കൊച്ചി: ലോകത്താദ്യമായി വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഇന്ത്യന്‍ വാറ്റുചാരായമായ 'മണവാട്ടി' കൊച്ചിന് ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ വില്പനയ്ക്കെത്തി. യൂറോപ്യന്‍ നിലവാരത്തിലുള്ള കര്‍ശന ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് യുകെയിലാണ്'മണവാട്ടി'യുടെ നിര്‍മാണം.
44% ആല്‍ക്കഹോള്‍ അടങ്ങിയിട്ടുള്ള 'മണവാട്ടി'യില്‍ കൃത്രിമ മധുരമോ നിറങ്ങളോ ഫ്ളേവറോ കൊഴുപ്പോ ചേര്‍ത്തിട്ടില്ലെന്ന് നിര്‍മാതാക്കളായ ലണ്ടന്‍ ബാരന് ലിമിറ്റഡ് അവകാശപ്പെടുന്നത്. യുകെ മലയാളിയായ ജോണ്‍ സേവ്യറാണ് ഈ ആശയത്തിന് പിന്നില്‍.
ശ്രീലങ്ക, ജപ്പാന്, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഉല്പാദിപ്പിക്കുന്ന തനത് വാറ്റുകള്‍ക്ക് വിദേശരാജ്യങ്ങളില്‍ വന്‍ ഡിമാന്‍ഡ് ആണ്. ഇന്ത്യയിലും ഇത്തരം നാടന്‍ മദ്യനിര്‍മ്മാണരീതികള്‍ പ്രചാരത്തിലുണ്ടെങ്കിലും സുരക്ഷാപ്രശ്നങ്ങള്‍ കാരണം വിപണിയില്‍ ലഭ്യമായിരുന്നില്ല. ഇന്ത്യയിലെ നാടന്‍ വാറ്റ് രീതിക്കൊപ്പം അത്യാധുനിക മദ്യനിര്‍മാണ ഉപകരണങ്ങളും കൂടി സമന്വയിപ്പിച്ചാണ് 'മണവാട്ടി'യുടെ ഉത്പാദനം യുകെയില്‍ നടക്കുന്നത്.
യുകെ വിപണിയില്‍ ഇന്ത്യന്‍ മദ്യങ്ങള്‍ എത്തിക്കുന്നതിനായി 2019-ലാണ് ലണ്ടന്‍ ബാരന് ലിമിറ്റഡ് സ്ഥാപിതമായത്. കേരളത്തിലെ നാടന്‍ കള്ള് ഉള്‍പ്പെടെയുള്ളവ യുകെയിലെ വിപണിയില്‍ പരീക്ഷിച്ച് വിജയിച്ച ശേഷമാണ് വാറ്റുചാരായം എന്ന ആശയത്തിലേക്ക് കടന്നത്. 2023 മുതല്‍ 'മണവാട്ടി' യുകെ വിപണിയില്‍ ലഭ്യമായിത്തുടങ്ങി. യുകെയില്‍ തദ്ദേശീയരും പ്രവാസികളും ഒരുപോലെ ഏറ്റെടുത്ത 'മണവാട്ടി' ഇതാദ്യമായാണ് കേരളത്തില്‍ വില്പനയ്ക്കെത്തുന്നത്. പ്രകൃതിദത്ത ഊര്‍ജം എന്നര്‍ഥമുള്ള 'മന'യും കലാകാലങ്ങളായി കള്ള് പുളിപ്പിക്കാന്‍ ഉപയോഗിക്കുന്ന രീതികള്‍ സൂചിപ്പിക്കുന്ന 'വാറ്റി'യും ചേര്‍ന്നാണ് 'മണവാട്ടി' എന്ന പേര് വന്നത്. യുകെയ്ക്ക് പുറത്തുള്ള മറ്റ് രാജ്യങ്ങളിലെ വിപണികളും ''മണവാട്ടി''യെ വില്പനയ്ക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
കൊച്ചിയില്‍ വിമാനം ഇറങ്ങുന്ന എല്ലാവര്ക്കും വിമാനത്താവളത്തിനുള്ളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നും 'മണവാട്ടി' വാങ്ങാന്‍ കഴിയും. ഒരു ലിറ്റര്‍ ബോട്ടിലിന് 3,500 രൂപയാണ് വില. നിലവില്‍ 10% ഡിസ്കൗണ്ട് ഉള്‍പ്പെടെ പ്രാരംഭവിലയായ 3150 രൂപയ്ക്കാണ് വിമാനത്താവളത്തിനുള്ളില്‍ വില്പന നടക്കുന്നത്.
Content Highlights: Manavatti, India`s first commercially produced craft spirit, is now available at Cochin Duty Free
Published: 05 Apr 2025, 03:44 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented