
ആഗോളതലത്തിൽ ഒക്ടോബർ 24 മുതൽ 31 വരെ അന്താരാഷ്ട്ര ബ്രെയിൻ ട്യൂമർ അവബോധ വാരമായി ആചരിക്കപ്പെടുകയാണ്. ബ്രെയിൻ ട്യൂമറുകളെക്കുറിച്ചും അവയുടെ ഭൗതിക ലക്ഷണങ്ങളെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചും പൊതുജനങ്ങളിൽ കൃത്യമായ അറിവ് എത്തിക്കുക എന്നതാണ് ഈ വാരത്തിന്റെ പ്രധാന ലക്ഷ്യം. എന്നാൽ, രോഗത്തെക്കുറിച്ചുള്ള ചർച്ചകളിൽ പലപ്പോഴും തലവേദന, അപസ്മാരം, കാഴ്ച മങ്ങൽ തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകൾക്ക് കിട്ടുന്ന പ്രാധാന്യം രോഗികളുടെ മാനസികവും ചിന്താപരവുമായ മാറ്റങ്ങൾക്ക് ലഭിക്കാറില്ല. ഒരു ബ്രെയിൻ ട്യൂമർ എന്നത് തലച്ചോറിലെ കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ച മാത്രമായി ഒതുങ്ങുന്നില്ല. അത് ഒരു വ്യക്തിയുടെ ചിന്തകളെയും വൈകാരിക സ്വഭാവത്തെയും ദൈനംദിന പെരുമാറ്റത്തെയും വരെ നിശബ്ദമായി മാറ്റിമറിക്കാം.
ന്യൂറോബയോളജിക്കൽ വിഭജനവും പെരുമാറ്റമാറ്റങ്ങളും
തലച്ചോറിലെ ഏത് ഭാഗത്താണ് ട്യൂമർ വളരുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കും അതിൻ്റെ ആഘാതം അനുഭവപ്പെടുന്നത്. മനുഷ്യന്റെ വ്യക്തിത്വം, തീരുമാനങ്ങളെടുക്കാനുള്ള ശേഷി, ആസൂത്രണം എന്നിവയെ നയിക്കുന്ന ഫ്രണ്ടൽ ലോബിൽ ഉണ്ടാകുന്ന വളർച്ചകൾ രോഗികളിൽ പ്രകടമായ സ്വഭാവമാറ്റങ്ങൾ ഉണ്ടാക്കുന്നു.
ക്ലിനിക്കൽ പഠനങ്ങൾ സൂചിപ്പിക്കുന്നത് ബ്രെയിൻ ട്യൂമർ ബാധിതരിൽ മൂന്ന് പ്രധാന പെരുമാറ്റ വ്യതിയാനങ്ങൾ കടന്നുകൂടാമെന്നാണ്:
ഉദാസീനത (Apathy): ജീവിതത്തോടുള്ള താത്പര്യമില്ലായ്മ, മന്ദത, വൈകാരിക പ്രതികരണങ്ങളുടെ കുറവ്.
നിയന്ത്രണമില്ലായ്മ (Disinhibition): പെട്ടെന്നുള്ള ദേഷ്യം, അനാവശ്യമായ പ്രകോപനം, സാമാന്യ മര്യാദകൾക്കതീതമായ പെരുമാറ്റം.
കാര്യനിർവ്വഹണ തടസ്സം (Executive Dysfunction): ഒരു കാര്യം ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും തീരുമാനങ്ങളെടുക്കാനുമുള്ള കഴിവില്ലായ്മ.
അതുപോലെ തന്നെ, ഹോർമോൺ ഉൽപ്പാദനത്തെ ബാധിക്കുന്ന പിറ്റ്യൂട്ടറി ട്യൂമറുകൾ കടുത്ത വിഷാദത്തിനും മൂഡ് മാറ്റങ്ങൾക്കും വഴിതെളിക്കുമ്പോൾ, ടെമ്പോറൽ ലോബിലെ ട്യൂമറുകൾ ഓർമ്മശക്തിയെയും ആശയവിനിമയ ശേഷിയെയും സങ്കീർണ്ണമായി ബാധിക്കുന്നു.
ഓർമ്മക്കുറവിലേക്ക് നയിക്കുമ്പോൾ
മനുഷ്യന്റെ ഓർമ്മകളെ സ്വീകരിക്കുന്നതിലും സംഭരിക്കുന്നതിലും തലച്ചോറിലെ വിവിധ ഭാഗങ്ങൾ പങ്കുവഹിക്കുന്നുണ്ട്. ബ്രെയിൻ ട്യൂമറുകൾ പ്രധാനമായും രണ്ടുതരം ഓർമ്മക്കുറവുകൾക്ക് കാരണമാകാം:
1 റെട്രോഗ്രേഡ് അംനീഷ്യ: രോഗനിർണ്ണയത്തിന് അല്ലെങ്കിൽ ചികിത്സയ്ക്ക് മുമ്പുള്ള പഴയ ഓർമ്മകൾ പൂർണ്ണമായോ ഭാഗികമായോ നഷ്ടപ്പെടുക.
2 ആന്ററോഗ്രേഡ് അംനീഷ്യ: പുതിയ വിവരങ്ങളോ സംഭവങ്ങളോ ഓർമ്മയിൽ സൂക്ഷിക്കാൻ സാധിക്കാതെ വരിക.
