സോഷ്യൽമീഡിയയിലൂടെ വൈറലായ ഒരുപിടി ഭക്ഷണങ്ങൾ നമുക്കിടയിൽ വ്യാപകമാണല്ലോ. എഗ്ഗ് കോഫിയാണിപ്പോൾ ഏറ്റവും ഒടുവിലായി ഇന്റർനെറ്റിൽ തരംഗമാകുന്നത്. വിയറ്റ്‌നാമീസ് എഗ്ഗ് കോഫി എന്നും ഇതറിയപ്പെടുന്നു. വളരെ പ്രചാരം നേടിയെങ്കിലും, ആരോഗ്യപരമായ നിരവധി അപകടങ്ങളും ഇത് വരുത്തിവെക്കുമെന്നാണ് റിപ്പോർട്ടുകൾ.
കാപ്പിയും മുട്ടയുടെ മഞ്ഞയും ചേർത്ത് തയ്യാറാക്കുന്ന ക്രീമി ആയ ഒരു പാനീയമാണിത്. ആദ്യം നല്ല കടുപ്പമുള്ള കാപ്പി ഉണ്ടാക്കി, മുട്ടയുടെ മഞ്ഞ വേർതിരിച്ച് രണ്ട് ടീസ്പൂൺ മധുരമുള്ള കണ്ടൻസ്ഡ് മിൽക്ക്, പഞ്ചസാര (അല്ലെങ്കിൽ തേൻ) എന്നിവ ചേർത്ത് നന്നായി അടിച്ചെടുത്ത് ചൂടുള്ള കാപ്പിയിലേക്ക് ഒഴിച്ചാണിത് തയ്യാറാക്കുന്നത്.
ട്രെൻഡ് അനുസരിച്ച് ധാരാളം ആളുകൾ ഈ പാനീയം ആസ്വദിക്കുന്നുണ്ട്. എന്നാൽ അതിന്റെ ദോഷവശങ്ങളെപ്പറ്റി ആളുകൾക്ക് അത്ര അറിവില്ലെന്നതാണ് സത്യം. എഗ്ഗ് കോഫിയുടെ ആരോഗ്യപരമായ അപകടങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.
രോഗങ്ങൾക്കുള്ള സാധ്യത
പച്ചയോ നന്നായി വേവിക്കാത്തതോ ആയ മുട്ടകൾ കഴിക്കുന്നത് അത്രനല്ലതല്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഇതിൽ സാൽമൊണെല്ല പോലുള്ള ബാക്ടീരിയകൾ ഉണ്ടായേക്കാം. അത് ഛർദ്ദി, വയറിളക്കം, പനി പോലുള്ള രോഗലക്ഷണങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ എന്നിവരുൾപ്പെടെ ദുർബലരായവർക്കും രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്കും ഇത് അപകടമുണ്ടാക്കുന്നു.
സാൽമൊണെല്ല അണുബാധ ഒരു ബാക്ടീരിയൽ രോഗമാണ്, ഇത് കുടലിനെ ബാധിക്കുന്നു. മിക്ക ആളുകൾക്കും മലിനമായ വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ഈ ബാക്ടീരിയ ലഭിക്കുന്നു. അണുബാധ വയറിളക്കത്തിനും ഛർദ്ദിക്കും കാരണമാകുന്നു, ഇത് ഗുരുതരമായ നിർജ്ജലീകരണത്തിലേക്ക് നയിച്ചേക്കാം. കൂടാതെ, അണുബാധ കുടലുകൾക്ക് പുറത്തേക്ക് പടരുകയാണെങ്കിൽ, അത് ജീവന് തന്നെ അപകടകരമായ സങ്കീർണതകൾക്ക് കാരണമായേക്കാം.
