തുമ്പപ്പൂപോലെയുള്ള ഇഡ്ഡലിയുടെ മുന്നിലിരുന്ന് ലാല്‍കൃഷ്ണ വിരാഡിയാരുടെ രണ്ടാം വരവിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് ഷാജി കൈലാസും എ.കെ. സാജനും. തൊട്ടപ്പുറത്ത് ഇറ്റലിയില്‍നിന്നുള്ള അലി നീയയും കരീബിയന്‍ കൂട്ടുകാരന്‍ റ്റുവാരസും ചന്ദന നിറമുള്ള ഉപ്പുമാവ് ആസ്വദിച്ച് കഴിക്കുന്നു. എം.ടി.യുടെ ജാനകിക്കുട്ടിയെ ഓര്‍മിപ്പിച്ചുകൊണ്ട് ജോമോള്‍ മകള്‍ക്കൊപ്പം വന്ന് തൈരുവട കഴിച്ച് മടങ്ങാനൊരുങ്ങുമ്പോള്‍ നെയ്യില്‍ മൊരിച്ചെടുത്ത ദോശ വാങ്ങാന്‍ തിരക്കേതുമില്ലാതെ വരി നില്‍ക്കുകയാണ് തമിഴ്‌നാട്ടിലെ മുന്‍ വ്യവസായ മന്ത്രി എം.സി. സമ്പത്ത്.

To advertise here,

ആകാശക്കാഴ്ചയില്‍ ഇഡ്ഡലിത്തട്ടുപോലെ തോന്നിക്കുന്ന കലൂര്‍ സ്റ്റേഡിയത്തിന്റെ കിഴക്കുഭാഗത്ത് ഇത്തരം കാഴ്ചകള്‍ വിളമ്പിവയ്ക്കുന്ന ഒരിടമുണ്ട്. വെറും ഇരുപത്തിരണ്ടുവയസ്സുള്ള ഒരു ചെറുപ്പക്കാരന്റെ സ്വപ്നവും സാഹസികതയുമാണത്. അയാളുടെ പേര് അശ്വിന്‍ ദീപക്. ലോകത്തെ ഏറ്റവും മുന്തിയ ഹോസ്പിറ്റാലിറ്റി സ്‌കൂളുകളിലൊന്നില്‍നിന്ന് പഠിച്ചിറങ്ങി, പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ഷെഫ് പദവി വേണ്ടെന്നുറപ്പിച്ച് സ്വന്തം നാട്ടില്‍ ഇഡ്ഡലിയും ദോശയും വില്‍ക്കാനിറങ്ങിയയാള്‍. i Deli Cafe' എന്നെഴുതിയ ഈ രുചിയിടത്തെ നമ്മള്‍ 'ഇഡ്ഡലി കഫേ'യെന്നും അശ്വിന്‍ 'ഐ ഡെലി കഫേ'യെന്നും വിളിക്കും.

പുലരിമുതല്‍ പാതിരാവരെ പ്രാതല്‍ വിഭവങ്ങളുമായി നാവില്‍ നാട്ടുസ്വാദുകള്‍ നിറയ്ക്കുന്ന ഭക്ഷണശാല ഏഴുമാസംകൊണ്ട് കൊച്ചിയുടെ ഈറ്റിങ് ഔട്ട് മെനുവില്‍ മുന്‍നിരയിലെത്തിക്കഴിഞ്ഞു. തുറന്ന അടുക്കളയുടെ മുന്നില്‍ വലിയ ദോശയുടെ ആകൃതിയിലുള്ള തീന്‍മേശകള്‍ക്കരികില്‍നിന്നുകൊണ്ട് കഴിക്കുന്നവരിലൂടെ പുതിയൊരു ട്രെന്‍ഡ് കൂടിയാണ് സൂപ്പര്‍ഹിറ്റായി മാറുന്നത്.

രണ്ടുമാസം കൊണ്ടുണ്ടാക്കിയ പേര്

പാചകത്തില്‍ കമ്പമുള്ള അമ്മ നിഷയ്ക്കായിരുന്നു കൂടുതല്‍ സന്തോഷം. പതിവുരീതികളില്‍നിന്ന് മാറിനടക്കാന്‍ കൊതിക്കുന്ന അശ്വിന്‍ കുഴിമന്തിക്കും ബിരിയാണിക്കും ഫിഷ് കറി മീല്‍സിനും പിറകേ പോകാതെ ഇഡ്ഡലിയും ദോശയും പുട്ടും ഉപ്പുമാവും പഴംപൊരിയുമെല്ലാം വില്‍ക്കാനാണ് ഇറങ്ങി ത്തിരിച്ചത്. അതാകട്ടെ ആളുകള്‍ നിന്നു കൊണ്ട് കഴിക്കണമെന്ന നിര്‍ബന്ധവുമുണ്ടായിരുന്നു. ബെംഗളൂരുവില്‍ ഇത്തരത്തിലു ള്ള കടകള്‍ പലവട്ടം കയറിയിറങ്ങി. അവിടത്തെ രുചികള്‍ പരിചയിച്ചു.

കൃത്യമായ തയ്യാറെടുപ്പുകളോടെ നാട്ടി ലെത്തിയതിന്റെ ഏഴാം മാസം അശ്വിന്‍ കലൂര്‍ സ്റ്റേഡിയത്തില്‍ ഇഡ്ഡലിക്കട തുറന്നു. പേര് കണ്ടെത്താനാണ് ഏറ്റ വും കൂടുതല്‍ സമയം വേണ്ടിവന്നതെന്ന് അശ്വിന്‍. രണ്ടു മാസത്തെ ആലോചനയൊടുവില്‍ ഇന്ത്യന്‍ എന്ന വാക്കിലെ ഐയെ അമേരിക്കയിലെ പ്രശസ്തമായ ഭക്ഷണ ശൃം ഖലയായ ഡെലിക്കൊപ്പം ചേര്‍ത്ത് i Deli' എന്ന വാക്കുണ്ടാക്കി: 'ഐ ഡെലി' എന്നും 'ഇഡ്ഡലി'യെന്നും വായിക്കാവുന്ന അപൂര്‍വ ചേരുവ.


കഞ്ഞിയും കറിയും വെച്ച ബാല്യം

തൊടുപുഴയില്‍ പണ്ട് 'പ്രതിഭ ഹോട്ടല്‍' നടത്തിയിരു ന്നു അശ്വിന്റെ അപ്പുപ്പന്‍ നാരായണന്‍ നായര്‍. അപ്പൂ പൂനെ കണ്ട ഓര്‍മയില്ലെങ്കിലും ഭക്ഷണമൊരുക്കലിന്റെ ജീനുകള്‍ അദ്ദേഹത്തില്‍ നിന്ന് എട്ടാംക്ലാസില്‍ പഠിക്കുമ്പോഴേ അശ്വിനിലേക്ക് പടര്‍ന്നുകയറിയിരിക്കാം. പന്ത്രണ്ടാംക്ലാസ് കഴിഞ്ഞപ്പോള്‍ ഹോസ്പിറ്റാലിറ്റി രംഗത്ത് ലോകത്തെ ആദ്യ മൂന്നു പഠനകേന്ദ്രങ്ങളുടെ പട്ടികയിലുള്ള സ്വിറ്റ്‌സര്‍ലന്‍ഡിലെ ലേ റോഷസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റിലേക്ക്.

അവിടെ മൂന്നരവര്‍ഷംകൊണ്ട് ബി.ബി.എ. വിജയകരമായി പൂര്‍ത്തിയാക്കി. ഇന്റേണ്‍ഷിപ്പ് കാലത്തെ മികവിന് അധ്യാപകര്‍ സമ്മാനിച്ചത് പൊതുജനങ്ങള്‍ക്കായി കാംപസിലുള്ള ബ്രേക്ക് ഫാസ്റ്റ് കൗണ്ടറിന്റെ മേല്‍ നോട്ടത്തിനും പുതിയ കുട്ടികളെ പരിശീലിപ്പിക്കാനുമുള്ള അവസരം. ആന്റി മുള്ളര്‍ എന്ന അധ്യാപകന്‍ സ്‌നേഹപൂര്‍വം കൈമാറിയത് ഷെഫുമാരുടെ ഏറ്റവും പ്രിയപ്പെട്ട ആയുധങ്ങളിലൊന്നായ കത്തി.

പഠനം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ തന്നെ ലോകോത്തര ഷെഫ് ബെന്വ കാസി നെറ്റിനൊപ്പം ചേരാമായിരുന്നു. ദുബായിയും വിരുന്നു വിളിച്ചു. പക്ഷേ, അവിടേക്കൊന്നും പോകാതെ 2023 ഫെബ്രുവരി ഒന്‍പതാം തീയതി കൊച്ചിയിലേക്ക് തിരികെപ്പറന്ന അശ്വിന്‍ നാട്ടിലെത്തി രണ്ടാം നാള്‍ അച്ഛന്‍ ദീപകിനോട് പറഞ്ഞു: 'ഞാനിവിടെയൊരു റസ്റ്ററന്റ് തുടങ്ങാന്‍ പോകുന്നു'.

അച്ഛന്‍ ബിസിനസുകാരനാണെങ്കിലും വിദ്യാഭ്യാസ വായ്പയെടുത്തായിരുന്നു അശ്വിന്റെ പഠനം. ആ തുക സ്വന്തം അധ്വാനത്തിലൂടെ തിരിച്ചടയ്ക്കണമെന്ന ആഗ്രഹവും ഉറച്ച തീരുമാനത്തിനു പിന്നിലുണ്ടായിരുന്നു. മകനെ ചേര്‍ത്തുപിടിച്ച ദീപക് ഒറ്റക്കാര്യമേ പറഞ്ഞുള്ളൂ: 'ഓപ്പണ്‍ കിച്ചണ്‍ ആകണം....'

പൊടി ഇഡ്ഡലി മുതല്‍ കടച്ചക്കക്കറി വരെ

രാവിലെ ഏഴുമുതല്‍ രാത്രി പതിനൊന്നുവരെയാണ് പ്രവര്‍ത്തനം. ചോറിഷ്ടപ്പെടുന്നവര്‍ക്കായി ഉച്ചയ്ക്ക് 12 മുതല്‍ 3.30 വരെ മിനി മീല്‍സുണ്ട്. നെയ്യും ചമ്മന്തിപ്പൊടിയും മുകളില്‍ വിതറിയ പൊടി ഇഡ്ഡ ലിയാണ് ഇവിടത്തെ സ്‌പെഷ്യല്‍ വിഭവം. ദോശയ്ക്കും പുട്ടിനും കൂട്ടായി കടച്ചക്കക്കറി പോലുള്ളവയുമുണ്ട്. ദിവസേന എത്തുന്നത് മൂവായിരത്തിലധികം പേര്‍. വിദ്യാര്‍ഥികളും ഐ.ടി. പ്രൊഫഷണലുകളും സിനിമാ താരങ്ങളും ഹൈക്കോടതിയിലെ ന്യായാധിപരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. രാവിലെ മുതല്‍ അശ്വിന്‍ ഇവിടെത്തന്നെ.

മകനു തുണയായി ദീപകും കാണും. ചമ്മന്തികളും സാമ്പാറുമെല്ലാം തയ്യാറാക്കുന്നത് അമ്മ നിഷയുടെ മേല്‍നോട്ടത്തിലാണ്. I Dell Cafe യിലും തൊട്ടുമുന്നില്‍ ദീപകിന്റെ സ്വന്തം കെട്ടിടത്തിലുമായാണ് തുറന്ന അടുക്കളകള്‍. ഒരു തരി പൊ ടിപോലും ഇവിടെയില്ല. അത്രയും വൃത്തിയുണ്ടാ കണമെന്ന് അശ്വിനും മാതാപിതാക്കള്‍ക്കും നിര്‍ ബന്ധമുണ്ട്. ചമ്മന്തിപ്പൊടി തയ്യാറാക്കാനും ചപ്പാ ത്തിക്ക് മാവു കുഴയ്ക്കാനുമൊക്കെയുള്ളത് ഇറക്കു മതി ചെയ്ത വലിയ യന്ത്രങ്ങള്‍.

ദോശയ്ക്കായി പ്രതി ദിനം വേണ്ടിവരുന്നത് 25 കിലോ അരി. ഇഡ്ഡലിക്ക് 30 കിലോ. ഉഴുന്നും വേണം 20 കിലോയോളം. നൂറോളം തേങ്ങയുടെ ചമ്മന്തിയാണ് ഒരു ദിവസം അരയ്ക്കുന്നത്. 55 ജീവനക്കാരില്‍ ഭൂരിഭാഗവും നാ ഗാലാന്‍ഡില്‍നിന്നും അസമില്‍നിന്നുമുള്ളവര്‍. ഇംഗ്ലീഷില്‍ നല്ല പ്രാവീണ്യമുള്ളവരെ കണ്ടെത്തി അശ്വിന്‍തന്നെ പാചകവും ആതിഥേയ മര്യാദകളും തീന്‍മേശാ രീതികളും പരിശീലിപ്പിച്ചു. 'വൃത്തിയോടെ മായമില്ലാതെ ഭക്ഷണം കൊടുക്കുക. ഇവിടെ ഫ്രീസര്‍ ഇല്ല. എല്ലാം ചുടോടെ'-അശ്വിന്‍ പറയുമ്പോള്‍ അവിടെയെങ്ങും നറുനെയ്യ് മണം നിറയുന്നു.