നാട്ടിലെങ്ങും മാങ്ങ സുലഭമായ കാലമാണല്ലോ ഇത്. പഴുത്ത മാങ്ങയും പച്ച മാങ്ങയുമെല്ലാം കഴിക്കുമ്പോള്‍ മാങ്ങാണ്ടി വലിച്ചെറിയുകയാണോ പതിവ്? എന്നാല്‍ മാങ്ങാണ്ടിക്ക് ചില പോഷകഗുണങ്ങളുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

To advertise here,

തൊലിക്കും മുടിക്കും നല്ലതാണെന്നും ശരീരഭാരം കുറയാനും മാങ്ങാണ്ടി കഴിക്കുന്നത് സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. മാങ്ങാണ്ടിയുടെ അഞ്ച് പ്രധാന ഗുണങ്ങള്‍ പരിശോധിക്കാം...

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു 
മാങ്ങാണ്ടി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഹെല്‍ത്തിലെ ഒരു പഠനത്തില്‍ പറയുന്നത്. ആഫ്രിക്കന്‍ മാങ്ങയുടെ വിത്തില്‍നിന്നുള്ള സത്തിന് ശരീരഭാരം കുറയ്ക്കാനും ആകെയുള്ള ആരോഗ്യത്തെ മെച്ചപ്പെടുത്താനും കഴിയുമെന്നാണ് അതില്‍ പറയുന്നത്. കലോറി ചെലവാക്കാന്‍ സഹായിക്കുന്ന മെറ്റബോളിസം കൂടാന്‍ ഇത് സഹായിക്കുമെന്നുമാണ് പഠനത്തില്‍ കണ്ടെത്തിയത്. 

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
മാങ്ങയിലെ വിത്തിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനാകുമെന്നാണ് പ്രൊഫഷണല്‍ മെഡിക്കല്‍ ജേണലിലെ പഠനത്തില്‍ പറയുന്നത്. മാങ്ങാണ്ടി ഇന്‍സുലിന്റെ അളവ് വര്‍ധിപ്പിക്കുകയും HbA1c അളവ് കുറയ്ക്കുകയും ചെയ്യുന്നതായി കാണപ്പെട്ടെന്നും ഇത് ബ്ലഡ് ഷുഗര്‍ നിയന്ത്രണത്തിന് സഹായിക്കുമെന്നുമാണ് പഠനത്തില്‍ വെളിപ്പെടുത്തിയത്. 

ചര്‍മത്തിന്റെ ആരോഗ്യം
തിളക്കും ആരോഗ്യവുമുള്ള ചര്‍മത്തിന് മാങ്ങാണ്ടി കഴിക്കുന്നത് നല്ലതാണെന്നാണെന്നാണ് മള്‍ട്ടി ഡിസിപ്ലിനറി ഡിജിറ്റല്‍ പബ്ലിഷിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനത്തില്‍ പറയുന്നത്. മാങ്ങാവിത്തിന്റെ പൊടി കഴിക്കുന്നത് ചര്‍മത്തിലെ ലൈസോസോം പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെന്നും ഇക്കാരണത്താല്‍ തൊലിയിലേക്ക് ബാക്ടീരിയ പ്രവേശിക്കുന്നത് പ്രതിരോധിക്കപ്പെടുമെന്നുമാണ് പഠനം പറയുന്നത്. ഡയറ്റില്‍ മാംഗോ സീഡ് പൗഡര്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മത്തെ സംരക്ഷിക്കാനും തിളക്കമുള്ളതാക്കാനും സഹായിക്കും. 

മുടിയുടെ വളര്‍ച്ച മെച്ചപ്പെടുത്തുന്നു 
ചര്‍മസംരക്ഷണത്തിന് സഹായിക്കുന്നതിന് പുറമെ, മുടി നന്നായി വളരാനും മാംഗോ സീഡ് കാരണമാകുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്താണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. മാങ്ങാണ്ടികൊണ്ടുള്ള എണ്ണയില്‍ മുടിവളരാന്‍ സഹായിക്കുന്ന ഫാറ്റി ആസിഡുകളും വിറ്റാമിന്‍ ഇ-യും അടങ്ങിയിട്ടുണ്ട്. ഈ എണ്ണ നേരിട്ട് തലയില്‍ തേച്ചുപിടിപ്പിക്കാവുന്നതാണ്. ഇത് സ്ഥിരമായി ഉപയോഗിക്കുന്നത് മുടിയുടെ ശക്തികൂട്ടുകയും മുടി കൊഴിച്ചില്‍ തടയുകയും ചെയ്യുന്നു. 

ഹൃദയാരോഗ്യം
മാങ്ങാണ്ടിയില്‍ ഉയര്‍ന്ന അളവില്‍ ആന്റി ഓക്‌സിഡന്റുകളും നാരുകളും അടങ്ങിയതിനാല്‍ ഹൃദയാരോഗ്യത്തിന് നല്ലതാണ്. ജേണല്‍ ഓഫ് അഗ്രികള്‍ച്ചറല്‍ ആന്‍ഡ് ഫുഡ് കെമിസ്ട്രി പ്രസിദ്ധീകരിച്ച പഠനത്തില്‍ ഇത് വെളിപ്പെടുത്തിയിട്ടുണ്ട്. ആന്റി ഓക്‌സിഡന്റുകള്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ഹൃദയസംബന്ധമായ അസുഖങ്ങളെ തടയുകയും ചെയ്യുന്നു. 

മാങ്ങാണ്ടി എങ്ങനെയൊക്കെയാണ് ഡയറ്റില്‍ ഉള്‍പ്പെടുത്തുക?
പൊടിച്ചെടുത്ത വിത്ത് സ്മൂത്തികളിലോ യോഗട്ട്, ധാന്യങ്ങള്‍ എന്നിവയിലോ ചേര്‍ത്ത് കഴിക്കാവുന്നതാണ്. ഉണങ്ങിയ വിത്തുകള്‍ ചൂടുവെള്ളത്തിലിട്ട് ഹെര്‍ബല്‍ ടീയും തയ്യാറാക്കാം.