മിക്ക സ്ത്രീകളിലും അയണിന്റെ അപര്യാപ്തത കണ്ടുവരാറുണ്ട്. അയൺ സപ്ലിമെന്റുകൾ കഴിച്ചിട്ടും അല്ലെങ്കിൽ ഇരുമ്പ് അടങ്ങിയ ഭക്ഷണം കഴിച്ചിട്ടും നിരന്തരമായ ക്ഷീണം, തലവേദന, മുടികൊഴിച്ചിൽ, തലകറക്കം എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ, പ്രശ്‌നം കഴിക്കുന്ന അയണിന്റെ അളവായിരിക്കില്ല, മറിച്ച് ശരീരം അത് എത്രത്തോളം നന്നായി ആഗിരണം ചെയ്യുന്നു എന്നതായിരിക്കാം. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇരുമ്പിന്റെ ആഗിരണം ഗണ്യമായി മെച്ചപ്പെടുത്താൻ കഴിയും.

To advertise here,

PCOS, തൈറോയ്ഡ് പ്രശ്‌നങ്ങൾ, ഇൻസുലിൻ പ്രതിരോധം, കുടലിന്റെ ആരോഗ്യം എന്നിവ ചികിത്സിക്കുന്നതിൽ വൈദഗ്ധ്യം നേടിയ ഫങ്ഷണൽ ന്യൂട്രീഷനിസ്റ്റും ഹോർമോൺ ഹെൽത്ത് സ്‌പെഷ്യലിസ്റ്റുമായ ഷിഖ ഗുപ്ത കശ്യപ് ഇരുമ്പിന്റെ ആഗിരണം വർധിപ്പിക്കാനുള്ള എളുപ്പവഴികൾ നിർദേശിച്ചുകൊണ്ട് സോഷ്യൽമീഡിയയിൽ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഇവർ നിർദേശിച്ച മാർഗങ്ങൾ എന്തുകൊണ്ട് ഫലപ്രദമാകുന്നു എന്നതിനെ കുറിച്ചും അവർ വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്.

മതിയായ അളവിൽ ഇരുമ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും, ശരീരം അത് കാര്യക്ഷമമായി ആഗിരണം ചെയ്യുന്നില്ലെങ്കിൽ ശരീരത്തിനാവശ്യമായ അളവ് കുറവായിരിക്കുമെന്ന് ഷിഖ ചൂണ്ടിക്കാണിക്കുന്നു. 'ക്ഷീണം, മുടികൊഴിച്ചിൽ, തലകറക്കം, ശ്വാസംമുട്ടൽ, പ്രചോദനക്കുറവ് എന്നിവ ഇരുമ്പിന്റെ കഴിക്കുന്നതിലുള്ള കുറവുകൊണ്ട് മാത്രമല്ല, ഇരുമ്പ് കാര്യമായി ആഗിരണം ചെയ്യപ്പെടാത്തതിന്റെ ലക്ഷണങ്ങളാണ്,' അവർ പറയുന്നു.

ഇരുമ്പ് അടങ്ങിയ ഭക്ഷണം അല്ലെങ്കിൽ സപ്ലിമെന്റുകൾ കഴിക്കുമ്പോൾ അതിന്റെ ആഗിരണം വർധിപ്പിക്കാൻ ശ്രദ്ധിക്കേണ്ട മാർഗങ്ങളായി ഷിഖ നിർദേശിക്കുന്ന കാര്യങ്ങളാണ് താഴെ നൽകിയിരിക്കുന്നത്;

വിറ്റാമിൻ സി-യോടൊപ്പം കഴിക്കുക
ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ, പ്രത്യേകിച്ച് സസ്യാധിഷ്ഠിത ഭക്ഷണങ്ങൾ, നാരങ്ങ, നെല്ലിക്ക, ഓറഞ്ച് പോലുള്ള വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങളുമായി ചേർത്തുകഴിക്കുന്നത് ഇരുമ്പ് ആഗിരണം ഗണ്യമായി വർധിപ്പിക്കാൻ സഹായിക്കും.

ചായ കാപ്പി എന്നിവയുടെ ഉപയോഗം
ഇരുമ്പ് അടങ്ങിയ ഭക്ഷണത്തോടൊപ്പം ചായയോ കാപ്പിയോ ഒഴിവാക്കണമെന്ന് ന്യൂട്രീഷനിസ്റ്റ് നിർദേശിക്കുന്നു. കാരണം അവ ഇരുമ്പിന്റെ ആഗിരണത്തെ 60 ശതമാനം വരെ കുറയ്ക്കാൻ സാധ്യതയുണ്ട്. മെച്ചപ്പെട്ട ആഗിരണം ഉറപ്പാക്കാൻ അയണടങ്ങിയ ഭക്ഷണം കഴിക്കുന്നതിന് ഒരു മണിക്കൂർ മുമ്പോ ശേഷമോ ചായയോ കാപ്പിയോ കഴിക്കാതിരിക്കാൻ അവർ നിർദേശിക്കുന്നു.

കാത്സ്യം ഒഴിവാക്കുക
പാൽ, പാലുത്പ്പന്നങ്ങൾ പോലുള്ള കാത്സ്യം അടങ്ങിയ ഭക്ഷണങ്ങൾ ഇരുമ്പടങ്ങിയവയോടൊപ്പം കഴിക്കുന്നത് ഒഴിവാക്കാനും ഡയറ്റീഷ്യൻ ശുപാർശ ചെയ്യുന്നു. കാരണം ഇത് ആഗിരണത്തെ തടയുന്നു.

തൈറോയ്ഡ് മരുന്നും അയൺ ഗുളികകളും ഒപ്പം കഴിക്കുന്നത് കഴിക്കുന്നത് ഒഴിവാക്കാനും നിർദേശമുണ്ട്.

കുടലിന്റെ ആരോഗ്യം
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പ്രധാനമാണ്. കാരണം ഇൻഫ്‌ളമേഷൻ ഇരുമ്പിന്റെ ആഗിരണത്തെ തടയുന്നു.

വയറ്റിലെ അസിഡിറ്റി
ഇരുമ്പ് ആഗിരണത്തിൽ വയറ്റിലെ അസിഡിറ്റി ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അസിഡിറ്റി അളവ് കുറവാണെങ്കിൽ ദഹനം കാര്യക്ഷമമല്ലാതാകുമെന്നും ഇത് ശരീരം ഇരുമ്പിന്റെ ആഗിരണം കുറയ്ക്കുമെന്നും ന്യൂട്രീഷനിസ്റ്റ് പറയുന്നു.

ഇരുമ്പടങ്ങിയ ഭക്ഷണങ്ങൾ
ചീര, ബീറ്റ്‌റൂട്ട്, വൻ പയർ, വെള്ളക്കടല, എള്ള്, മത്തൻ വിത്തുകൾ, ശർക്കര, ഈന്തപ്പഴം, റാഗി എന്നിവയിലും മുട്ട, ചിക്കൻ ലിവർ, റെഡ് മീറ്റ്, മത്സ്യം, ചെമ്മീൻ എന്നിവയിലുമെല്ലാം ഇരുമ്പടങ്ങിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക)