To advertise here,

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ വേദിയായ ആസ്പിൻവാൾ ഹൗസിൽ പ്രവേശിക്കുമ്പോൾ ആദ്യം കാണുന്ന കലാപ്രതിഷ്ഠ കാണികളെ അല്പം അലോസരപ്പെടുത്തും. അസന്തുലിതമായി പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന്റെ ഭവിഷ്യത്തുകളാണ് ഈ സൃഷ്ടി ഓർമിപ്പിക്കുന്നത്. ഫ്രീസറുകൾ എന്ന കലാപ്രതിഷ്ഠയിൽ മത്സ്യം, മാംസം, പച്ചക്കറികൾ തുടങ്ങിയവ സൂക്ഷിച്ചിരിക്കുന്ന ഒരു കൂട്ടം ഫ്രീസറുകളാണ് ലാറ്റിനമേരിക്കൻ കലാകാരനായ അഡ്രിയാൻ വിലാസ് റോഹാസ് സൃഷ്ടിയായി അവതരിപ്പിച്ചിരിക്കുന്നത്.

അർജന്റീനിയൻ-പെറുവിയൻ വേരുകളുള്ള അഡ്രിയാന്റെ ആറ് കലാപ്രതിഷ്ഠകളാണ് ബിനാലെയിലുള്ളത്.

കടകളിൽനിന്ന് ലഭിക്കുന്ന ഭക്ഷണപദാർഥങ്ങൾ, പ്ലാസ്റ്റിക് കവറുകൾ, മാംസം, മത്സ്യം എന്നിവ ഉപയോഗിച്ചാണ് സൃഷ്ടി തയ്യാറാക്കിയിട്ടുള്ളത്. ഇവയുടെ ജീർണിച്ച അവസ്ഥ സംരക്ഷണവും നാശവും എങ്ങനെ ഒരേസമയം നിലനിൽക്കുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്നു. 2015-ൽ റോഹാസ് ആരംഭിച്ച 'റിനാസിമെന്റോ' (നവോത്ഥാനം) എന്ന പരമ്പരയുടെ ഭാഗമാണിത്.

മനുഷ്യന്റെ ഇടപെടലുകൾ ഭൂമിയെ എങ്ങനെ മാറ്റിമറിക്കുന്നുവെന്ന് ഈ കലാസൃഷ്ടി ചർച്ചചെയ്യുന്നു. സകല വ്യവസ്ഥിതികളും മാറ്റങ്ങൾക്ക് വിധേയമാണെന്ന് ഈ സൃഷ്ടി ഓർമിപ്പിക്കുന്നു. മനുഷ്യനിർമിത വസ്തുക്കളോട് പ്രകൃതി എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് ഇതിന്റെ പ്രമേയം.

സാങ്കേതിക വിദ്യ മാറുന്നതിനനുസരിച്ച് ഫ്രീസറുകളുടെ മോഡലുകൾ മാറുന്നത് പരിസ്ഥിതിയിലുണ്ടാകുന്ന മാറ്റങ്ങളുടെ പ്രതീകമായാണ് കലാകാരൻ അവതരിപ്പിക്കുന്നത്. മനുഷ്യൻ പ്രകൃതിയുടെ താളം തെറ്റിക്കുമ്പോൾ അത് ജീവജാലങ്ങളിൽ പ്രതിഫലിക്കുമെന്നും ഈ സൃഷ്ടി തെളിയിക്കുന്നു.

നിലവിലെ മുതലാളിത്വം, അമിത ഉപഭോഗം, പാഴ്വസ്തുക്കൾ എന്നിവയുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും അഡ്രിയാൻ റോഹാസ് തന്റെ സൃഷ്ടിയിലൂടെ ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്.