പ്രോട്ടീനുകളും അവശ്യ അമിനോ ആസിഡുകളും ലഭ്യമാക്കുകയും പേശികളുടെ കരുത്ത് വർധിപ്പിക്കാനായി പ്രോട്ടീൻ സപ്ലിമെന്റുകളും ഉപയോഗിക്കാതിരിക്കുകയും ചെയ്യുക.
- അടിവയറിലെ വണ്ണവും അമിതവണ്ണവുമെല്ലാം പ്രതിരോധിക്കാൻ ആരോഗ്യകരമായ ജീവിതശൈലി തിരഞ്ഞെടുക്കുക.
- ശാരീരിക പ്രവർത്തനങ്ങളിൽ സജീവമാവുക, ദിനവും വ്യായാമം ചെയ്യുക.
- ഉപ്പിന്റെ ഉപയോഗം പരിമിതപ്പെടുത്തുക.
- സുരക്ഷിതവും ശുചിത്വവുമാർന്ന ഭക്ഷണം ശീലമാക്കുക.
- ഉചിതമായ പാചകരീതികൾ ഉറപ്പാക്കുക.
- ധാരാളം വെള്ളം കുടിക്കുക.
- സംസ്കരിച്ച ഭക്ഷണങ്ങൾ, അമിതമായി കൊഴുപ്പും മധുരവും ഉപ്പുമുള്ള ഭക്ഷണങ്ങൾ എന്നിവ പരിമിതപ്പെടുത്തുക.
- പ്രായമായവരുടെ ആഹാരശീലങ്ങളിൽ പോഷകസമ്പന്നമായവക്ക് പ്രാധാന്യം നൽകുക.
- ഭക്ഷണങ്ങളുടെ ലേബലുകളും അതുസംബന്ധിച്ച വിവരങ്ങളും വായിച്ച് മനസിലാക്കി പ്രവർത്തിക്കുക
Content Highlights: Harvard study reveals how healthy eating habits,can significantly increase lifespan
Published: 09 Jul 2025, 09:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented