പുളിയുറുമ്പ് അല്ലെങ്കില്‍ നീറ് നമുക്ക് സുപരിചിതരായ ചുവന്ന ഉറുമ്പുകളാണ്. മരത്തില്‍ കയറി നീറിന്റെ കടി കൊള്ളാത്തവരാരും പഴയ തലമുറയില്‍ ഉണ്ടാവാന്‍ വഴിയില്ല.എന്നാല്‍ അവയെ ഉണക്കിപ്പൊടിച്ച് രുചികരമായ ചമ്മന്തി ഉണ്ടാക്കി ആര്‍ത്തിയോടെ കഴിക്കുന്നത് ആലോചിക്കൂ. അതു കാണണമെങ്കില്‍ ഒഡീഷയില്‍ ചെല്ലണം.
ഇപ്പോഴിതാ ആ ഉറുമ്പുചമ്മന്തിയ്ക്ക്, അതും സാക്ഷാല്‍ പുളിയുറുമ്പു ചമ്മന്തിയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ദേശപ്പെരുമയുടെ മുദ്രണം ( G. I tag) ലഭിച്ചിരിക്കുന്നു.രുചിയും പോഷകഗുണവുമുള്ള ഈ സൂപ്പര്‍ ഫുഡ് ഒഡീഷയുടെ മയൂര്‍ഭഞ്ച് ജില്ലയുടെ സ്വന്തമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നു.2024 ജനുവരി 4 നാണ് 'സിമ്മിലിപ്പാല്‍ കായി ചമ്മന്തി'(Similipal Kai Chutney of Odisha)യ്ക്ക് ജി ഐ ടാഗ് ലഭിച്ചത്.
Also Read
ഗോത്രവര്‍ഗക്കാരുടെ ഇഷ്ട വിഭവം
ഒഡീഷയിലെ മയൂര്‍ഭഞ്ച് (Mayurbhanj)ജില്ലയിലെ ഗോത്രവര്‍ഗക്കാരുടെ പ്രിയങ്കരമായ വിഭവമാണ് ഉറുമ്പ് ചമ്മന്തി. അവരുടെ പോഷകാവശ്യങ്ങള്‍ നിറവേറ്റുന്നത് ഉറുമ്പിന്റെ പല വിഭവങ്ങളാണെന്നു പറയാം.. അതില്‍ ഏറ്റവും വിശിഷ്ടമായ വിഭവമാണ് ചുവന്ന ഉറുമ്പ് ചമ്മന്തി. ഒഡീഷയ്ക്ക് പുറമെ ഛത്തീസ്ഗഢിലെയും, ജാര്‍ഖണ്ഡിലെയും ചില പ്രദേശങ്ങളില്‍ ചമ്മന്തികളില്‍ പ്രധാന ചേരുവയായി ഉറുമ്പുകളെ ഉപയോഗിക്കാറുണ്ട്. ഇഞ്ചി, വെളുത്തുള്ളി, മല്ലിയില, ഏലം, പുളി, ഉപ്പ് എന്നിവ കൂടി ചേര്‍ത്താണ് ചമ്മന്തി തയ്യാറാക്കുന്നത്. പാചകത്തിനു മുന്‍പ് ഉറുമ്പുകളെയും അവയുടെ മുട്ടകളെയും ഉണക്കിയെടുക്കുന്നു.
പ്രോട്ടീന്‍, ഫൈബര്‍ എന്നിവയുടെ കലവറയാണ് ഉറുമ്പുകള്‍. അയണ്‍, സിങ്ക് , മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയവയും ഉറുമ്പുകളിലുണ്ട്. ബുദ്ധിവികാസത്തിനും ഓര്‍മ്മശക്തിയ്ക്കും അത്യുത്തമമാണ് ഈ ചമ്മന്തിയെന്നും വിശ്വസിക്കപ്പെടുന്നു. മയൂര്‍ഭഞ്ചിലെ ഗോത്ര കുടുംബങ്ങളില്‍ ഉറുമ്പുകളെ വനത്തില്‍ നിന്നു ശേഖരിച്ച് ചമ്മന്തിയുണ്ടാക്കി വില്‍പന നടത്തി ഉപജീവനം കണ്ടെത്തുന്നവരുമുണ്ട്. ഉറുമ്പുകള്‍ ഉള്‍പ്പെടെയുള്ള പ്രാണികളെ ഉപയോഗിച്ചു തയ്യാറാക്കിയ ടോണിക്കുകളും ഭക്ഷണങ്ങളും ചൈന പോലുള്ള രാജ്യങ്ങളില്‍ ലഭിക്കുന്നുണ്ട്. 1996 മുതല്‍ ദി സ്റ്റേറ്റ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് സ്റ്റേറ്റ് ഹെല്‍ത്ത് മിനിസ്ട്രി ഓഫ് ചൈന ഉറുമ്പുകള്‍ അടങ്ങിയ മുപ്പത്തോളം ആരോഗ്യ ഉല്‍പ്പന്നങ്ങള്‍ അംഗീകരിച്ചിട്ടുണ്ടത്രേ!
