ഇത്തവണ ഡിസംബർ തണുപ്പ് കുറച്ച് അധികമാണെന്ന അഭിപ്രായക്കാരാകും ഭൂരിപക്ഷം മലയാളികളും. അതിരാവിലെയുള്ള തണുപ്പിനെ ചെറുക്കാൻ ചൂട് പാനീയങ്ങൾ കുടിക്കുന്നത് പലരും ശീലിച്ചിട്ടുണ്ടാകാം. സ്ഥിരമായി കുടിക്കുന്ന രുചികളിൽ നിന്ന് അൽപം വൃത്യസ്തമായി ചിലത്‌ പരീക്ഷിച്ചാലോ!

To advertise here,

കൊറിയയിലെ നീണ്ട വരണ്ട ശൈത്യകാലത്തെ അതിജീവിക്കാൻ അവിടുത്തെ വീടുകളിൽ പണ്ടുകാലം മുതലേ ഉപയോഗിച്ചുവരുന്ന ചില പരമ്പരാഗത പാനീയങ്ങളുണ്ട്. ദഹനപ്രക്രിയ എളുപ്പമാക്കാനും ശരീരത്തിന് ആവശ്യമായ ചൂട് നൽകാനും ഇവ സഹായിക്കുന്നു. ഇത്തരത്തിലുള്ള ശ്രദ്ധേയമായ അഞ്ച് കൊറിയൻ പാനീയങ്ങൾ ഇവയാണ് -

സുജോങ്‌ഗ്വ (Sujeonggwa): കറുവാപ്പട്ടയും ഇഞ്ചിയും ചേർത്ത് തിളപ്പിച്ചുണ്ടാക്കുന്ന ഈ പാനീയം ദഹനത്തിന് ഏറെ ഫലപ്രദമാണ്. ശൈത്യകാലത്ത് ഇത് ചൂടോടെയാണ് വിളമ്പുന്നത്. സാധാരണയായി ഉണങ്ങിയ ഉപ്പിലിട്ട പഴങ്ങളും പൈൻ നട്ട്‌സും ഇതിൽ അലങ്കാരത്തിനായി ചേർക്കാറുണ്ട്.

ദേച്ചു ച (Daechu Cha): ഉണങ്ങിയ ഇലന്തപ്പം (ജുജുബ്) ചേർത്തുണ്ടാക്കുന്ന ചായയാണിത്. ഇഞ്ചിയും ചേർക്കാറുണ്ട്. കഫീൻ ഇല്ലാത്ത ഈ പാനീയം ക്ഷീണം അകറ്റാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കുന്നു. അസുഖങ്ങളിൽ നിന്ന് മുക്തമാകുന്നവർക്കും യാത്രികർക്കും ഏറെ ഗുണകരമാണ്.

യൂൽമു ച (Yulmu Cha): പൂച്ചക്കുരു എന്ന് വിളിപ്പേരുള്ള ജോബ്സ് ടിയേഴ്സ് (Job’s tears) എന്ന ധാന്യം പൊടിച്ചുണ്ടാക്കുന്ന ഈ പാനീയം ഒരു കഞ്ഞി പോലെ കട്ടിയുള്ളതാണ്. ഇത് വിശപ്പടക്കാൻ സഹായിക്കുന്നതിനാൽ പ്രഭാതഭക്ഷണമായും ഉപയോഗിക്കാറുണ്ട്. കൊറിയൻ തെരുവോരങ്ങളിൽ ശൈത്യകാലത്ത് ഇത് വ്യാപകമായി ലഭിക്കുന്നു.

സെങ്ഗാംഗ് ച (Saenggang Cha): ഇഞ്ചി പ്രധാന ചേരുവയായി ഉപയോഗിക്കുന്ന ഈ പാനീയം ഏറെക്കുറേ നമ്മുടെ ഇഞ്ചിച്ചായയ്ക്ക് സമാനമാണ്. തേയിലയില്ലെന്നു മാത്രം. രക്തചംക്രമണം വർധിപ്പിക്കാൻ സഹായിക്കുന്ന ഈ ചായയിൽ തേനോ, ജുജുബ് പഴങ്ങളോ ചേർക്കാറുണ്ട്.

ഗോംതാങ് (Gomtang): പാനീയം എന്നലിതുപരി പോഷകഗുണമുള്ള ഒരു സൂപ്പാണ് ഗോംതാങ്. ബീഫ് എല്ലുകൾ മണിക്കൂറുകളോളം തിളപ്പിച്ചുണ്ടാക്കുന്ന ഇവ ധാതുക്കളാൽ സമ്പന്നമാണ്.

ചിക്കൻ, ആട്ടിറച്ചി, പോർക്ക് എന്നിവയിലും ഇവ തയ്യാറാക്കാറുണ്ട്. എന്നാലും ബീഫ് ഉപയോഗിച്ച് തയ്യാറാക്കുന്നതാണ് ഏറെ രുചികരം. മുള്ളങ്കിയോട് സാമ്യമുള്ള കൊറിയൻ റാഡിഷാണ് ഇതിലെ മറ്റൊരു പ്രധാന ചേരുവ. മലയാളികൾ ഉള്ളിത്തണ്ട് എന്ന് വിളിക്കുന്ന സ്പ്രിങ് ഒണിയൻസ് (ഗ്രീൻ ഒണിയൻസ്), സബോള, വെളുത്തുള്ളി, തണുത്ത വെള്ളത്തിൽ കുതിർത്ത ഗ്ലാസ് നൂഡിൽസ്, ഫിഷ് സോസ്, ഉപ്പ്, കുരുമുളക് എന്നിവയാണ് മറ്റു ചേരുവകൾ. അന്നജമുള്ള ഭക്ഷണങ്ങളായ മധുരക്കിഴങ്ങ്, ചെറുപയർ എന്നിവയിൽ നിന്നുണ്ടാക്കുന്ന ഒരു തരം നൂഡിൽസാണ് ഗ്ലാസ് നൂഡിൽസ്.