ന്യൂഡൽഹി: നവരാത്രി വ്രതത്തിനിടെ വെജിറ്റേറിയൻ എന്ന് രേഖപ്പെടുത്തിയ ബോക്സിൽ നോൺ-വെജിറ്റേറിയൻ ബർഗർ നൽകിയ സംഭവത്തിൽ പ്രമുഖ ഫാസ്റ്റ് ഫുഡ് ശൃംഖലയായ ഡോമിനോസിന് കനത്ത പിഴ. ഹരിയാണയിലെ സോനിപത് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് ഡോമിനോസിനോട് വിദ്യാർത്ഥിക്ക് 25,500 രൂപ നഷ്ടപരിഹാരവും ബർഗറിന്റെ വിലയായ 397 രൂപ തിരികെ നൽകാനും ഉത്തരവിട്ടത്. ഹരിയാണ ഒ.പി. ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയായ ഉദയ് ജാഖറിന്റെ പരാതിയിലാണ് വിധി.

To advertise here,

നവരാത്രി വ്രതത്തിന്റെ അവസാന ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. താൻ വെജിറ്റേറിയൻ ആണെന്നും ഓർഡർ ചെയ്ത് ലഭിച്ച വെജിറ്റേറിയൻ ബോക്സിലെ ബർഗറിന്റെ ഒരു കഷ്ണം കഴിച്ചപ്പോഴാണ് അതിൽ ചിക്കൻ അടങ്ങിയിട്ടുണ്ടെന്ന് മനസ്സിലായതെന്നും വിദ്യാർഥി പരാതിയിൽ പറയുന്നു. 

ഔട്ട്‌ലെറ്റിന്റെ വിശദീകരണവും കോടതി നിരീക്ഷണവും

നോൺ-വെജിറ്റേറിയൻ പാക്കിങ് കവറുകളുടെ ക്ഷാമം കാരണമാണ് വെജിറ്റേറിയൻ ബോക്സിൽ നോൺ-വെജ് ബർഗർ നൽകേണ്ടി വന്നതെന്നായിരുന്നു ഔട്ട്ലെറ്റിലെ ജീവനക്കാരുടെ വിശദീകരണം. എന്നാൽ ഇത് സേവനത്തിലെ വീഴ്ചയാണെന്ന് ഉപഭോക്തൃ കമ്മീഷൻ നിരീക്ഷിച്ചു.

സുഹൃത്താണ് ഓൺലൈനായി ഓർഡർ നൽകിയതെന്നതിനാൽ പരാതിക്കാരൻ ഉപഭോക്താവിന്റെ പരിധിയിൽ വരുമോ എന്ന നിയമപരമായ ചോദ്യം ഉയർന്നിരുന്നു. എന്നാൽ ഓർഡർ ചെയ്തത് സുഹൃത്താണെങ്കിലും ഭക്ഷണം കഴിച്ച വ്യക്തി എന്ന നിലയിൽ പരാതിക്കാരൻ നിയമപ്രകാരം ഉപഭോക്താവിന്റെ പരിധിയിൽ തന്നെ വരുമെന്ന് കോടതി വ്യക്തത വരുത്തി.

കേസിൽ വിദ്യാർത്ഥിക്ക് അനുകൂലമായി വിധി പ്രസ്താവിച്ചെങ്കിലും, ബെഞ്ച് അധ്യക്ഷൻ വിജയ് സിങ്, അംഗങ്ങളായ ശ്യാം ലാൽ, ദീപ ജെയിൻ എന്നിവരടങ്ങിയ കമ്മീഷൻ ഉപഭോക്താക്കൾക്കായി സുപ്രധാന നിരീക്ഷണവും നടത്തി.

‘വെജിറ്റേറിയൻ ശീലമുള്ളവരും നോൺ-വെജ് ഭക്ഷണം കഴിക്കുന്നത് മതവിശ്വാസങ്ങളെ ബാധിക്കുമെന്ന് കരുതുന്നവരും നോൺ-വെജ് വിഭവങ്ങൾ കൂടി പാകം ചെയ്ത് വിൽക്കുന്ന ഇത്തരം ഔട്ട്‌ലെറ്റുകളിൽ നിന്ന് ഓർഡർ ചെയ്യുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്. കൂടാതെ, ഭക്ഷണം കഴിക്കുന്നതിന് മുൻപ് അത് വെജിറ്റേറിയൻ തന്നെയെന്ന് ഉറപ്പുവരുത്താൻ ഉപഭോക്താക്കൾക്കും ഉത്തരവാദിത്തമുണ്ട്’- കോടതി പറഞ്ഞു.