ബോളിവുഡിലെ എക്കാലത്തെയും വലിയ വിവാദങ്ങളിലൊന്നായ സൽമാൻ ഖാൻ-ഐശ്വര്യ റായ് പ്രണയത്തകർച്ചയെക്കുറിച്ച് നിർണായക വെളിപ്പെടുത്തലുമായി ഐശ്വര്യയുടെ മുൻ ബോഡിഗാർഡും നടനുമായ കേതൻ കരാണ്ടെ രംഗത്ത്. രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ്, സൽമാൻ ഖാനിൽ നിന്ന് ഐശ്വര്യ റായ്ക്ക് സംരക്ഷണം നൽകുന്നതിനായി ഏഴ് ദിവസത്തേക്കാണ് തന്നെ ബോഡിഗാർഡായി നിയമിച്ചതെന്ന് കേതൻ വെളിപ്പെടുത്തി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.

To advertise here,

Read More: ‘എന്തിനാണ് ഐശ്വര്യയെ തൊട്ടത്?’ സൽമാനോട് ദേഷ്യപ്പെട്ട സഞ്ജയ് ലീല ഭൻസാലി ചോദിച്ചു 

'കുച്ച് നാ കഹോ' സെറ്റിലെ സുരക്ഷയും അപ്രതീക്ഷിത കൂടിക്കാഴ്ചയും

2002-ൽ അഭിഷേക് ബച്ചനൊപ്പം 'കുച്ച് നാ കഹോ' എന്ന ചിത്രത്തിൽ ഐശ്വര്യ അഭിനയിക്കുന്ന സമയത്തായിരുന്നു സംഭവം. അഭിഷേകിനൊപ്പം ഐശ്വര്യ അഭിനയിക്കുന്നതിൽ സൽമാൻ ഖാന് കടുത്ത എതിർപ്പുണ്ടായിരുന്നുവെന്ന് പ്രമുഖ എഴുത്തുകാരി കാവേരി ബംസായ് തന്റെ 'ദി ത്രീ ഖാൻസ്' എന്ന പുസ്തകത്തിലും പരാമർശിച്ചിട്ടുണ്ട്.'ഞാൻ ഒരിക്കൽ ഐശ്വര്യ റായിയുടെ ബോഡിഗാർഡായിരുന്നു. സൽമാൻ ഖാൻ കാരണമാണ് എന്നെ നിയമിച്ചത്. അദ്ദേഹത്തിൽ നിന്ന് ഐശ്വര്യയെ സുരക്ഷിതയാക്കി നിർത്താനായി ഏഴ് ദിവസത്തേക്കായിരുന്നു ആ ജോലി,' കേതൻ പറയുന്നു. ഐശ്വര്യയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവരികയും സുരക്ഷിതമായി ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിക്കുകയുമായിരുന്നു പ്രധാന ചുമതല.

Read More: റോയൽ ലുക്ക്, ക്ലാസിക് നമസ്‌തേ, സെലിനെ ചേർത്തുപിടിച്ചൊരു ആലിംഗനം; പാരീസ് ഫാഷൻ വീക്കിൽ താരങ്ങളുടെ താരമായി ആഷ് 

ഒരിക്കൽ വിക്രം ഭട്ടിന്റെ ഒരു ഫാഷൻ ഷോയിൽ പങ്കെടുക്കാൻ ഐശ്വര്യക്കൊപ്പം പോയപ്പോഴുണ്ടായ അനുഭവവും കേതൻ ഓർത്തെടുക്കുന്നുണ്ട്. 'ഷോ കഴിഞ്ഞ് ഞങ്ങൾ കാറിൽ മടങ്ങുമ്പോൾ മുന്നിൽ സൽമാൻ ഖാൻ നിൽക്കുന്നത് കണ്ടു. എന്ത് ചെയ്യണമെന്നറിയാതെ ഞങ്ങളെല്ലാവരും ഭയന്നുപോയി. കാറിൽ നിന്ന് ഇറങ്ങേണ്ടി വരുമെന്നാണ് ഞാൻ കരുതിയത്. എന്നാൽ, ഇറങ്ങേണ്ടതില്ലെന്ന് ഡ്രൈവർ പറയുകയും പെട്ടെന്ന് വണ്ടി വെട്ടിത്തിരിച്ച് അവിടെനിന്ന് ഓടിച്ചുപോകുകയുമായിരുന്നു.'

ഈ സംഭവത്തിന് തൊട്ടുപിന്നാലെ താൻ ആ ജോലി ഉപേക്ഷിച്ചുവെന്ന് കേതൻ വ്യക്തമാക്കി. സൽമാൻ ഖാന്റെ കൈവശം തോക്കുണ്ടാകാൻ സാധ്യതയുണ്ടെന്ന ഭയവും, ബോഡിബിൽഡിംഗ് കരിയറിനെ ഈ ജോലി ബാധിക്കുമെന്ന ചിന്തയുമാണ് പിന്മാറാൻ പ്രേരിപ്പിച്ചത്. കൂടാതെ, സൽമാന്റെയും ഐശ്വര്യയുടെയും വലിയൊരു ആരാധകനായിരുന്നതിനാൽ, അവരുടെ വ്യക്തിപരമായ പ്രശ്‌നങ്ങൾക്കിടയിൽ ഇടപെടാൻ താൻ ആഗ്രഹിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിനിമാ ലോകത്ത് ഐശ്വര്യ നേരിട്ട ഒറ്റപ്പെടൽ

സൽമാൻ ഖാനുമായുള്ള ബന്ധം വേർപിരിഞ്ഞ കാലത്ത് ഐശ്വര്യ നേരിട്ട മാനസിക സമ്മർദ്ദങ്ങളെക്കുറിച്ച് അവരുടെ അയൽവാസിയും പ്രശസ്ത പരസ്യചിത്ര സംവിധായകനുമായ പ്രഹ്ലാദ് കക്കറും മുൻപ് വെളിപ്പെടുത്തിയിരുന്നു. സൽമാൻ ഖാൻ അപ്പാർട്ട്‌മെന്റിന്റെ താഴെ വന്ന് ബഹളമുണ്ടാക്കുകയും ചുമരിൽ തലയിടിക്കുകയും ചെയ്യുമായിരുന്നുവെന്നും, ആ ബന്ധം അവസാനിച്ചത് ഐശ്വര്യയ്ക്കും കുടുംബത്തിനും വലിയ ആശ്വാസമായിരുന്നുവെന്നും പ്രഹ്ലാദ് കക്കർ പറഞ്ഞിരുന്നു.

സൽമാൻ ഖാൻ ഷൂട്ടിംഗ് സെറ്റുകളിൽ ഉണ്ടാക്കിയ പ്രശ്‌നങ്ങൾ കാരണം 'ചൽത്തേ ചൽത്തേ' ഉൾപ്പെടെയുള്ള പല വമ്പൻ സിനിമകളിൽ നിന്നും ഐശ്വര്യയ്ക്ക് പുറത്തുപോകേണ്ടി വന്നിട്ടുണ്ട്. കേതൻ കരാണ്ടെയുടെ ഈ വെളിപ്പെടുത്തലിലൂടെ അക്കാലത്ത് ബോളിവുഡ് സിനിമാ ലോകം ഒന്നടങ്കം സൽമാൻ ഖാന്റെ പക്ഷം ചേരുകയും ഐശ്വര്യയെ ഒറ്റപ്പെടുത്തുകയുമായിരുന്നുവെന്ന ചർച്ചകൾ വീണ്ടും സജീവമാവുകയാണ്‌