ചൂട് കൂടിയതോടെ നമ്മളില്‍ കൂടുതല്‍പേരും ഡയറ്റില്‍ പഴങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന്റെ അളവ് കൂടിയിട്ടുണ്ട്. ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നവയാണ് പഴങ്ങളെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. എന്നാല്‍ പഴങ്ങള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഉറങ്ങാന്‍ കിടക്കുന്നതിന് തൊട്ടുമുമ്പ് ചില പഴങ്ങള്‍ കഴിക്കുന്നത് ദഹനത്തെയും ഉറക്കത്തെയും ബാധിക്കാം. അത്തരത്തില്‍ രാത്രി കഴിക്കാന്‍ പാടില്ലാത്ത ചില പഴങ്ങളെ അറിഞ്ഞിരിക്കാം.

To advertise here,

പൊതുവേ എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ് ആപ്പിള്‍. ഫൈബറിന്റെ മികച്ച ഉറവിടം കൂടിയാണിത്. എന്നാല്‍ രാത്രി കിടക്കുന്നതിന് മുന്‍പ് ഇത് കഴിക്കുന്നത് അത്ര നല്ലതല്ല. ഇത് ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

തണ്ണിമത്തനാണ് ആളുകള്‍ ഇപ്പോള്‍ കൂടുതലും കഴിക്കുന്നത്. തണ്ണിമത്തനില്‍ വെള്ളം അടങ്ങിയിരിക്കുന്നതിനാല്‍, രാത്രി  ഇവ കഴിക്കുന്നത് അമിതമായി രാത്രി മൂത്രം പോകുന്നതിന് കാരണമായേക്കാം. ഇത് ഉറക്കത്തെ തടസപ്പെടുത്തും. അതിനാല്‍ തണ്ണിമത്തന്‍ രാത്രി കഴിക്കുന്നതിന് പകരം പകല്‍  കഴിക്കുന്നതാകും നല്ലത്. 

പേരയ്ക്കയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. പേരയ്ക്കയും രാത്രി കഴിക്കുന്നത് ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുപോലെ തന്നെ രാത്രി ഓറഞ്ച് കഴിച്ചാല്‍, ഇവയിലെ  ആസിഡ് സാന്നിധ്യം മൂലം ചിലര്‍ക്ക് അസിഡിറ്റി പ്രശ്‌നങ്ങള്‍ വരുത്തിവെയ്ക്കും.

രാത്രി പപ്പായ കഴിക്കുന്നത്  ചിലരില്‍ ദഹന പ്രശ്‌നങ്ങളുണ്ടാക്കാം. അത്തരക്കാര്‍ രാത്രി പപ്പായ കഴിക്കുന്നത് ഒഴിവാക്കുന്നതാകും നല്ലത്.പൈനാപ്പിള്‍ രാത്രി കഴിക്കുന്നതും നല്ലതല്ല. പൈനാപ്പിളിലും  ആസിഡ് സാന്നിധ്യം ഉള്ളതിനാല്‍ ഇവയും രാത്രി കഴിക്കുന്നത് ചിലരില്‍ നെഞ്ചെരിച്ചിലോ അസിഡിറ്റിയോ വരുന്നതിന് കാരണമാകും.

(ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം നിങ്ങളുടെ ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)