വാഴപ്പഴങ്ങള്‍ പലതരത്തിലുണ്ട്. നിറത്തിലും രൂപത്തിലുമുള്ള വ്യത്യാസം രുചിയിലുമുണ്ട്. പതിവായി നമ്മള്‍ നമ്മള്‍ നേന്ത്രപ്പഴവും റോബസ്റ്റയുമെല്ലാം ഉപയോഗിക്കുമെങ്കിലും അതുപോലെ തന്നെ ആരോഗ്യഗുണങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്ന പഴമാണ് ചെങ്കദളിപ്പഴം. കപ്പ പഴമെന്നും പ്രദേശികമായി ഇതിന് പേരുണ്ട്.

To advertise here,

ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ധൈര്യമായി കഴിക്കാവുന്ന ഒന്നാണിത്. ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ വിശപ്പ് കുറയ്ക്കാന്‍ ഗുണം ചെയ്യും.അമിതമായി ഭക്ഷണം കഴിക്കുന്നതിനെ ഇത് പ്രതിരോധിക്കും. ഇതില്‍ കലോറിയും കുറവാണ്. 

ചെങ്കദളിപ്പഴം വിറ്റാമിന്‍ സി, ബി 6, ഫൈബര്‍, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവയുടെ മികച്ച സ്രോതസാണ്. പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയിരിക്കുന്നതിനാല്‍ ചെങ്കദളിപ്പഴം രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ നല്ലതാണ്. കൂടാതെ വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഇത് കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടും. കൊളാജന്‍ ഉത്പാദനം കൂട്ടാനും സഹായിക്കും. അതിനാല്‍ ഇത് കഴിക്കുന്നത് ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.

ബീറ്റാ കരോട്ടിന്‍ അടങ്ങിയ ചെങ്കദളിപ്പഴം  കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും ഉത്തമമാണ്. നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ശരീരത്തിന് വേണ്ട ഊര്‍ജം പ്രദാനം  ചെയ്യാനും ചെങ്കദളിപ്പഴത്തിന് കഴിയും. ചെങ്കദളിപ്പഴത്തില്‍ വിറ്റാമിന്‍ ബി 6 ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ സെറോടോണിന്‍ ഉത്പാദനത്തിന് സഹായിക്കുന്നു. അതിനാല്‍ മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഈ പഴം കഴിക്കാം.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)