ചീര വീടുകളില്‍ പതിവായി കാണുന്നതാണെങ്കിലും അത് കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമുണ്ടാവില്ല. എന്നാല്‍ ചീരയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളാണുള്ളത്. ചീര ശരീരത്തെ പോഷിപ്പിക്കും. കൂടാതെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യുന്ന വിറ്റാമിനുകളും ധാതുക്കളും നാരുകളും അവയില്‍ അടങ്ങിയിട്ടുണ്ട്. ചീരയുടെ ഗുണങ്ങളറിഞ്ഞിരിക്കാം.

To advertise here,

മഴക്കാലമായതോടെ അസുഖങ്ങള്‍ വരാനുള്ള  സാധ്യത കൂടുതലാണ്. ജലദോഷവും ചുമയും പനിയുമെല്ലാം പിന്നാലെയുണ്ട്. ഇതിനെയെല്ലാം ചെറുക്കാന്‍ രോഗപ്രതിരോധശേഷി കൂട്ടേണ്ടതുണ്ട്. രോഗപ്രതിരോധശേഷി കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ചീര. ചീരയിലെ വിറ്റാമിനുകളായ എ, സി എന്നിവയും മറ്റ് ആന്റിഓക്‌സിഡന്റുകളും രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും.

ചുവപ്പ് നിറത്തിലെ ചീരയില്‍ ആന്തോസയാനിന്‍ എന്ന സംയുക്തം അടങ്ങിയിരിക്കുന്നു. ഇത് വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാന്‍ ശരീരത്തെ പ്രാപ്തമാക്കും. ഇതില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. അതിനാല്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഗുണം ചെയ്യും. അതിനൊപ്പം നൈട്രേറ്റ് ഉള്ളടക്കം ആരോഗ്യകരമായ രക്തയോട്ടം പ്രോത്സാഹിപ്പിക്കുകയും ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുകയും ചെയ്യും.

കുറഞ്ഞ ഗ്ലൈസെമിക് സൂചിക ആയതിനാല്‍ ചീര രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സ്ഥിരപ്പെടുത്താന്‍ ഗുണം ചെയ്യുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. അതിനാല്‍ പ്രമേഹരോഗികള്‍ക്ക് ചീര ധൈര്യമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇരുമ്പിന്റെ അംശവും ചീരയില്‍ ധാരാളം അടങ്ങിയിരിക്കുന്നു. വിളര്‍ച്ചയുള്ളവര്‍ ചീര പതിവായി കഴിക്കുന്നത് നല്ലതാണ്.
 
ചീരയിലുള്ള ല്യൂട്ടിന്‍, സിയാക്സാന്തിന്‍ എന്നിവയുടെ സാന്നിധ്യം കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. ഇതില്‍ സി, കെ തുടങ്ങിയ വിറ്റാമിനുകളും ഇരുമ്പ്, കാത്സ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്താനും ഗുണം ചെയ്യും.

(ശദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)