ശരീരത്തിന് ആവശ്യമായ പോഷകം കിട്ടാനായി പലും പാലുല്‍പ്പന്നങ്ങളും കഴിക്കുകയെന്നത് എല്ലാവരും പിന്തുടരുന്നതാണ്. എന്നാല്‍ പാലിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന വാദവും മറുവശത്തുണ്ട്. ഈ സാഹചര്യത്തില്‍ തത്തുല്യമായ പോഷകം കിട്ടുന്ന മറ്റ് ഭക്ഷ്യവസ്തുക്കളുണ്ടോ എന്ന അന്വേഷണം സ്വാഭാവികം.

To advertise here,

ഇനി പാലില്‍ എന്തെല്ലാമാണ് അടങ്ങിയിരിക്കുന്നതെന്ന് നോക്കാം. ഒരു കപ്പ് പാലില്‍ 149 കലോറിയുണ്ട്. കൂടാതെ എട്ടു ഗ്രാം കൊഴുപ്പും എട്ടുഗ്രാം പ്രോട്ടീനുമുണ്ട്. കാല്‍സ്യവും പൊട്ടാസിയവുമാണ് മറ്റ് പോഷകങ്ങള്‍. ഇവയ്ക്ക് പകരംവെക്കാവുന്ന സസ്യജന്യമായ ഭക്ഷ്യവസ്തുക്കള്‍ ഇനിപ്പറയുന്നു.

ബദാം മില്‍ക്ക്

സാധാരണ ജ്യൂസുകടകളില്‍കിട്ടുന്നതുപോലെ പാലില്‍ ബദാം പൊടി കലക്കുന്നതല്ല ഇത്. ബദാം കുതിര്‍ത്ത് അരച്ചെടുക്കുന്ന ദ്രാവകമാണിത്. ഒരു കപ്പ് ബദാം മില്‍ക്കില്‍ 39 കലോറി അടങ്ങിയിരിക്കുന്നു. ഒരു ഗ്രാം പ്രോട്ടീനും രണ്ടര ഗ്രാം  കൊഴുപ്പുമുണ്ടാകും. സ്വാദിനും പ്രശ്‌നമില്ലാത്തതിനാല്‍ പാലിന് അലര്‍ജിയുള്ളവര്‍ക്ക് പകരം ഉപയോഗിക്കാവുന്നതാണിത്.

സോയ മില്‍ക്ക്

സോയാബീനില്‍ നിന്ന് എടുക്കുന്നതാണിത്. ഒരു കപ്പില്‍ എഴു ഗ്രാം പ്രോട്ടീന്‍, നാല് ഗ്രാം കൊഴുപ്പ്, 80 കലോറി എന്നിങ്ങനെയാണ് പോഷകനിലവാരം. പാലിന് അലര്‍ജിയുള്ളവര്‍ക്ക് ഉപയോഗിക്കാം. എന്നാല്‍ സോയ മില്‍ക്കിന്റെ സ്വാദ് ചിലര്‍ക്ക് ഇഷ്ടപ്പെടണമെന്നില്ല.

തേങ്ങ പാല്‍

കാപ്പിയിലും ചായിലും പാലിന് പകരം ഉപയോഗിക്കുന്ന തേങ്ങപ്പാല്‍ പായസത്തിന്റെ സ്വാഭാവിക കൂട്ടാണ്. ഒരു കപ്പില്‍ 74 കലോറിയും അഞ്ച് ഗ്രാം കൊഴുപ്പും ഒരു ഗ്രാം പ്രോട്ടീനുമാണുള്ളത്. 

റൈസ് നില്‍ക്ക്

അരിയില്‍ നിന്നും പാലിന് സമാനമായ ഉത്പന്നമുണ്ടാക്കാമെന്ന് പലര്‍ക്കും അറിയാത്തതാണ്. മധുരം കൂടുതലുള്ളതാണ് റൈസ് മില്‍ക്ക്. പക്ഷെ ഇതില്‍ ഊര്‍ജത്തിന്റെ സാന്നിധ്യം കൂടുതലാണ്, 113 കലോറി. ഒരു ഗ്രാം പ്രോട്ടീനും രണ്ട് ഗ്രാം കൊഴുപ്പുമാണുള്ളത്.

ഇവ കൂടാതെ ഓട്‌സ്, ഫ്‌ളാക്‌സ് സീഡ്, കശുവണ്ടി, തുടങ്ങിയവയില്‍ നിന്നും പാലിന് സമാനമായ ഉത്പന്നങ്ങളുണ്ടാക്കുന്നുണ്ട്.

അതുപോലെ പാചകത്തിന് വെണ്ണയ്ക്ക് പകരവും സസ്യജന്യമായ വസ്തുക്കളും പഴങ്ങളും ഉപയോഗിക്കാം. വെളിച്ചെണ്ണ, ഒലിവെണ്ണ,അവോക്കാഡോ, നേന്ത്രപ്പഴം എന്നിവ പലഹാരങ്ങളുണ്ടാക്കുമ്പോള്‍ വെണ്ണയ്ക്ക് പകരമായി ചേര്‍ക്കാം.  പാലിനും പാലുല്‍പ്പന്നങ്ങള്‍ക്കും ബദലുണ്ടെന്ന് ചുരുക്കം.

Content Highlights: Alternatives of milk