കോഴിക്കോട്: ഒഴുകിപ്പരന്നുകിടക്കുന്ന മലിനജലം. അതിനോട് ചേർത്തുവെച്ചിരിക്കുന്ന പച്ചക്കറികളും മറ്റ് സാധനങ്ങളും. മൂക്കുപൊത്താതെ ബീച്ചിലെ ഫുഡ് സ്ട്രീറ്റിന് സമീപത്തുനിന്ന് ഭക്ഷണം കഴിക്കാനാവില്ല. ആയിരങ്ങളെത്തുന്ന ബീച്ചിലെ അവസ്ഥയാണിത്.
വൃത്തിയോടെ മനോഹരമായ ചുറ്റുപാടിൽ നല്ലഭക്ഷണം എന്ന ആശയത്തിലാണ് ഫുഡ് സ്ട്രീറ്റ് തുടങ്ങിയതെങ്കിലും ഇപ്പോൾ അത്തരമൊരു കാഴ്ചയേയില്ല.

To advertise here,

90 ഉന്തുവണ്ടികളാണ് ഇവിടെയുള്ളത്. അതിന്റെയൊക്കെ മുൻഭാഗം വൃത്തിയുണ്ട്. എന്നാൽ, പിന്നിൽ ബീച്ച് ഭാഗത്തെ കാഴ്ചയാണ് അസഹനീയം. ഇവിടെ മൂന്നോ നാലോ മലിനജല സംഭരണ ടാങ്കുകളാണുള്ളത്. അത്‌ നിറഞ്ഞുകവിഞ്ഞ് വെള്ളം പുറത്തേക്കൊഴുകുകയാണ്. കോർപ്പറേഷനിൽനിന്നുള്ളവർ എല്ലാദിവസവും അത് നീക്കാത്തതിന്റെ പ്രശ്നമാണെന്ന് കച്ചവടക്കാർ പറഞ്ഞു.

കടകളുടെ പിന്നിൽ വെള്ളം തളംകെട്ടിനിൽക്കുമ്പോൾ അത്‌ ഒഴുക്കിവിടും. ബീച്ചിലെത്തുന്ന സന്ദർശകർക്കുൾപ്പെടെ അത് ബുദ്ധിമുട്ടാണ്. ‘ഭക്ഷണം കഴിക്കാൻ വന്നതല്ല. വെറുതേ ബീച്ചിൽ വന്നതാണ്. എന്നാൽ, ഇതിലൂടെ നടക്കാൻപോലും പറ്റാത്ത സ്ഥിതിയാണ്. ഈ നഗരത്തിന് തന്നെ നാണക്കേടല്ലേ...’ -കൊയിലാണ്ടിയിൽനിന്നെത്തിയ ഷംനയും കൂട്ടുകാരും പറഞ്ഞു.
ബീച്ച് ഫുഡ് സ്ട്രീറ്റിൽ കോർപ്പറേഷൻ ആരോഗ്യവിഭാഗം പരിശോധന നടത്തിയപ്പോൾ വൃത്തിയില്ലാത്ത സാഹചര്യത്തിൽ പ്രവർത്തിച്ച കട അടപ്പിച്ചിരുന്നു. തുരുമ്പെടുത്ത ഫ്രിഡ്ജുകളിലും മറ്റും ഐസും ഭക്ഷണത്തിനുള്ള സാധനങ്ങളും വെക്കുന്നത് ഇപ്പോഴും തുടരുന്നുണ്ട്.

നേരത്തേ ഇതിൽ പലതും എടുത്തുനീക്കിയിരുന്നു. ആരോഗ്യവിഭാഗം പരിശോധിക്കാറുണ്ടെന്നും മലിനജലം നിറഞ്ഞാൽ കച്ചവടക്കാർ പറയുന്നതിനനുസരിച്ച് നീക്കുകയാണ് ചെയ്യുന്നതെന്നും കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഡോ. മുനവർ റഹ്‌മാൻ പറഞ്ഞു. പലപ്പോഴും കൃത്യമായ നടപടിയില്ലാത്തതിന് പിന്നിൽ രാഷ്ട്രീയസമ്മർദമാണെന്ന ആക്ഷേപവുമുണ്ട്.