കൂടാതെ, ട്യൂമറിന്റെ വളർച്ച മാത്രമല്ല അതിൻ്റെ ചികിത്സാ രീതികളും (സർജറി, റേഡിയേഷൻ, കീമോതെറാപ്പി) നാഡീകോശങ്ങൾക്ക് താൽക്കാലികമായോ ദീർഘകാലത്തേക്കോ തളർച്ചയുണ്ടാക്കാം. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള താൽക്കാലിക നീർക്കെട്ട് മൂലം ഓർമ്മക്കുറവ് സംഭവിക്കാറുണ്ട്. ഇത് പലപ്പോഴും രോഗിയിൽ വലിയ ഭയവും ആത്മവിശ്വാസക്കുറവും സൃഷ്ടിക്കുന്നു.
രോഗിയെയും പരിചരിക്കുന്നവരെയും ഒരുപോലെ ബാധിക്കുന്ന അവസ്ഥ
പെരുമാറ്റത്തിലും ഓർമ്മയിലുമുള്ള ഇത്തരം മാറ്റങ്ങൾ രോഗിയുടെ മാത്രം പ്രശ്നമല്ല; മറിച്ച് കുടുംബാംഗങ്ങൾക്കും പരിചരിക്കുന്നവർക്കും കടുത്ത മാനസിക സമ്മർദ്ദമുണ്ടാക്കുന്ന ഒന്നാണ്. ഒരു വ്യക്തിയുടെ യഥാർത്ഥ സ്വഭാവത്തിൽ വരുന്ന ഇത്തരം വ്യതിയാനങ്ങൾ പലപ്പോഴും രോഗ ലക്ഷണമാണെന്ന് തിരിച്ചറിയാതെ, വ്യക്തിപരമായ പെരുമാറ്റദോഷമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ഇത് രോഗിയും കുടുംബവും തമ്മിലുള്ള ബന്ധങ്ങളിൽ അകൽച്ചയുണ്ടാക്കാൻ ഇടയാക്കുന്നു. അടുത്തിടെ അവരുടെ സ്വഭാവത്തിലോ പെരുമാറ്റത്തിലോ കാര്യമായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ടെകിൽ അത് തിരിച്ചറിയേണ്ടതും ഡോക്ടറുടെ ശ്രദ്ധയിൽ പെടുത്തേണ്ടതും മറ്റൊരു പ്രധാന കാര്യമാണ്.
ചികിത്സയും പുനരധിവാസവും
ബ്രെയിൻ ട്യൂമർ ചികിത്സയിൽ ശസ്ത്രക്രിയയും റേഡിയേഷനും പോലെ തന്നെ പ്രാധാന്യമർഹിക്കുന്നതാണ് മാനസിക-വൈകാരിക പിന്തുണയും.
ന്യൂറോസൈക്കോളജിക്കൽ സപ്പോർട്ട്: കൃത്യമായ കൗൺസിലിംഗും സൈക്കോതെറാപ്പിയും രോഗിയുടെ രോഗപ്രതിരോധ ശേഷിയെയും ആത്മവിശ്വാസത്തെയും വർദ്ധിപ്പിക്കുന്നു.
ഓർമ്മ സഹായികൾ: പ്രധാനപ്പെട്ട കാര്യങ്ങൾ കുറിച്ചുവെക്കുന്ന ഡയറികൾ, റിമൈൻഡർ ആപ്പുകൾ, ഷെയർഡ് കലണ്ടറുകൾ എന്നിവ ഉപയോഗിക്കുന്നത് ദിവസേനയുള്ള ഓർമ്മക്കുറവിനെ മറികടക്കാൻ സഹായിക്കും.
കോഗ്നിറ്റീവ് തെറാപ്പി: ചിന്താശേഷിയും സംസാരശേഷിയും വീണ്ടെടുക്കുന്നതിനായുള്ള പ്രത്യേക പരിശീലനങ്ങൾ രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് വേഗത്തിൽ മടങ്ങിവരാൻ വഴിയൊരുക്കുന്നു.
ഒരു ബ്രെയിൻ ട്യൂമർ ബാധിതനെ പരിചരിക്കുമ്പോൾ അവരുടെ ശാരീരിക പുരോഗതിക്കൊപ്പം തന്നെ പ്രാധാന്യത്തോടെ മനസ്സിലാക്കേണ്ടതാണ് അവരുടെ ഉള്ളിൽ നടക്കുന്ന ചിന്താപരവും വൈകാരികവുമായ മാറ്റങ്ങളും. രോഗം മൂലം ഒരാളുടെ സ്വഭാവം മാറുമ്പോൾ അത് അവരുടെ കുറ്റമല്ല, മറിച്ച് തലച്ചോറിലുണ്ടാകുന്ന മാറ്റങ്ങളുടെ ഫലമാണെന്ന തിരിച്ചറിവ് സമൂഹത്തിനുണ്ടാകണം. ഈ ബ്രെയിൻ ട്യൂമർ അവബോധ വാരത്തിൽ, അത്തരം മാറ്റങ്ങളെ സ്നേഹത്തോടും സഹാനുഭൂതിയോടെയും കാണാൻ നമുക്ക് സാധിക്കണം. ചികിത്സ എന്നാൽ രോഗത്തെ മാറ്റൽ മാത്രമല്ല, രോഗിയുടെ വ്യക്തിത്വത്തെയും ജീവിത നിലവാരത്തെയും സംരക്ഷിക്കൽ കൂടിയാണ് എന്ന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും കരുതലോടെ താങ്ങായി നിൽക്കാം.
കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ ന്യൂറോസർജറി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമാണ് ലേഖകൻ.
Content Highlights: Explore how brain tumor symptoms can lead to significant behavioral changes, affecting personality and daily life, during Brain Tumor Awareness Week.
Published: 27 Oct 2026, 04:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented