നമ്മള്‍ പിന്തുടരുന്ന ആഹാരക്രമം നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കുമെന്നാണല്ലോ പറയാറ്. ശാരീരിക ആരോഗ്യത്തിനെന്നപോലെ മാനസികാരോഗ്യത്തേയും
സ്വാധീനിക്കാന്‍ നമ്മുടെ ഭക്ഷണത്തിന് കഴിയും. ആരോഗ്യപ്രദമായ ആഹാരക്രമത്തിന് നമ്മുടെ ആയുസ്സ് നിര്‍ണയിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുകയാണ് പുതിയ പഠനങ്ങള്‍. ആരോഗ്യപ്രദമായ ആഹാരക്രമം പിന്തുടരുന്നവരുടെ ആയുസ്സ് 13 വര്‍ഷം വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് പഠനം പറയുന്നു. 

To advertise here,

നോര്‍വേയിലെ യൂണിവേഴ്‌സിറ്റി ഓഫ് ബെര്‍ഗനിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. പി.എല്‍.ഒ.എസ്. മെഡിസിന്‍ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. എന്തുതരം ഭക്ഷണമാണ് നാം നിര്‍ബന്ധമായും കഴിക്കേണ്ടത് അത് എപ്രകാരമാണ് നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നത് എന്നിവ കണ്ടെത്തുന്നതിനാണ് പഠനം നടത്തിയത്. ആരോഗ്യത്തിന് അടിസ്ഥാനഘടകമാണ് ഭക്ഷണം. തെറ്റായ ആഹാരക്രമം ആഗോളതലത്തില്‍ പ്രതിവര്‍ഷം 11 മില്ല്യണ്‍ മരണങ്ങള്‍ക്ക് കാരണമാകുന്നു-റിപ്പോര്‍ട്ടില്‍ പറയുന്നു. 

പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, റിഫൈന്‍ഡ് ഗ്രെയ്ന്‍സ്, നട്‌സ്, മത്സ്യം, മുട്ട, പാലുത്പന്നങ്ങള്‍, റെഡ് മീറ്റ്, സംസ്‌കരിച്ച ഇറച്ചി, പഞ്ചസാര-മധുര പാനീയങ്ങള്‍ എന്നിവ കഴിക്കുമ്പോള്‍ ആയുര്‍ദൈര്‍ഘ്യത്തിലുണ്ടാകുന്ന മാറ്റമാണ് ഗവേഷകര്‍ നിരീക്ഷിച്ചത്. 

മൂന്നുതരം ആഹാരക്രമമാണ് പഠനത്തില്‍ താരതമ്യം ചെയ്യപ്പെട്ടത്. ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, മത്സ്യം, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ഉള്‍പ്പെട്ടതാണ് ഒന്നാമത്തെ ആഹാരക്രമം. ഇത് കൂടാതെ സ്വല്‍പം നട്‌സും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി. സംസ്‌കരിച്ച മാംസം, ധാന്യങ്ങള്‍, മധുരപാനീയങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന പാശ്ചാത്യ ആഹാരക്രമം ആണ് രണ്ടാമത്തേത്. ഇവ രണ്ടും ഇടകലര്‍ത്തിയുള്ളതാണ് മൂന്നാമത്തെ ആഹാരക്രമം. 

20 വയസ്സുമുതല്‍ പശ്ചാത്യ ഭക്ഷണരീതി മാറ്റി ആദ്യത്തെ രീതിയിലുള്ള ആഹാരക്രമം ശീലമാക്കുന്നവരില്‍ ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുന്നതായി കണ്ടെത്തി. സ്ത്രീകളില്‍ ഇത് 10.7 വര്‍ഷവരെയും പുരുഷന്മാരില്‍ 13 വര്‍ഷം വരെയും ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുന്നതായി കണ്ടെത്തി. റെഡ്മീറ്റും സംസ്‌കരിച്ച മാംസവും കുറച്ച്, കൂടുതല്‍ പയറുവര്‍ഗങ്ങളും ധാന്യങ്ങളും നട്‌സും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തെ സ്വാധീനിക്കുമെന്നാണ് കണ്ടെത്തല്‍. 60 വയസ്സുകഴിഞ്ഞവരില്‍ പോലും ഈ ആഹാരക്രമം കാര്യമായ മാറ്റം ഉണ്ടാക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.