ആവിയിൽ വെന്ത പലഹാരങ്ങളെ പ്രിയപ്പെട്ടതാക്കുന്നത് അവയുടെ രുചി മാത്രമല്ല, പോഷകഗുണങ്ങൾ കൂടിയാണ്. ഇഡ്ഡലിയോ അടകളോ പുട്ടോ അങ്ങനെ എന്തുമാകട്ടെ, നമ്മുടെ തീന്മേശകളിൽ ഇവയ്ക്കുള്ള സ്ഥാനം മുൻപന്തിയിലാകാനുള്ള കാരണം ഇതൊക്കെ തന്നെയാണ്.

To advertise here,

അത്തരത്തിൽ നാം കൊതിയോടെ കഴിക്കുന്ന രുചികളിലൊന്നാണ് കൊഴുക്കട്ടകൾ. ഉള്ളിൽ മധുരം നിറച്ചവയാണെങ്കിൽ പിന്നേ പറയേണ്ട. എന്നാൽ, നല്ല കറി കൂട്ടി കഴിക്കാവുന്ന കൊങ്കണി സ്റ്റൈൽ 'ഉണ്ടി' എന്ന കൊഴുക്കട്ടയെ കുറിച്ച് കേട്ടിട്ടുണ്ടോ? അരിപ്പൊടിയല്ല, അരി തന്നെയാണിവിടെ താരം. താരതമ്യേനെ അല്പം ജോലിഭാരം കൂടുതൽ ഉണ്ടെങ്കിലും രുചിയുടെ കാര്യത്തിൽ വിട്ടു വീഴ്ചയില്ലയെന്ന് ഞാനുറപ്പ് തരാം.

പച്ചരി കൊണ്ടോ പുഴുക്കലരി കൊണ്ടോ കൊങ്കണികൾ കൊഴുക്കട്ട തയ്യാറാക്കാറുണ്ട്. പച്ചരിയേക്കാളും കുറച്ചധികം നേരം പുഴുക്കലരി കുതിർന്നു വരാൻ സമയമെടുക്കുന്നത് കൊണ്ട് ഇന്ന് പച്ചരികൊണ്ടുള്ള കൊഴുക്കട്ട ആണ് കൂടുതൽ പ്രചാരം. എങ്കിലും മുതിർന്നവർ പകർന്നുതന്ന ഈ പലഹാരം തീർച്ചയായും നമ്മൾ ഭക്ഷണ ശീലത്തിൽ ഉൾപ്പെടുത്തേണ്ടതാണ്.

സാമ്പാറിനോ, കടലക്കറിക്കോ ഒപ്പം വിളമ്പാവുന്നതാണ്. സവാളയും മുളകും പുളിയും ഞെരടിയുണ്ടാക്കുന്ന ഗൊജ്ജു എന്ന തൊടുകറിക്കൊപ്പം കഴിക്കാനാണ് പലർക്കുമിഷ്ടം. ഇനി ഇവയൊന്നുമില്ലെങ്കിലും ശർക്കര പാനിയോ, പഞ്ചസാരയോ ഒക്കെ ചേർത്ത് കഴിക്കാൻ ഇഷ്ടപ്പെടുന്നവരുമുണ്ട്.

ചേരുവകൾ 

  • പുഴുക്കലരി / മട്ടയരി - 2 കപ്പ്‌
  • തേങ്ങാ - 2 കപ്പ്‌
  • വെള്ളം - 2 കപ്പ്‌
  • കടുക് - 1 ടീസ്പൂൺ
  • ഉഴുന്ന് - 1 ടീസ്പൂൺ
  • ഉലുവ - 1 ടീസ്പൂൺ
  • ഉപ്പ് -ആവശ്യത്തിന്
  • വെളിച്ചെണ്ണ- 2 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

മട്ടയരി കഴുകി ആറു മണിക്കൂർ എങ്കിലും കുതിർക്കുക. തേങ്ങ നന്നായി അരയ്ക്കുക. ശേഷം കുതിർത്ത അരി ചേർത്ത് ആവശ്യത്തിന് വെള്ളം ചേർത്ത് ഒരൽപ്പം തരുതരുപ്പായി അരച്ചെടുക്കുക. അധികം അരഞ്ഞു പോവരുത്. ഇനി ഇതിലേക്ക് ഉപ്പ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

ഒരു വാവട്ടമുള്ള പാനിലോ ഉരുളിയിലോ മറ്റോ വെളിച്ചെണ്ണ ചൂടാക്കി കടുകും ഉഴുന്നും ഉലുവയും ചേർത്ത് താളിക്കുക. ഇതിലേക്ക് അരച്ച മാവ് ചേർത്ത് കൈ എടുക്കാതെ ചെറു തീയിൽ ഇളക്കുക. അഞ്ചോ ആറോ മിനിറ്റുകൾക്കുള്ളിൽ തന്നെ മാവ് കുറുകി വശങ്ങളിൽ നിന്നും വിട്ട്, ഒരു ബോൾ പോലെ ഒരുമിച്ച് ഉരുണ്ടു വരും. അപ്പോൾ അടുപ്പിൽ നിന്നും മാറ്റി, ചൂടോടെ തന്നെ ചെറുബോൾ പോലെ ഉരുട്ടി ഇഡ്ഡലി ചെമ്പിലേക്ക് ആവിയിൽ പുഴുങ്ങാനായി വെയ്ക്കുക.

ഇരുപത് മിനിറ്റെങ്കിലും ആവിയിൽ വെന്തു വരേണ്ടതാണ്. ഇഷ്ടമുള്ള കറി ചേർത്ത് കഴിക്കാവുന്നതാണ്.