ബോളിവുഡ് നടന്‍ ബോബി ഡിയോള്‍ അടുത്തിടെയാണ് തന്റെ പാലിനോടുള്ള ഇഷ്ടത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ദിവസവും എട്ടുഗ്ലാസ് വരെയാണ് പാല്‍ കുടിച്ചിരുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി. പാല്‍ കുടിയ്ക്കാന്‍ തനിക്ക് പ്രത്യേകമായി ഗ്ലാസ് ഉണ്ടായിരുന്നുവെന്നും വലിയ ഗ്ലാസ് ഇതിനായി തിരഞ്ഞെടുക്കുമായിരുന്നുവെന്നും അദ്ദേഹം അഭിമുഖത്തില്‍ സൂചിപ്പിച്ചു. എന്നാല്‍ ഇപ്പോഴത് ഒരു ഗ്ലാസായി കുറച്ചുവെന്നും ബോബി ഡിയോള്‍ പറയുന്നു. പാല്‍ അമിതമായി കുടിച്ചാലും ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഉണ്ടാകും. അമിതമായി പാല്‍ കുടിച്ചാലുള്ള പ്രശ്‌നങ്ങളെ അറിഞ്ഞിരിക്കാം.

To advertise here,

പ്രോട്ടീന്റെ മികച്ചൊരു സ്രോതസാണ് പാല്‍. ദിവസവും 7-8 ഗ്ലാസ് പാല്‍ കുടിക്കുന്നത് കുട്ടികളിലും മുതിര്‍ന്നവരിലും വ്യത്യസ്ത ഫലങ്ങള്‍ ഉണ്ടാക്കുമെന്ന്  ഗുരുഗ്രാമിലെ പാരസ് ഹെല്‍ത്തിലെ ഡയറ്ററ്റിക്സ് വിഭാഗം ചീഫ് ക്ലിനിക്കല്‍ ന്യൂട്രീഷ്യനിസ്റ്റ് നീലിമ ബിഷ്ത് പറയുന്നു. എല്ലുകളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ കാത്സ്യം, വിറ്റാമിന്‍ ഡി തുടങ്ങിയവ ഇതിലടങ്ങിയിട്ടുണ്ട്.

എന്നിരുന്നാലും, അമിതമായ ഉപഭോഗം ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും ലാക്ടോസ് അസഹിഷ്ണുത പോലുള്ള ദഹന പ്രശ്‌നങ്ങള്‍ക്കും ഇടയാക്കും. പാലിലെ ലാക്ടേസ് എന്ന എന്‍സൈം വഴി ദഹിപ്പിക്കപ്പെടുന്ന പഞ്ചസാരയാണ് ലാക്ടോസ്. മിക്ക മനുഷ്യരിലും ഏകദേശം അഞ്ച് വയസ്സ് മുതല്‍ തന്നെ ലാക്‌ടേസിന്റെ ദഹനപ്രക്രിയ കുറയുന്നു. ഇത് വയറുവേദന, ഗ്യാസ്, വയറിളക്കം തുടങ്ങിയ അസുഖങ്ങള്‍ക്ക് കാരണമാകും. ഈ ലക്ഷണങ്ങള്‍ ദൈനംദിന ജീവിതത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തേയും സാരമായി ബാധിക്കും.

മുതിര്‍ന്നവര്‍ പാല്‍ അമിതമായി കുടിക്കുന്നത് ഹൃദ്രോഗ സാധ്യത കൂട്ടും.  പാലിലെയും പാലുത്പ്പന്നങ്ങളിലെയും പ്രോട്ടീന്‍, പഞ്ചസാര, കൊഴുപ്പ്, പൂരിത കൊഴുപ്പ് എന്നിവ കുട്ടികളിലും പൊണ്ണത്തടി സൃഷ്ടിച്ചേക്കും. അമിതമായി പാല്‍ കുടിക്കുന്നത് പ്രമേഹരോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്താനുള്ള സാധ്യതയും കൂട്ടുന്നു.

പാല്‍ അമിതമായി കുടിക്കുന്നത് മുഖത്തോ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലോ അലര്‍ജിക്കും മുഖക്കുരു വരുന്നതിനും കാരണമാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അമിതമായി പാല്‍ കുടിക്കുന്നത് വയറുവേദന, വയറിളക്കം തുടങ്ങിയ ദഹനപ്രശ്നങ്ങള്‍ക്ക് കാരണമാകും.പൂരിത കൊഴുപ്പിന്റെ അളവ് കുറയ്ക്കാന്‍ കൊഴുപ്പ് കുറഞ്ഞതോ കൊഴുപ്പില്ലാത്തതോ ആയ പാല്‍ തിരഞ്ഞെടുക്കാനും ശ്രദ്ധിക്കാം.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)