സുഗന്ധവ്യഞ്ജനങ്ങളില്‍ മുമ്പനാണ് കറുവപ്പട്ട. കറുവപ്പട്ടയിട്ട വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ രാവിലെയാണോ അതോ രാത്രിയാണോ കറുവപ്പട്ട വെള്ളം കുടിക്കേണ്ടതെന്ന കാര്യത്തില്‍ പലര്‍ക്കും സംശയമാണ്. 

To advertise here,

കറികളിലും മധുരപലഹാരങ്ങളിലുമെല്ലാം ചേര്‍ക്കുന്ന കറുവപ്പട്ട ഭക്ഷണത്തിന്റെ രുചിയും മണവുമെല്ലാം കൂട്ടുന്നതില്‍ പ്രധാനിയാണ്. ഇതിന്റെ പോഷകഗുണങ്ങളെ കുറിച്ച് അറിയാവുന്നതുകൊണ്ടുതന്നെ നിരവധിപേരാണ് കറുവപ്പട്ട വെള്ളം നിത്യവും കുടിക്കുന്നത്. ബ്ലഡ് ഷുഗര്‍ തുലനപ്പെടുത്താനും ദഹനം മെച്ചപ്പെടുത്തുവാനും ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കുന്നു. എന്നാല്‍ രാത്രിയോ രാവിലെയോ? ഏതാണ് കറുവപ്പട്ട വെള്ളം കുടിക്കാന്‍ അനുയോജ്യമായ സമയം? 

രാവിലെ കുടിച്ചാലുള്ള ഗുണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം;
രാവിലെ വെറുംവയറ്റില്‍ കറുവപ്പട്ട വെള്ളം കുടിക്കുന്നത് മെറ്റബോളിസം കൂട്ടാന്‍ സഹായിക്കും. ഇത് കൂടുതല്‍ കലോറി എരിച്ചുകളയുന്നു. 

വിഷാംശമുള്ള വസ്തുക്കള്‍ പുറംതള്ളുന്നു
ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് കറുവപ്പട്ടയെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഹെല്‍ത്ത് ശരിവെക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കറുവപ്പട്ട വിഷാംശമുള്ള വസ്തുക്കള്‍ പുറംതള്ളുന്നു. 

മധുരത്തോടുള്ള ആസക്തി കുറയ്ക്കാന്‍ സഹായിക്കുന്നു
ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പദാര്‍ഥമാണ് കറുവപ്പട്ട. മധുരത്തോടുള്ള ആസക്തി കുറയ്ക്കാന്‍ ഇവ സഹായിക്കുന്നു. പ്രാതലിന് മധുരമുള്ള ഭക്ഷണം കഴിക്കാന്‍ തോന്നുന്നവര്‍ക്ക് അത് തടയാനായി കറുവപ്പട്ടവെള്ളം കുടിക്കാവുന്നതാണ്. 

കറുവപ്പട്ടവെള്ളം രാത്രിയില്‍ കുടിച്ചാല്‍ എന്തെല്ലാമാണ് ഗുണങ്ങളെന്ന് നോക്കാം;

ദഹനം മെച്ചപ്പെടുത്തുന്നു
രാത്രി അമിതമായി ആഹാരം കഴിച്ചുകഴിഞ്ഞാല്‍ അവ ദഹിക്കുന്നതിനെപ്പറ്റിയാകും പലരുടേയും ആശങ്ക. കറുവപ്പട്ടവെള്ളം കുടിച്ചാല്‍ ഈ ആശങ്ക ഒഴിവാക്കാം. കാരണം കറുവപ്പട്ട ദഹനത്തിന് സഹായിക്കുന്ന എന്‍സൈമുകളെ ഉത്തേജിപ്പിക്കാന്‍ സഹായിക്കുന്നു. 

കറുവപ്പട്ടയില്‍ ആന്റി ഇന്‍ഫ്‌ളമേറ്ററി ഘടകങ്ങള്‍ ധാരാളമുണ്ട്. രാത്രിയില്‍ ഈ വെള്ളം കുടിക്കുന്നത് ഇന്‍ഫ്‌ളമേഷന്‍ കുറയ്ക്കാനും ശരീരത്തിന് ആയാസം നല്‍കാനും സഹായിക്കുന്നു. 

മെറ്റബോളിസം കൂട്ടാനും ശരീരഭാരം കുറയ്ക്കാനുമാണ് ലക്ഷ്യമിടുന്നതെങ്കില്‍ രാവിലെ കറുവപ്പട്ട വെള്ളം കുടിക്കുന്നതാണ് നല്ലത്. ദഹനം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനുമാണ് നിങ്ങള്‍ ഈ പാനീയം കഴിക്കുന്നതെങ്കില്‍ രാത്രിസമയം തിരഞ്ഞെടുക്കണം. ആരോഗ്യം മെച്ചപ്പെടുത്താനായി കറുവപ്പട്ടവെള്ളം കുടിക്കുന്നവര്‍ അത് കൃത്യമായ അളവില്‍ മാത്രം കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. 

ഗര്‍ഭിണികളും രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറവുള്ളവരും കരള്‍ രോഗങ്ങളുള്ളരും ദിവസം കറുവപ്പട്ടവെള്ളം കുടിക്കുന്നത് ഒഴിവാക്കേണ്ടതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)