എന്താണ് ജി.ഐ. ടാഗ് ?
ഓരോ പ്രദേശത്തെയും തനതായ ഉല്‍പന്നങ്ങളുടെ ഗുണമേന്മയും വിപണി സംരക്ഷണവും ഉറപ്പാക്കുന്ന മുദ്രണമാണ് ഭൂപ്രദേശ സൂചിക (Geographical Indication - GI). ലോകമെങ്ങും ഓരോ ദേശത്തിനും തങ്ങളുടെ സ്വന്തമായ ഉല്‍പന്നമുണ്ടാകും. വിപണിയില്‍ ഏറെ പ്രിയമുള്ള ഇത്തരം ഉല്‍പന്നങ്ങളുടെ അവകാശം അതാതുദേശത്തെ ഉത്പാദകര്‍ക്ക് ഉറപ്പാക്കുന്നതിനുള്ള മാര്‍ഗ്ഗമാണ് ഭൂപ്രദേശ സൂചികാ മുദ്രണം.
ഒരു ഉത്പന്നം പ്രത്യേക ഭൂപ്രദേശ നാമത്തില്‍, അതിന്റെ ഗുണമേന്മകൊണ്ട് അറിയപ്പെടുകയും വിപണനം ചെയ്യപ്പെടുകയും ചെയ്യുമ്പോള്‍ ഉത്പാദകര്‍ക്ക് ബ്രാന്‍ഡ് സംരക്ഷണം നല്‍കുന്ന രീതിയാണിത്. ഉത്പന്നത്തിന്റെ പ്രത്യേക ഗുണമേന്മയുടെ കാരണം അതാത് പ്രദേശത്തിന്റെ ഭൂപ്രകൃതി, കാലാവസ്ഥ, പാരമ്പര്യ അറിവ,് ഉത്പാദന മികവ്, ആളുകളുടെ കരവിരുത്, സംസ്‌ക്കാരണ രീതികള്‍ എന്നിവ കൊണ്ടാണെങ്കില്‍ ഈ സംരക്ഷണത്തിനായി രജിസ്റ്റര്‍ ചെയ്യാം. വ്യാജ ഉത്പന്നങ്ങളേയും അനുകരണങ്ങളേയും ഒഴിവാക്കാന്‍ ഇത് സഹായിക്കുന്നു. ഉത്പാദകര്‍ക്ക് ഉയര്‍ന്ന വിലയും ഉപഭോക്താക്കള്‍ക്ക് ഗുണമുള്ള ഉത്പന്നവും ഇതുവഴി ലഭിക്കുന്നു.
ഉദാഹരണത്തിന് ഡാര്‍ജിലിങ്ങിലെ രജിസ്റ്റര്‍ ചെയ്യപ്പെട്ട 87 തേയിലത്തോട്ടങ്ങളില്‍ നിന്നുള്ള ഇലകള്‍ക്കു മാത്രമേ ' ഡാര്‍ജിലിങ്ങ് ചായ ' എന്ന മുദ്ര ഉപയോഗിക്കാന്‍ അവകാശമുള്ളൂ..ലോക വ്യാപാര സംഘടനയുടെ (WTO) വാണിജ്യവുമായി ബന്ധപ്പെട്ട ബൗദ്ധിക സ്വത്തവകാശ ഉടമ്പടി (TRIPS) അംഗീകരിച്ച ബൗദ്ധിക സ്വത്തുക്കളിലൊന്നാണ് ഭൂപ്രദേശ സൂചിക സംരക്ഷണം. 1999-ല്‍ ഭൂപ്രദേശ സൂചകങ്ങളുടെ സംരക്ഷണവും രജിസ്ട്രേഷനും സംബന്ധിച്ച നിയമം കേന്ദ്ര ഗവണ്‍മെന്റ് പാസാക്കുകയും 2002 മുതല്‍ നിലവില്‍ വരികയും ചെയ്തു. ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദേശീയ ഭൂപ്രദേശ സൂചിക രജിസ്ട്രിക്കാണ് ഇതിന്റെ മേല്‍നോട്ടം.
Content Highlights: Mayurbhanj,red ant chutney,GI tag,food,red ant, Geographical Indications of Goods
Published: 16 Jan 2024, 09:12 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented