മുഖക്കുരു എപ്പോഴും വരുന്ന ചര്‍മമാണോ നിങ്ങളുടേത് , എങ്കില്‍ ഡയറ്റില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക തന്നെ വേണം. നമ്മുടെ ഭക്ഷണക്രമത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ മുഖക്കുരു കൂടതലായേക്കാം.ഇത് തടയാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം. 

To advertise here,

കൂടുതലായി കലോറിയും കാര്‍ബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണങ്ങള്‍, അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ സംസ്‌കരിച്ച ഭക്ഷണങ്ങള്‍ തുടങ്ങിയവ അമിതമായി കഴിക്കുന്നത്  മുഖക്കുരുവിന്റെ സാധ്യതയെ കൂട്ടും. അതിനാല്‍ ഡയറ്റില്‍ നിന്നും ഇവ ഒഴിവാക്കാന്‍ ശ്രദ്ധിക്കാം.

എണ്ണയില്‍ പൊരിച്ചതും വറുത്തതുമായ ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുന്നതും മുഖക്കുരുവിനുള്ള സാധ്യത വര്‍ധിപ്പിക്കും. അതിനാല്‍ എണ്ണ അടങ്ങിയ ഭക്ഷണങ്ങളും പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ടതുണ്ട്.

കൂടിയ അളവില്‍ പഞ്ചസാരയുടെ ഉപയോഗം മുഖക്കുരു ഉണ്ടാക്കും. കാരണം പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുമ്പോള്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുകയും ഇതു ചര്‍മത്തിലെ ഗ്രന്ഥികളില്‍ എണ്ണ അമിതമായി ഉത്പാദിപ്പിക്കുന്നതിന് കാരണമാകുകയും ചെയ്യും. ഈ അധിക എണ്ണ ചര്‍മത്തിലെ സുഷിരങ്ങള്‍ അടയ്ക്കുകയും മുഖക്കുരു ഉണ്ടാകാന്‍ കാരണമാവുകയും ചെയ്യും. 

പാലുത്പ്പന്നങ്ങളും ചിലരില്‍ മുഖക്കുരുവിന് കാരണമാകാം. കാരണം പാലും പാലുത്പ്പന്നങ്ങളും ചര്‍മത്തില്‍ എണ്ണ ഉത്പാദനം കൂട്ടുന്നവയാണ്. അത് മുഖക്കുരു ഉണ്ടാകാനുള്ള സാധ്യതയെ കൂട്ടുകയും ചെയ്യും.  അതിനാല്‍ ക്രീം, ചീസ്, കോട്ടേജ് ചീസ് തുടങ്ങിയവ പരമാവധി ഡയറ്റില്‍ നിന്നും  ഒഴിവാക്കുന്നതാണ് മുഖക്കുരുവിനെ തടയാന്‍ ഗുണം ചെയ്യും.


 (ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)