ശ്രീലേഖയുടെ ജീവിതപ്രാരാബ്ധങ്ങളെല്ലാം ഈ അടുക്കളയിൽ ആവിയായി. കനൽക്കട്ടകളെ ഊതിക്കത്തിക്കുമ്പോൾ ശ്രീലേഖയ്ക്കുള്ളിൽ കെട്ടുപോകാത്തൊരു കനലുണ്ട്, ജീവിതമെന്ന കനൽ. ജീവിതവഴി വെട്ടിത്തെളിച്ച, സമർഥയായ സ്ത്രീയിലേക്കുള്ള യാത്ര അതികഠിനമായിരുന്നു. ജീവിക്കാനുള്ള വാശിക്കിടയിൽ കരഞ്ഞിരിക്കാനുള്ള നേരമില്ലാതിരുന്ന കാലം. പക്ഷേ, കരിപുരണ്ട അടുക്കളച്ചുമരുകൾക്കുള്ളിൽനിന്ന് ആ ഓർമ്മകളിലേക്കു പോകുമ്പോൾ അറിയാതെ അവരുടെ കണ്ണുനിറയും... ഇടംനേടിയെടുക്കാനുള്ള ഒരു പെണ്ണിന്റെ പോരാട്ടം, ശ്രീലേഖയുടെ ജീവിതത്തിലൂടെ...

To advertise here,

പൂജപ്പുര മഹിളാമന്ദിരം, എന്റെ കുടുംബം

പത്തുവയസ്സുമുതൽ ശ്രീലേഖയുടെ കുടുംബം പൂജപ്പുര മഹിളാ മന്ദിരമായിരുന്നു. അച്ഛനെയും അമ്മയെയും സഹോദരിയെയുമൊക്കെ പിരിഞ്ഞ് മറ്റൊരു സ്ഥലത്തേക്കുള്ള പറിച്ചുനടൽ. രണ്ടു പെൺകുട്ടികളെ ഒരുമിച്ചുനോക്കാൻ പറ്റുന്ന സാഹചര്യമായിരുന്നില്ല വീട്ടിൽ. കവയിത്രി സുഗതകുമാരിയമ്മയെ കാണാൻ കഴിയുന്നതായിരുന്നു ആ സമയത്തെ വലിയ സന്തോഷം. വീടുവിട്ട് മന്ദിരത്തിലെത്തി, വർഷങ്ങളോളം എനിക്കത് സ്വന്തം വീടായി- ശ്രീലേഖ പറയുന്നു.

ദാരിദ്ര്യത്തിൽ മുങ്ങിക്കിടന്നൊരു കുടുംബം. പരിമിതമായ ജീവിതസാഹചര്യങ്ങൾ. ശ്രീലേഖയുടെ ഇളയസഹോദരി അച്ഛന്റെ നാടായ അരുവിക്കരയിലായിരുന്നു കഴിഞ്ഞിരുന്നത്. അവധിക്കാലത്ത് മഹിളാമന്ദിരത്തിൽ ഭൂരിഭാഗംപേരും വീട്ടിൽ പോകും. എന്നാൽ, ശ്രീലേഖയ്ക്കു പോകാൻ കഴിഞ്ഞിരുന്നില്ല. അച്ഛനും സഹോദരിയും ഇടയ്ക്ക് ശ്രീലേഖയെ കാണാനെത്തും. അതായിരുന്നു പതിവ്. അവധിക്കാലത്ത് പഠിച്ചെടുത്ത ബുക്ക് ബൈൻഡിങ്, തയ്യൽ, നെയ്ത്ത് തുടങ്ങിയ കൈത്തൊഴിലുകളാണ് ശ്രീലേഖയ്ക്കു ജീവിക്കാനുള്ള വഴിതുറന്നത്, അധ്വാനിക്കാനുള്ള മനസ്സുറപ്പ് തന്നത്- ശ്രീലേഖ പറയുന്നു.

തോൽക്കാൻ മനസ്സില്ലാ...

അധ്വാനിക്കാനുള്ള മനസ്സുറപ്പോടെ, ആത്മവിശ്വാസത്തോടെ മഹിളാമന്ദിരത്തിന്റെ പടിയിറങ്ങുമ്പോൾ ശ്രീലേഖയ്ക്ക് പ്രായം 20. ജീവിക്കണമെങ്കിൽ വരുമാനം വേണം. അധ്വാനിക്കണം, ഇതായിരുന്നു മനസ്സിൽ. തിരുമലയിലെ ബന്ധുവീട്ടിലായിരുന്നു പിന്നീടുള്ള ജീവിതം. കടയിൽ ജോലിക്കുനിന്നു, കെട്ടിടനിർമാണ സൂപ്പർവൈസറായുമൊക്കെ ജോലിചെയ്തു. ജോലിക്കു പോകാനുള്ള സൗകര്യത്തിനായി ഡ്രൈവിങ് ലൈസൻസെടുത്തു. സ്വരുക്കൂട്ടിയ ചില്ലറത്തുട്ടുകൾ ചേർത്ത് ഒരു വണ്ടി വാങ്ങി. കുട്ടിക്കാലത്ത് അത്യാവശ്യം നൃത്തംചെയ്യുമായിരുന്നു. ശാസ്ത്രീയമായി പഠിക്കാനുള്ള ശ്രമവുമുണ്ടായി. അങ്ങനെ ഭരതനാട്യം പഠിക്കാൻ ചേർന്നു. ഇതിനിടയിൽ കൂൺകൃഷി പരിശീലനമെന്ന പത്രപ്പരസ്യം കണ്ട് അതിലേക്കുമിറങ്ങി. വെള്ളായണി കാർഷിക കോളേജിൽനിന്ന് അതും പരിശീലിച്ചു. കന്നുകാലിവളർത്തൽ, കോഴിക്കൃഷി, ഐസ്‌ക്രീം നിർമാണം പിന്നെ തയ്യലും നെയ്ത്തും തുടങ്ങി ചെയ്യാത്ത ജോലികളില്ല...പഠിച്ചും പണിയെടുത്തും ശ്രീലേഖയുടെ ജീവിതം വാശിയോടെ മുന്നോട്ട്.

'ആനന്ദ്' എന്ന ആനന്ദത്തിലേക്ക്

ഭർത്താവും കുടുംബവും തന്ന പിന്തുണയാണ് ഈ ആനന്ദത്തിനു പിന്നിൽ- ശ്രീലേഖയുടെ വാക്കുകൾ. ഇന്ന് പത്ത് ജീവനക്കാരുള്ള 'ആനന്ദ്' എന്ന ഹോട്ടലിന്റെ ഉടമയാണ് ശ്രീലേഖ. കഷ്ടപ്പാടിനൊടുവിൽ പ്രതീക്ഷയുടെ ഇത്തിരിവെട്ടം സ്വപ്നം കണ്ടിരുന്ന പെൺകുട്ടിയിൽനിന്ന് ഒരുപാടുപേരുടെ ജീവിതത്തിനു 'വെട്ട'മാണവർ.

24-ാം വയസ്സിൽ നെല്ലിമൂട് സ്വദേശി സജീവുമായുള്ള വിവാഹം. വീട്ടിൽ ഒതുങ്ങിക്കൂടാൻ ശ്രീലേഖ ആഗ്രഹിച്ചിരുന്നില്ല. ആരോഗ്യമുള്ളിടത്തോളംകാലം ജോലിചെയ്ത് സമ്പാദിക്കണം.

ശ്രീലേഖയുടെ തീരുമാനങ്ങളെ ഭർത്താവും പിന്തുണച്ചു. നാട്ടിൽ പരിചയക്കാരുടെ കൈവശമുണ്ടായിരുന്ന കാർ ഷെഡ്ഡ് ഏറ്റെടുത്ത് ശ്രീലേഖ ഹോട്ടൽ തുടങ്ങി. കോവിഡ് കാലത്ത് കച്ചവടം പ്രതിസന്ധിയിലായി. എങ്കിലും ഒറ്റയ്ക്കു പോരാടിവന്ന അവർ അതും അതിജീവിച്ചു. ആറ് അതിഥിത്തൊഴിലാളികൾ ശ്രീലേഖയെ മാത്രം ആശ്രയിച്ച് ജീവിക്കുന്നു. 'ആനന്ദി'ലൂടെ സ്വന്തമായി വീടെന്ന സ്വപ്നവും സാക്ഷാത്കരിച്ചു.

ഭർത്താവ് സജീവ് ഡ്രൈവറാണ്. ഒഴിവുനേരങ്ങളിൽ സജീവും മക്കളായ അനന്തുവും ആനന്ദും സഹായവുമായി ഒപ്പംചേരും. പകലന്തിയോളമുള്ള അധ്വാനത്തിനൊടുവിൽ വീടെന്ന സ്വപ്നത്തിലെത്തുമ്പോൾ ഒരു പഴയകാലം ശ്രീലേഖയ്ക്കു മുന്നിൽ തെളിയും, ചെറുകൂരയിൽനിന്ന് പൂജപ്പുരയിലെ മഹിളാമന്ദിരത്തിലേക്ക് ചെറുകാലടികളുമായി നടന്നുപോയ ഒരു അഞ്ചാം ക്ലാസുകാരിയെ.