ചക്കക്കാലം- രുചിമേളങ്ങൾ തകർത്തു പെയ്യുന്ന അടുക്കളകളുടേത് കൂടെയാണ്. കൊത്തൻ ചക്ക, ഇടിച്ചക്ക, വിളഞ്ഞ ചക്ക, പഴംചക്ക തുടങ്ങി ചക്കയുടെ വളർച്ചയുടെ ഓരോ ഭാവങ്ങൾക്കനുസരിച്ച് പല തരം വിഭവങ്ങൾ  ആസ്വദിക്കുന്ന ദിനങ്ങൾ. അതിൽ അച്ചാർ തൊട്ട് ഉപ്പേരിയും കൂട്ടുകറിയും അവിയലും ഉണ്ണിയപ്പവും പായസവും വരേ ഉൾപ്പെടും. കൊങ്കണികൾ പപ്പടമുണ്ടാക്കുന്നതിനൊപ്പം വിളഞ്ഞ ചക്ക ചുളകൾ ഉപ്പിലിട്ടുവെക്കുകയും ചെയ്യും. ചക്കയില്ലാ കാലത്ത് മൂക്കുമുട്ടെ രുചിക്കാൻ. അത്തരം ഒരു കൊങ്കണി വിഭവമാവട്ടെ ഇന്ന്.

To advertise here,

മധുര പ്രേമികൾ ചക്ക പ്രേമികൾ കൂടെയായാൽ പിന്നേ ഈ രുചി തീർച്ചയായും ഉണ്ടാക്കി കഴിച്ചിരിക്കും. ഇത് 'മുദ്ദോ'. കുറച്ചൂടെ സ്പഷ്ടമായി പറഞ്ഞാൽ, 'പൊൺസാ മുദ്ദോ'. പൊണോസു എന്നാൽ കൊങ്കണിയിൽ ചക്ക എന്നർത്ഥം. ആവിയിൽ വേവിച്ചെടുക്കുന്ന പലഹാരങ്ങൾക്ക് പൊതുവിൽ വിളിക്കുന്ന പേരാണ് മുദ്ദോ.
മലയാളികളുടെ ചക്കയപ്പത്തിനോട് സാദൃശ്യം ഉണ്ടെങ്കിലും, പാചകരീതിയിൽ വ്യത്യാസമുണ്ട്. അരിപ്പൊടി എടുക്കാതെ, പച്ചരി ആണ് ഇതിനായി ഉപയോഗിക്കുക. മാവ് തളികയിൽ കോരി ഒഴിച്ചു ആവിയിൽ പാകം ചെയ്തെടുക്കും. ഇതേ മാവ് ചെമ്പകത്തിന്റെ ഇലകളിലോ, തേക്കിലയിലോ ഒഴിച്ചും പൊൺസാ മുദ്ദോ തയ്യാറാക്കും. അതാത് ഇലകളുടെ വാസന കൂടേ അന്നേരമിതിൽ കൂടിച്ചേരും. തേക്കില ആണെങ്കിൽ ഒരിളം ചുവപ്പ് നിറം കൂടെയും കാണും.
വെണ്ണയോ നെയ്യോ കൂടേ വിളമ്പിയാണ് കൊങ്കണികൾ പൊൺസാ മുദ്ദോ കഴിക്കുക.

പാചകരീതിയിലേക്ക് :
1.പച്ചരി - 1 കപ്പ്
2.പഴുത്ത ചക്ക ചുള- 15- 20 വരെ
3.തേങ്ങ - 1 കപ്പ്
4.ശർക്കര -1/4 കിലോ ( ചക്കയുടെ മധുരത്തിനനുസരിച്ചു കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം )
5.ഉപ്പ് - ഒരു നുള്ള്

തയ്യാറാക്കുന്ന വിധം 

  • പച്ചരി ഒരു മൂന്നു മണിക്കൂർ കുതിർക്കുക.
  • ശേഷം തേങ്ങയും ചക്കചുളകളും നന്നായി അരയ്ക്കുക.
  • ഇതിലേക്ക് കുതിർത്തു വെച്ച പച്ചരി ചേർത്ത് ഇത്തിരി തരുതരുപ്പായി അരച്ചെടുക്കുക .
  • ശർക്കര ഉരുക്കി കരട് കളഞ്ഞു അരച്ച് വെച്ച കൂട്ടിലേക്ക് ചേർക്കുക.
  • മാവ് തീരെ നേർത്തു പോവരുത് , ഇത്തിരി കട്ടിയായി തന്നെ വെയ്ക്കുക.
  • ഇനി ഒരു നുള്ള് ഉപ്പ് കൂടെ ചേർക്കാം .
  • നന്നായി മിക്സ് ചെയ്തു നെയ്മയം പുരട്ടിയ തളികയിൽ ഒഴിച്ച് ഇരുപതു മിനുറ്റുകളോളം ആവി കേറ്റാം.
  • ചൂടറിയതിനു ശേഷം ഇഷ്ടമുള്ള ഷേപ്പിൽ മുറിച്ചു നെയ്യ് കൂടെ വെച്ച് വിളമ്പാം .

ശ്രദ്ധിക്കുക:

1.നല്ലയിനം ശർക്കര ആണെങ്കിൽ ഉരുക്കേണ്ടതില്ല , നേരിട്ട് ചീവി ചേർക്കാവുന്നതാണ്.

2.ചക്കവരട്ടി ആണ് ചേർക്കുന്നതെങ്കിൽ മാവ് അരച്ച് കഴിഞ്ഞു അതിലേക്ക് നേരിട്ട് ചേർക്കാം. ചക്കവരട്ടിയുടെ മധുരം അനുസരിച്ചു, ശർക്കരയുടെ അളവ് ക്രമീകരിക്കാം.