മറ്റൊരാളെ നഗ്നനായി/നഗ്നയായി കാണുന്നത് സ്വന്തം ശരീരത്തെക്കുറിച്ചുള്ള അപകർഷത കുറയ്ക്കാൻ സഹായിക്കുമോ? നോൺസെക്ഷ്വൽ ന്യൂഡിറ്റി സ്വന്തം ശരീരത്തെക്കുറിച്ചുള്ള അപകർഷത കുറയ്ക്കാൻ സഹായിക്കുമെന്നാണ് പുതിയൊരു പഠനം തെളിയിക്കുന്നത്.

To advertise here,

ഫാഷൻ മാസികകളുടെ എഡിറ്റ് ചെയ്ത കവറുകൾ മുതൽ ഇൻസ്റ്റ റീലുകളിലെ കൃത്രിമമായ പൂർണ്ണത വരെ ശരീരസൗന്ദര്യത്തെക്കുറിച്ചുള്ള തെറ്റായ ധാരണ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ കൺസ്യൂമേഴ്‌സ് ചെറുപ്പക്കാരായതിനാൽ തന്നെ കൗമാരം മുതൽ ജീവിതകാലം വരേക്കും നീണ്ടുനിൽക്കുന്ന അപകർഷതയിലേക്കും ആത്മാഭിമാനക്കുറവിനും ഇത് കാരണമാകുന്നു. ഡിജിറ്റൽ സ്‌ക്രീനുകളിൽ നിന്നും ക്യാമറകളിൽ നിന്നും മാറി, മനുഷ്യശരീരങ്ങൾ യാതൊരുവിധ ലൈംഗികതയോ തുന്നിച്ചേർത്ത ഫിൽട്ടറുകളോ വസ്ത്രങ്ങളുടെ മറവോ ഇല്ലാതെ കാണപ്പെടുന്ന അന്തരീക്ഷത്തിൽ സമയം ചെലവഴിക്കുക. 'നഗ്‌നതാവാദം' അഥവാ നോൺസെക്ഷ്വൽ ന്യൂഡിറ്റി ശരീരത്തെക്കുറിച്ചുള്ള നാണക്കേടുകൾ മാറ്റിവെക്കാനും സ്വന്തം ശരീരത്തെ അതേപടി അംഗീകരിക്കാനും സഹായിക്കുമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. യഥാർത്ഥ ശരീരങ്ങൾക്കും യഥാർത്ഥ മനുഷ്യർക്കും സമയം ചെലവഴിക്കുന്നത് ശരീര സൗന്ദര്യത്തെക്കുറിച്ചുള്ള അബദ്ധ കാഴ്ചപ്പാടുകൾ മാറുമെന്ന് ലണ്ടനിലെ റെജന്റ്‌സ് യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജി അസിസ്റ്റന്റ് പ്രൊഫസറായ കെറെം സോയ്ലെമെസ് പറയുന്നു.

കാഴ്ചകളിലൂടെയാണ് സാധാരണമായത് എന്തെന്ന് മനുഷ്യന്റെ തലച്ചോർ മനസ്സിലാക്കുന്നത്. സ്വാഭാവികമായും നിത്യവും കണ്ടുകൊണ്ടിരിക്കുന്ന റീലുകളിലെ കാഴ്ചകളോ, കൃത്രിമമായി മാറ്റം വരുത്തിയ ചിത്രങ്ങളോ മാത്രമാകുമ്പോൾ, അതാണ് ശരിയായ മാതൃക എന്ന് വിശ്വസിക്കുന്നു. ഇതോടെ തഴമ്പുകൾ, പാടുകൾ, ശസ്ത്രക്രിയ അടയാളങ്ങൾ, തടി, ചുളിവുകൾ തുടങ്ങിയ സ്വാഭാവികമായ മാറ്റങ്ങളുള്ള യഥാർത്ഥ ശരീരങ്ങളെ അസാധാരണമായോ വൈകല്യമുള്ളതായോ തലച്ചോറ് തെറ്റിദ്ധരിക്കുന്നു. 'പുതിയകാലത്തെ മാധ്യമങ്ങൾ സാധാരണക്കാർക്ക് കൈവരിക്കാൻ സാധിക്കാത്ത ഒരു കൃത്രിമ നിലവാരമാണ് മുന്നോട്ടുവെക്കുന്നത്. അതിനെ പ്രതിരോധിക്കാൻ കൃത്രിമത്വമില്ലാത്ത യഥാർത്ഥ മനുഷ്യശരീരങ്ങളെ കാണുകയും അനുഭവിക്കുകയും വേണം. വസ്ത്രങ്ങളുടെയോ ഭാവങ്ങളുടെയോ ഭാരമില്ലാതെ മനുഷ്യശരീരങ്ങളുടെ സ്വാഭാവിക വൈവിധ്യം കാണുമ്പോൾ, ഒരു ശരീരം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചുള്ള തലച്ചോറിന്റെ പരമ്പരാഗത ധാരണകൾ മാറാൻ തുടങ്ങും.' കെറെം സോയ്ലെമെസ് പറയുന്നു.

12-ാം വയസ്സു മുതൽ സ്വന്തം ശരീരത്തെക്കുറിച്ച് അപകർഷതാബോധം പേറിനടന്ന വ്യക്തിയാണ് ലിൻഡ ആഷ്മോർ. ശരീരത്തിലെ ചെറിയ കുറവുകൾ പോലും വിമർശിക്കപ്പെട്ട അന്തരീക്ഷത്തിൽ വളർന്ന അവർ, സ്വന്തം രൂപം എപ്പോഴും മറച്ചുവെക്കേണ്ട ഒന്നാണെന്ന് വിശ്വസിച്ചു. നോൺസെക്ഷ്വൽ ന്യൂഡിറ്റി എന്ന ആശയത്തിലേക്ക് കടന്നുവന്നതോടെ അവരുടെ കാഴ്ചപ്പാട് പൂർണ്ണമായും മാറി. പ്രായമോ വലുപ്പമോ ആരോഗ്യസ്ഥിതിയോ നോക്കാതെ, വസ്ത്രങ്ങളുടെ ആവരണമില്ലാതെ മനുഷ്യരെ കണ്ടപ്പോൾ ലിൻഡയുടെ ഭയം നീങ്ങി. 'ചർമം നിങ്ങൾക്ക് ചേരുന്ന ഒന്നാണെന്ന് ഞാൻ വിശ്വസിക്കാൻ തുടങ്ങി. അത് ചിലപ്പോൾ അയഞ്ഞേക്കാം, പാടുകൾ വീണേക്കാം. എല്ലാവരും വ്യത്യസ്തരാണ്' ലിൻഡ ബിബിസിയോട് പറഞ്ഞത് ഇങ്ങനെയാണ്. ആഷ്മോറിന്റെ അനുഭവം ഒറ്റപ്പെട്ട ഒന്നല്ല. പുതിയ ആശയത്തിന്റെ ഭാഗമാകുന്ന വ്യക്തികളിൽ സാമൂഹിക ഭയം കുറയുന്നതായും, സ്വന്തം ശരീരത്തോടുള്ള ആദരവും ആത്മവിശ്വാസവും വർദ്ധിക്കുന്നതായും പഠനങ്ങൾ വ്യക്തമാക്കുന്നു.

'ജേണൽ ഓഫ് ഹാപ്പിനസ് സ്റ്റഡീസ്' ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ജേണലുകളിൽ പ്രസിദ്ധീകരിച്ച ഗവേഷണങ്ങൾ പ്രകാരം, സോഷ്യൽ നാച്ചുറിസത്തിൽ ഏർപ്പെടുന്നത് ജീവിത സംതൃപ്തി വർദ്ധിപ്പിക്കാനും ശരീര അപകർഷതാബോധം കുറയ്ക്കാനും സഹായിക്കുന്നുണ്ട്. അതിനുളള കാരണങ്ങൾ ഇത്രമാത്രമാണ്. വ്യത്യസ്ത രൂപത്തിലുള്ള മനുഷ്യശരീരങ്ങളെ നിരന്തരം കാണുന്നത് തലച്ചോറിലെ സങ്കൽപ്പങ്ങളെ ഇല്ലാതാക്കുകയും സ്വന്തം കുറവുകളെക്കുറിച്ചുള്ള ആശങ്ക കുറയ്ക്കുകയും ചെയ്യുന്നു. വസ്ത്രങ്ങൾ പലപ്പോഴും പദവിയുടെയും സമ്പത്തിന്റെയും ചിഹ്നങ്ങളാണ്. അവ ഒഴിവാക്കപ്പെടുമ്പോൾ എല്ലാവരും സമന്മാരാകുന്ന ഒരു അന്തരീക്ഷം ഉടലെടുക്കുന്നു. വസ്ത്രങ്ങളുടെ ഭാരമില്ലാതാകുമ്പോൾ, ശരീരം എങ്ങനെ കാണപ്പെടുന്നു എന്നതിനേക്കാൾ ശരീരം എന്തൊക്കെ അനുഭവിക്കുന്നു എന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കുന്നു.