സിനിമാനിര്‍മാതാവും അറിയപ്പെടുന്ന ഇന്റീരിയര്‍ ഡിസൈനറുമാണ് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന്‍. ഒന്‍പത് വര്‍ഷം മുമ്പാണ് ഷാറൂഖിനും ഗൗരിക്കും അബ്രാം ജനിക്കുന്നത്. അച്ഛനൊപ്പം നിരവധി വേദികളില്‍ അബ്രാമും പ്രത്യക്ഷപ്പെടാറുണ്ട്. അടുത്തിടെ നടന്‍ സഞ്ജയ് കപൂറിന്റെ ഭാര്യ മഹീപ് കൗറിനും ഭാവന പാണ്ഡെയ്ക്കുമൊപ്പം പ്രമുഖ ടെലിവിഷന്‍ പരിപാടിയായ കോഫീ വിത്ത് കരണില്‍ പങ്കെടുത്തിരുന്നു.

To advertise here,

പരിപാടിക്കിടെ മക്കളെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ഏറെക്കാര്യങ്ങള്‍ ഗൗരി സംവിധായന്‍ കരണ്‍ ജോഹറുമായി പങ്കുവെച്ചു. കുടുംബത്തിലെ ഓരോരുത്തരുടെയും ഭക്ഷണരീതികളെക്കുറിച്ചും അവര്‍ വാചാലയായി. എന്ത് കൊടുത്താലും ഷാരൂഖ് കഴിക്കുമെന്നും അത് ഉപ്പ് കുറഞ്ഞതായാലും തീരെ ഉപ്പ് ഇല്ലാത്തതായാലും അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ലെന്നും ഗൗരി പറഞ്ഞു. 

മുംബൈയിലെ വടാ പാവ്, ഡല്‍ഹിയിലെ ബേല്‍ പൂരി, കൊല്‍ക്കത്തയിലെ പുഛ്ക, ഗോവന്‍ കൊഞ്ച് കറി എന്നിവയെല്ലാം തനിക്ക് പ്രിയപ്പെട്ടതാണെന്ന് അവര്‍ മനസ്സ് തുറന്നു. തന്നെപ്പോലെ തന്റെ ഇളയ മകന്‍ അബ്രാമും ഒരു തികഞ്ഞ ഭക്ഷണപ്രേമിയാണ് അവര്‍ കൂട്ടിച്ചേര്‍ത്തു. 

ഫുഡ്, ട്രാവല്‍ പ്ലാറ്റ്‌ഫോമായ കേളി ടെയ്ല്‍സിന് നല്‍കിയ അഭിമുഖത്തില്‍ ഗൗരി ഖാന്‍ അബ്രാമിനെക്കുറിച്ച് പറഞ്ഞതാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വീട്ടിലെ ഏറ്റവും വലിയ ഭക്ഷണപ്രേമി അബ്രാമാണ്. അവന്‍ നല്ല ഭക്ഷണം കൂടുതലായി ഇഷ്ടപ്പെടുന്നു. അതേസമയം, അവന് ഓരോ ദിവസവും ശരീരഭാരം കൂടി വരികയാണെന്നും അവനെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഗൗരി പറഞ്ഞു.

ഷാരൂഖിന്റെയും ഗൗരിയുടെയും മൂന്ന് മക്കളില്‍ ഇളയവനാണ് അബ്രാം. ആര്യന്‍ ഖാന്‍, സുഹാന ഖാന്‍ എന്നിവരാണ് മറ്റുമക്കള്‍.