ന്യൂഡൽഹി: വിപണിയിൽ 20 രൂപ വിലയുള്ള വെള്ളക്കുപ്പി 100 രൂപയ്ക്ക് വിൽക്കുന്നതിനുപുറമേ സർവീസ് ചാർജുകൂടി റസ്റ്ററന്റുകളിൽ ഈടാക്കുന്നത് ചോദ്യംചെയ്ത് ഡൽഹി ഹൈക്കോടതി. റസ്റ്ററന്റുകളിലെ മികച്ച അന്തരീക്ഷവും സൗകര്യങ്ങളും (ആംബിയൻസ്) ചൂണ്ടിക്കാട്ടിയാണ് 80 രൂപ അധികം വാങ്ങുന്നത്. അതിനുശേഷം സർവീസ് ചാർജും ജിഎസ്ടിയുംകൂടി ഈടാക്കുന്നതാണ് ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ചോദ്യംചെയ്തത്.
ഇത്തരത്തിൽ സർവീസ് ചാർജ് ഈടാക്കുന്നത് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിച്ചിരുന്നു. അതിനെതിരേ നാഷണൽ റസ്റ്ററന്റ് അസോസിയേഷൻ ഓഫ് ഇന്ത്യയും ഫെഡറേഷൻ ഓഫ് ഹോട്ടൽസ് ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ഓഫ് ഇന്ത്യയും നൽകിയ അപ്പീലാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
അടിസ്ഥാനവസ്തുക്കൾക്ക് ഇത്രയധികം വില ഈടാക്കിയശേഷം സർവീസ് ചാർജുകൂടി വാങ്ങുന്നതെന്തിനെന്ന് കോടതി ചോദിച്ചു. വെള്ളക്കുപ്പിയുടെ വിലയ്ക്കുപുറമേ 80 രൂപകൂടി ഈടാക്കുന്നത് ആംബിയൻസിനാണെന്ന് എന്തുകൊണ്ട് മെനുവിൽ വ്യക്തമാക്കുന്നില്ല. ആംബിയൻസും സർവീസിന്റെ ഭാഗമാണെന്നിരിക്കേ പരമാവധി വിൽപ്പനവിലയെക്കാൾ (എംആർപി) കൂടുതൽ വാങ്ങുന്നതിനുപുറമേ സർവീസ് ചാർജും ഈടാക്കുന്നതെന്തിനെന്ന് മനസ്സിലാകുന്നില്ലെന്ന് ബെഞ്ച് പറഞ്ഞു.
ജിഎസ്ടി ഈടാക്കുന്നതും കോടതി ചോദ്യംചെയ്തു. ജിഎസ്ടി വകുപ്പിന്റെ അഭിഭാഷകൻ അടുത്ത ദിവസം വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട ഹൈക്കോടതി, കേസ് സെപ്റ്റംബർ 22-ലേക്ക് മാറ്റി. സർവീസ് ചാർജ് ഇഷ്ടമുള്ളവരിൽ നിന്ന് വാങ്ങാമെന്നല്ലാതെ ആരേയും നിർബന്ധിക്കരുതെന്ന് സിംഗിൾബെഞ്ച് വ്യക്തമാക്കിയിരുന്നു.
റസ്റ്ററന്റ് ഉടമകളെ ചോദ്യംചെയ്ത് കോടതി
Content Highlights: delhi high court slams restaurant's high pricing of water bottle
Published: 25 Aug 2025, 07:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented