കോട്ടയ്ക്കല്‍ പാടത്ത് ഇല പറിക്കുന്ന മീനുവിനോട് കണ്ടുനിന്നവര്‍ ചോദിച്ചു: 'ഇതെന്താ വല്ല മരുന്നിനുമാണോ?'ബംഗാളിയായ അവര്‍ അറിയാവുന്ന മലയാളത്തില്‍ പറഞ്ഞൊപ്പിച്ചു: ''അല്ല, ഉപ്പേരി വെക്കാനാണ്. ഞങ്ങള്‍ക്കിത് ഷുഷ്നിയാണ്. ഇതുകൊണ്ടുണ്ടാക്കുന്ന ഉപ്പേരിക്ക് സൂപ്പര്‍ ടെയിസ്റ്റാ.

To advertise here,

കോട്ടയ്ക്കലിനടുത്ത് ആട്ടീരിയിലാണ് അതിഥിത്തൊഴിലാളിയും പശ്ചിമബംഗാള്‍ സ്വദേശിനിയുമായ മീനു താമസിക്കുന്നത്. ''ഇടയ്‌ക്കൊക്കെ ഇവിടെവന്ന് ഞങ്ങള്‍ ഇതെടുക്കും.  കാശിന് ചെലവില്ലല്ലോ... പിന്നെ വിഷമടിക്കാത്ത സാധനവുമാണ്' -മീനു പറയുന്നു. 

പശ്ചിമബംഗാളിലേതുപോലെ ഇവിടെയും പാടത്തും ചതുപ്പുനിലങ്ങളിലും ഷുഷ്നി ധാരാളമായുണ്ടെന്നറിഞ്ഞതോടെ ഇതാണിപ്പോള്‍ നാട്ടിലുള്ള ബംഗാളികളുടെ പ്രിയപ്പെട്ട ഇലക്കറികളി ലൊന്ന്. ഉള്ളിചേര്‍ത്ത് വറുത്തെടുത്ത് ഉപ്പേരിയായും പരിപ്പിനോടൊപ്പം ചേര്‍ത്ത് കറിയായുമൊക്കെ പല തരത്തില്‍ ഷുഷ്നിയുടെ രുചി അവര്‍ ആസ്വദിക്കു ന്നു. വല്ലാതെ മൂക്കാത്ത തണ്ടുള്ള ഇലകളാണ് എടുക്കുക. മിക്ക പാടങ്ങളിലും മഴക്കാലമായാല്‍ ഇത് ധാരാളമുണ്ടാകും.

ബംഗാളില്‍ ഷുഷ്നി ഷാക് എന്നറിയപ്പെടുന്ന ഈ ചെടിയുടെ നമ്മുടെ നാട്ടിലെ പേര് നാലിലച്ചീരയാണെന്ന് കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ഔഷധസ സ്യഗവേഷണകേന്ദ്രം സീനിയര്‍ സയന്റിസ്റ്റ് ഡോ. സി.ടി. സുലൈമാന്‍ പറഞ്ഞു. ഇത് ആയുര്‍വേദമരുന്നുകളില്‍ ചേര്‍ക്കുന്നതായോ നമ്മുടെ നാട്ടില്‍ ഭക്ഷണ ത്തിനുപയോഗിക്കുന്നതായോ അറിയില്ല.

ബംഗ്ലാദേശില്‍ ചുമയ്ക്കും ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്കും ഔഷധമായി ഉപയോഗിക്കുന്നുണ്ട്. വൃക്കരോഗങ്ങള്‍ക്ക് ജ്യൂസാക്കി കഴിക്കാറുമുണ്ട്. ബംഗ്ലാദേശിലും ബംഗാള്‍ ഉള്‍പ്പെടെ ഇന്ത്യയുടെ ചില ഭാഗങ്ങളിലുമാണ് ഔഷധോപയോഗം ഉള്ളത്.നാലിലകള്‍ ചേര്‍ന്ന രൂപം തന്നെ ഇതിനു നാലിലയെന്ന പേരുവരാന്‍ കാരണം. മാര്‍സീലിയ ക്രെനേറ്റ എന്നാണ് നാലിലച്ചീരയുടെ ശാസ്ത്രനാമം.