ചില കറികളുണ്ടേല്‍ ചോറ് കഴിക്കുന്നത് അറിയില്ല. അളവില്‍ കൂടുതല്‍ കഴിച്ചുപോകുന്ന സ്ഥിതി വരും. അത്തരത്തില്‍  ഉച്ചയൂണ് കുശാലാക്കാന്‍ ചെമ്മീന്‍ വിഭവങ്ങള്‍ മതിയാകും. അത്തരത്തില്‍ വീട്ടിലുണ്ടാക്കുവാന്‍ കഴിയുന്ന രുചിയൂറുന്ന രണ്ട് കറികളാണ് ചെമ്മീന്‍ പാല്‍ കറിയും ചെമ്മീന്‍ മസാല ഫ്രൈയും. ഇനി ഊണിന് ഇത് പരീക്ഷിക്കാം. 

To advertise here,
placeholder
.
 ചെമ്മീന്‍ പാല്‍ കറി

ചേരുവകള്‍

ചെമ്മീന്‍ - 250ഗ്രാം
തേങ്ങാപ്പാല്‍
ഒന്നാംപാല്‍ - 1 കപ്പ്
രണ്ടാംപാല്‍ - 1 1/2  കപ്പ്
ചുവന്നുള്ളി - 10 എണ്ണം
വെളുത്തുളളി നീളത്തില്‍ അരിഞ്ഞത് - 6-7 അല്ലി
ഇഞ്ചി നീളത്തില്‍ അരിഞ്ഞത് - 1 ടേബിള്‍സ്പൂണ്‍
പച്ചമുളക് - 2 എണ്ണം
തക്കാളി - 1
കുടംപുളി - 1 ചെറിയ കഷ്ണം
മല്ലിപ്പൊടി - 1 ടീസ്പൂണ്‍
മുളകുപൊടി - 1 ടീസ്പൂണ്‍
കുരുമുളക് പൊടി - 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
ഉലുവ - 1/4 ടീസ്പൂണ്‍
കറിവേപ്പില - 2 തണ്ട്
വെളിച്ചെണ്ണ - 2 ടേബിള്‍സ്പൂണ്‍
ഉപ്പ് - പാകത്തിന്

പാചകരീതി

കഴുകി വൃത്തിയാക്കിയ ചെമ്മീനില്‍ അല്പം ഉപ്പ്, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി എന്നിവ പുരട്ടി വെക്കുക.ഒരു ചട്ടിയില്‍ നീളത്തില്‍ അരിഞ്ഞ ചുവന്നുള്ളി, വെളുത്തുളളി, ഇഞ്ചി, പച്ചമുളക്, തക്കാളി, കുടംപുളി, മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, ചെമ്മീന്‍, തേങ്ങയുടെ രണ്ടാംപാല്‍, പാകത്തിന് ഉപ്പ്, അല്പം കറിവേപ്പില എന്നിവ ചേര്‍ത്ത് അടച്ച് വച്ച് വേവിക്കുക. 

ചെമ്മീന്‍ വെന്ത് കറിയുടെ പച്ചമണം മാറുന്നത് വരെ പാകം ചെയ്യുക.അതിലേക്ക് ഒന്നാംപാല്‍ കൂടെ ചേര്‍ത്ത് യോജിപ്പിച്ച് ചൂടാകുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റുക. മറ്റൊരു പാത്രത്തില്‍ വെളിച്ചെണ്ണ ചൂടാക്കി ഉലുവ, ചെറുതായി അരിഞ്ഞ ചുവന്നുള്ളി, കറിവേപ്പില എന്നിവ മൂപ്പിച്ച് കറിയിലേക്ക് താളിച്ചൊഴിക്കുക. ചോറ്, അപ്പം, പുട്ട് എന്നിവയ്‌ക്കൊപ്പം വിളമ്പാം.

ചെമ്മീന്‍ മസാല ഫ്രൈ

placeholder
.
 ചെമ്മീന്‍ മസാല ഫ്രൈ

ചേരുവകള്‍

ചെമ്മീന്‍ - 250ഗ്രാം
സവാള - 1 ഇടത്തരം വലുപ്പം
ഇഞ്ചി - 1 ചെറിയ കഷ്ണം
വെളുത്തുള്ളി - 10-12 അല്ലി
തക്കാളി- 1
പച്ചമുളക് - 1-2 
കാശ്മീരി മുളക്പൊടി - 3/4 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി - 1 ടീസ്പൂണ്‍
പെരുംജീരകം - 1/2 ടേബിള്‍സ്പൂണ്‍
കുരുമുളക് പൊടി - 2 ടേബിള്‍സ്പൂണ്‍
ഉണക്കമുളക് ചതച്ചത് - 2 ടീസ്പൂണ്‍
ഉലുവപ്പൊടി - ഒരു നുള്ള്
വെളിച്ചെണ്ണ - 2 ടേബിള്‍സ്പൂണ്‍
കറിവേപ്പില - 2 തണ്ട്
ഉപ്പ് - പാകത്തിന്

പാചകരീതി

സവാള, തക്കാളി, ഇഞ്ചി, വെളുത്തുളളി, പച്ചമുളക് പെരുംജീരകം, മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവ നന്നായി അരച്ച് എടുക്കുക. അതിലേക്ക് ചതച്ച ഉണക്കമുളക്, ഉലുവപ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക പാകത്തിന് ഉപ്പ്, ചതച്ച വറ്റല്‍മുളക് ചേര്‍ത്ത് കഴുകി വൃത്തിയാക്കിയ ചെമ്മീനിലേക്ക് മസാല ചേര്‍ത്ത് 15 മിനുട്ട് വെക്കുക.

ശേഷം വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് ചെമ്മീന്‍-മസാല കൂട്ട് നിരത്തി ചെറുതീയില്‍ വറുക്കാനായി  വെക്കാം. ഇടക്കിടെ ഇളക്കി കൊടുക്കാം.ചെമ്മീന്‍ വെന്ത് മസാല മൂത്ത് വരുമ്പോള്‍ കുരുമുളക് പൊടി ചേര്‍ത്ത് കൊടുക്കുക.ആവശ്യമെങ്കില്‍ അല്‍പം കറിവേപ്പില കൂടെ ചേര്‍ത്ത് കൊടുക്കാം.മസാല മൊരിഞ്ഞു വരുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റാം.ചൂടോടെ വിളമ്പാം.