ര്‍മ്മക്കുറവ് നമ്മളില്‍ പലരേയും അലട്ടുന്ന പ്രശ്‌നമാണ്. അത്യാവശ്യഘട്ടങ്ങളില്‍ മറവി നമ്മള്‍ക്ക് പല വെല്ലുവിളികളും ഉയര്‍ത്താറുണ്ട്. ഓര്‍മ്മക്കുറവിനെ നിസാരമായി തള്ളിക്കളയരുത്. ഓര്‍മ്മക്കുറവ്, ചിന്തയിലെ ബുദ്ധിമുട്ടുകള്‍, ശ്രദ്ധിക്കാനാവാത്ത അവസ്ഥ തുടങ്ങിയ ഡിമെന്‍ഷ്യയുടെ ലക്ഷണങ്ങളുമാകാം.ഡിമെന്‍ഷ്യ സാധ്യത കുറയ്ക്കാനും ഓര്‍മ്മ കൂട്ടാനും സഹായിക്കുന്ന ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.

To advertise here,

സാല്‍മണ്‍, അയല, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങള്‍ ഡയറ്റില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. ഇവയെല്ലാം ഒമേഗ -3 ഫാറ്റി ആസിഡുകളുടെ മികച്ച സ്രോതസാണ്. ഇവ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.

ഡാര്‍ക്ക് ചോക്ലേറ്റില്‍ ഫ്‌ളേവനോയ്ഡുകള്‍, കഫീന്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇതും ഓര്‍മ്മക്കുറവിനെ പ്രതിരോധിക്കുകയും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെട്ടതാക്കുകയും ചെയ്യും. നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഇതിനെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്.

ഇലക്കറികള്‍ കഴിക്കുന്നതും തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. വിറ്റാമിനുകളായ കെ, ഇ, ഫോളേറ്റ്, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് ഡിമെന്‍ഷ്യ സാധ്യത കുറയ്ക്കാനും ഓര്‍മ്മശക്തി കൂട്ടാനും സഹായിക്കും. അതിനാല്‍ ചീര പോലെയുള്ള ഇലക്കറികള്‍ ഡയറ്റില്‍  നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. 

ബ്ലൂബെറി, സ്ട്രോബെറി, ബ്ലാക്ക്ബെറി തുടങ്ങിയ ബെറിപ്പഴങ്ങളില്‍ ആന്റി ഓക്‌സിഡന്റുകള്‍ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിലെ കോശങ്ങളെ കേടുപാടുകളില്‍നിന്ന് സംരക്ഷിക്കാന്‍ ഗുണം ചെയ്യും. ആരോഗ്യകരമായ കൊഴുപ്പുകള്‍, ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പുഷ്ടമാണ് നട്‌സുകള്‍. ഇവയെല്ലാം തലച്ചോറിന്റെ ആരോഗ്യം മികച്ചതാക്കും.

ഗ്രീന്‍ ടീയില്‍ നിരവധി ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്.  ഇതും തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ഡിമെന്‍ഷ്യ സാധ്യത കുറയ്ക്കുകയും മറവിയെ ചെറുക്കാന്‍ സഹായിക്കുകയും ചെയ്യും. 

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)