അമിതമായ പഞ്ചസാര/കലോറി
മധുരത്തിനായി വലിയ അളവിൽ പഞ്ചസാരയോ കണ്ടൻസ്ഡ് മിൽക്കോ ഉപയോഗിക്കുന്നതിനാൽ അവ കൊഴുപ്പ് കൂടുതലുള്ള മുട്ടയുടെ മഞ്ഞയുമായി ചേരുമ്പോൾ, കോഫിയുടെ കലോറി കൂടുന്നു. ഇത് ശരീരഭാരം വർധിപ്പിക്കാനും ഇൻസുലിൻ പ്രതിരോധം കൂട്ടാനും ഇടയാക്കും. കൂടാതെ ദീർഘകാലയളവിൽ, ഇത് മെറ്റബോളിക് രോഗങ്ങൾക്കുള്ള അപകടസാധ്യത കൂട്ടാനും സാധ്യതയുണ്ട്.
കൊളസ്‌ട്രോൾ
മുട്ടയുടെ മഞ്ഞ നല്ല കൊളസ്‌ട്രോൾ സ്രോതസ്സാണെങ്കിലും, ആരോഗ്യവാന്മാരായ വ്യക്തികൾക്ക് ഇടയ്ക്കിടെ മുട്ട മഞ്ഞ കഴിക്കുന്നത് സുരക്ഷിതമാണ്. എന്നിരുന്നാലും, ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, ഉയർന്ന കൊളസ്‌ട്രോൾ അല്ലെങ്കിൽ മറ്റ് മെഡിക്കൽ അവസ്ഥകൾ ഉണ്ടെങ്കിൽ, മുട്ടയുടെ ഉപയോഗം പരിമിതപ്പെടുത്തണം അല്ലെങ്കിൽ മിതമായി കഴിക്കണം.
ദഹന പ്രശ്‌നങ്ങൾ
എല്ലാവർക്കും പച്ച മുട്ട ഒരേപോലെ ദഹിക്കില്ല. ചില വ്യക്തികൾക്ക് വയറുവേദനയോ ഓക്കാനമോ അനുഭവപ്പെടാം. മറ്റുള്ളവർക്ക് വയറ് അസ്വസ്ഥമാകാം. കൂടാതെ, ചില വ്യക്തികൾക്ക് അസിഡിറ്റി പ്രശ്‌നങ്ങളുള്ളപ്പോൾ, കാപ്പിയും കൊഴുപ്പ് കൂടിയ ഭക്ഷണവും ഒരുമിച്ച് കഴിക്കുന്നത് അസിഡിറ്റി കൂട്ടാൻ സാധ്യതയുണ്ട്.
അമിതമായ കഫീൻ
കാപ്പിയുടെ അടിസ്ഥാന ഘടകം കഫീനാണ്. അമിതമായി കാപ്പി കുടിക്കുന്നത് ഹൃദയമിടിപ്പ് വർധിക്കാനും, ഉറക്കമില്ലായ്മയ്ക്കും, ഉത്കണ്ഠയ്ക്കും കാരണമായേക്കാം. ഒരാൾ ദിവസവും ഒന്നിലധികം കപ്പ് കാപ്പി കുടിക്കുമ്പോൾ ഇങ്ങനെ അനുഭവപ്പെട്ടേക്കാം.
എഗ്ഗ് കോഫി ഇടയ്‌ക്കെപ്പോഴെങ്കിലും കഴിക്കാവുന്നതാണെങ്കിലും, ഇത് ദിവസവും കുടിക്കാൻ പാടില്ലെന്നാണ് വിദഗ്ധർ പറയുന്നത്. സുരക്ഷിതമായി ഈ പാനീയം ആസ്വദിക്കാൻ പാസ്ചറൈസ് ചെയ്ത മുട്ടകൾ ഉപയോഗിക്കാം. പാനീയത്തിൽ പഞ്ചസാരയുടെ അളവ് പരിമിതപ്പെടുത്തണം.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക)
Content Highlights: Risk of Salmonella infection from raw or undercooked egg yolks., High calorie and sugar content from condensed milk and sweeteners., Potential cholesterol concerns for individuals with underlying medical conditions., Digestive issues and acidity triggered by the coffee-egg combination., Expert recommendation to use pasteurized eggs and limit consumption.
Published: 26 Apr 2026, 03:27 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented