ദക്ഷിണേന്ത്യന്‍ ഭക്ഷണങ്ങളോട് പൊതുവേ ആളുകള്‍ക്ക് ഇഷ്ടമാണ്. ആവിയില്‍ വേവിച്ചെടുക്കുന്ന ഇഡ്ഡലിയും എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാവുന്ന ദോശയുമെല്ലാം ഇതില്‍ പ്രധാനപ്പെട്ടവയാണ്. പ്രഭാതഭക്ഷണമായി ഇഡ്ഡലിയും സാമ്പാറും ദോശയും ചട്ണിയുമെല്ലാം പതിവാണ്.ഇത്തരത്തില്‍ ഇഡ്ഡലിയുണ്ടാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. 

To advertise here,

ഇഡ്ഡലിയുണ്ടാക്കുന്നത് അത്ര വലിയ സംഭവമാണോയെന്ന് നമ്മള്‍ വിചാരിക്കും. എന്നാല്‍ ഈ വഴിയോരക്കച്ചവടക്കാരന്‍ ഇഡ്ഡലിയുണ്ടാക്കുന്നത് ഒന്നുനോക്കി നിന്നുപോകും. മഹാരാഷ്ട്രയില്‍ നിന്നുള്ള ഫുഡ് വ്ളോ​ഗറാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ വളരെ വേഗത്തിലാണ് വൈറലായി മാറിയത്. 

തുണി വിരിച്ച ഇഡ്ഡലിതട്ടിലേക്ക് വളരെ വേഗത്തില്‍ ഇഡ്ഡലിയുടെ മാവോഴിക്കുന്നതാണ് വീഡിയോയിലുള്ളത്. പറയുന്നതുപോലെ എളുപ്പമല്ല അദ്ദേഹം ചെയ്യുന്ന പണി. വലിയ ഇഡ്ഡലിത്തട്ട് കൈവഴക്കത്തോടെ കറക്കിയാണ് അദ്ദേഹം അതിലേയ്ക്ക് മാവൊഴിക്കുന്നത്.

വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് കമന്റുമായെത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ കഴിവിനെ അഭിനന്ദിച്ചുകൊണ്ട് നിരവധിപ്പേര്‍ കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ചിലര്‍ അദ്ദേഹത്തിന്റെ കൈയ്യിലെ കൈയ്യുറയെപ്പറ്റിയാണ് പറയുന്നത്. രണ്ടുകൈകളിലും കൈയ്യുറ ധരിച്ചാല്‍ നന്നായിരിക്കും, കൈയ്യുറകൂടി ഉണ്ടായിരുന്നെങ്കില്‍ എന്നിങ്ങനെയാണ് കമന്റുകള്‍ വന്നിരിക്കുന്നത്.