മുള്ളങ്കി- ശീതകാല പച്ചക്കറികളിലെ പ്രധാനി. നമ്മൾ മലയാളികളുടെ സ്ഥിരം പച്ചക്കറി ലിസ്റ്റിൽ മുള്ളങ്കിയെ അല്പം വിരളമായെ ഉൾപ്പെടുത്താറുള്ളുവെങ്കിലും ഒരുപാട് പോഷകഗുണം നിറഞ്ഞ ഈ പച്ചക്കറിയെ ഇഷ്ടപ്പെടുന്നവരുമുണ്ട്.
വിറ്റാമിൻ സിയുടെ കലവറ തന്നെയാണ് മുള്ളങ്കികൾ (റാഡിഷ്). കൂടാതെ കരളിന്റെയും വൃക്കയുടെയും ആരോഗ്യത്തിനും വളരെ നല്ലതാണത്രെ മുള്ളങ്കി. മുള്ളങ്കിയുടെ ഇലകളും ഗുണകരം തന്നെ.

To advertise here,

സ്വർണവർണ ദോശ, കൊങ്കണി സ്റ്റൈൽ സുർനളിയും കുടങ്ങലില ചമ്മന്തിയും

ഉത്തരേന്ത്യക്കാരുടെ പ്രിയപ്പെട്ട പച്ചക്കറിയാണ് മൂളി അല്ലെങ്കിൽ മുള്ളങ്കി. കൊങ്കണികളും മുള്ളങ്കി കൊണ്ട് ഒരുപാടു വിഭവങ്ങളുണ്ടാക്കാറുണ്ട്.
വെളുത്തുള്ളി മൂപ്പിച്ച് അതിൽ വഴറ്റി എടുക്കുന്ന 'മുള്ളങ്കി തളാസിനി' വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന വിഭാവമാണ്. മുള്ളങ്കി മാത്രം ചേർത്തുണ്ടാക്കുന്ന സാമ്പാറിന് മുള്ളങ്കിയുടെ സവിശേഷ മണം കൂടിയുണ്ടാകും. കൊങ്കണികളുടെ പുതു തലമുറ മുള്ളങ്കി ഫ്രൈ പോലും ആവിഷ്കരിച്ചു കഴിഞ്ഞിരിക്കുന്നു. പരിപ്പും മുള്ളങ്കിയും വേവിച്ചതിൽ തേങ്ങാ അരപ്പും ചേർത്ത് ഉള്ളി താളിച്ചുണ്ടാക്കുന്ന
'അമ്പട്ട്' എന്ന കറിയും കൊങ്കണികൾ ചോറിനൊപ്പം ഒരുപാട് ഇഷ്ടപ്പെടുന്നു.

പ്രോട്ടീൻ സമ്പുഷ്ടമായ തുവര പരിപ്പുകൊണ്ട് കൊങ്കണികളുടെ ‘തോരി സാറു’ പരീക്ഷിക്കാം

ഇന്ന് പരിചയപ്പെടുത്തുന്നത് കൊങ്കണികളുടെ മുള്ളങ്കി വിഭവങ്ങളിലെ പ്രധാനിയായ 'മുള്ളങ്കി സുക്കെ' ആണ്. ചോറിനൊപ്പം തൊടു കറിയായാണ് ഇത് വിളമ്പുക. നന്നേ കുറുകി ആണിതിന്റെ പരുവം. കൂട്ടിനു മിക്കവാറും പരിപ്പ് കറി ആയിരിക്കും.

പാചകരീതിയിലേക്ക് 

ചേരുവകൾ

1.മുള്ളങ്കി - 2 വലുത്
2.ഉരുളക്കിഴങ്ങ് -1 വലുത്
3.സവാള - 1 വലുത്
4.തുവരപ്പരിപ്പ് - 1/4 കപ്പ്‌
5.മല്ലി - 2 ടീസ്പൂൺ
6.ഉഴുന്ന് - ഒന്നര ടീസ്പൂൺ
7.വറ്റൽ മുളക്- 10-12 എണ്ണം
8.തേങ്ങ - 1 കപ്പ്‌
9.വാളൻ പുളി-ചെറിയ കഷ്ണം
10.കടുക്- 1 ടീസ്പൂൺ
11.കറിവേപ്പില- ഒരു കതിർപ്പ്
12.വെളിച്ചെണ്ണ- 3 ടീസ്പൂൺ
13.ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

തുവരപരിപ്പ് കുക്കറിൽ വേവിയ്ക്കുക. മല്ലി, ഉഴുന്ന്, വറ്റൽ മുളക് എന്നിവ അല്പം എണ്ണയിൽ ചെറുതീയിൽ ചുവക്കെ വറുക്കുക. തേങ്ങയും വാളൻ പുളിയും വറുത്ത ചേരുവകളും കൂടി ഒരുമിച്ച് അല്പം തരുതരുപ്പായി അരച്ചെടുക്കുക.

ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും താളിക്കുക. ഇതിലേക്ക് സവാള ചേർത്ത് വാടിവരും വരെ വഴറ്റുക. ഇനി ഉരുളക്കിഴങ്ങും മുള്ളങ്കിയും ഉപ്പ് ചേർത്ത് നന്നായി വഴറ്റുക. ശേഷം ഒരു കപ്പ് വെള്ളവും ചേർത്ത് അടച്ചു വെച്ച് ചെറുതീയിൽ പാകം ചെയ്യുക.
വെന്തു വരാറാകുമ്പോൾ വേവിച്ച തുവരപ്പരിപ്പ് ചേർക്കാം.
അല്പം കഴിഞ്ഞ് അരപ്പും ചേർത്ത് നന്നായി ഇളക്കി വെള്ളം ഏകദേശം വറ്റി ഫോട്ടോയിൽ കാണുന്ന പരുവമാകുമ്പോൾ വാങ്ങി വെയ്ക്കാം. മുള്ളങ്കി സുക്കെ തയ്യാർ.
മുള്ളങ്കിയുടെ ഇലകൾ കൂടിയുണ്ടെങ്കിൽ അവയും അരിഞ്ഞു ചേർക്കാവുന്നതാണ്. ഫോട്ടോയിൽ കാണുന്ന സുക്കെ മുള്ളങ്കിയുടെ ഇലകൾ കൂടി ചേർന്നതാണ്.