പയർ വർഗ്ഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അവയുടെ പോഷക ഗുണം കൊണ്ടുതന്നെയാണ്. കടല, പയർ, മുതിര, പോലുള്ളവ മുതിർന്നവർക്കും കുട്ടികൾക്കുമൊക്കെ ഒരുപോലെ ഗുണകരമാണ്. കൊങ്കണികൾ ഒരു പടി കൂടെ മുന്നിൽ പോയി മേൽപ്പറഞ്ഞ ധാന്യങ്ങൾ കൂടാതെ തുവര,തിങ്കളവര, പല തരത്തിലുള്ള അമര പയർ, ബട്ടർ ബീൻസ്, രാജ്മ പോലുള്ളവ കൂടെ ഭക്ഷണ ക്രമത്തിൽ ഉൾപ്പെടുത്തും.
ഇത്തരം പയർ വർഗ്ഗങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നതാണ് തുവര. ഉരുണ്ട ആകൃതിയിൽ, കറുത്ത നിറത്തിൽ കടലയെക്കാൾ ചെറുതുമായ ഈ പയർ വർഗം വടക്കൻ കേരളത്തിൽ കൂടുതൽ ഉപയോഗിക്കുന്നതായി കാണുന്നു. കൃഷി ചെയ്യാനും എളുപ്പമാണ്. കൂടുതലും ഉണക്ക തുവര കൊണ്ടുള്ള വിഭവങ്ങളാണ് പ്രചാരത്തിൽ ഉള്ളതെങ്കിലും പച്ച തുവര കറി വെച്ചാലും രുചികരം തന്നെ. തോടു പൊളിച്ചു തുറന്ന് തുവര എടുക്കുന്നത് ഒരല്പം ശ്രമകരമായ ജോലിയാണെങ്കിലും ആളുകൾ ഏറെ ഇഷ്ടപ്പെടുന്ന രുചിയാണ് പച്ച തുവരയ്ക്കും.
തുവരയെ കൊങ്കണിയിൽ വിളിക്കുന്ന പേരാണ് 'തോരി'. ആഴ്ചയിൽ ഒരിക്കലെങ്കിലും കൊങ്കണികൾ തോരി വിഭവങ്ങൾ ഉണ്ടാക്കും. കൂടാതെ വിശേഷ ദിവസങ്ങളിലെ സദ്യകളിലും തുവര കറി വിളമ്പാറുണ്ട്.
തുവര കൊണ്ട് ഒഴിച്ച് കറികളും തൊടുകറികളും കൊങ്കണികൾ ഉണ്ടാക്കും. അധികം എരിവില്ലാതെ തുവരയ്ക്കൊപ്പം കൂട്ടിനായി ഇടിച്ചക്കയോ ചേനയോ കൂർക്കയോ ഒക്കെ ചേർത്ത് തേങ്ങ കൂട്ട് അരച്ച് കടുകും കറിവേപ്പിലയും താളിച്ചുണ്ടാക്കുന്ന 'ഘശി ' തന്നെ മുൻപന്തിയിൽ. ഇതേ കൂട്ട് അല്പം എരിവ് കൂട്ടി നിറയേ വെളുത്തുള്ളി ചുവക്കെ മൂപ്പിച്ച് താളിച്ചു ചേർത്താൽ അത് 'തോരി ബെന്തി ' ആയി മാറും. ഇനി പ്രത്യേക മസാല വറുത്തു തേങ്ങാ ചേർത്തരച്ചുണ്ടാക്കുന്ന 'തോരി സുക്കെ' മറ്റൊരു പ്രധാനി.
കാസർഗോഡ്, കണ്ണൂർ ഭാഗത്തു തുവര കൊണ്ട് പായസം കൂടെ വെയ്ക്കാറുണ്ടെന്ന് ഇതിനൊപ്പം കൂട്ടി ചേർക്കട്ടെ.
ഇന്ന് പരിചയപ്പെടുത്തുന്നത് തുവര രുചികളിലെ ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കാവുന്നതും എന്നാൽ അത്ര തന്നേ രുചികരമായ കറിയായ 'തോരി സാറു' ആണ്. മലയാളത്തിലെ ചാറ് എന്നതിന് തത്തുല്യമായ വാക്കായിരിക്കാം കൊങ്കണിയിലേ സാറു. തേങ്ങ അരപ്പ് ഒന്നും ചേർക്കാതെ അല്പം ചാറു കൂട്ടി, വെറുതെ താളിച്ചെടുക്കുന്ന സാറു എന്ന ഈ കറി തുവരയേ കൂടാതെ ഏതു ധാന്യ വർഗം കൊണ്ടും ഉണ്ടാക്കാം. നമ്മൾ എടുക്കുന്ന അതാത് ധാന്യത്തിനു അനുസരിച്ചു രുചി മാറും. കടല, ചെറുപയർ, മുതിര കൂടാതെ മേൽപ്പറഞ്ഞ എല്ലാ ധാന്യങ്ങൾ കൊണ്ടും ഇതേ രീതിയിൽ സാറു ഉണ്ടാക്കാം. ചൂട് ചോറിനൊപ്പം ഇത് വിളമ്പിയാൽ പിന്നൊരു പപ്പടവും അച്ചാറുമുണ്ടെങ്കിൽ തന്നെ ഊണ് കുശാലാക്കാം.
പാചകരീതിയിലേക്ക് :
ചേരുവകൾ :
1.തുവര- 1 കപ്പ്
2.വെള്ളം- രണ്ടര കപ്പ്
3. വെളുത്തുള്ളി- 8-12 അല്ലികൾ
4.വറ്റൽ മുളക്- 5-8 വരേ
5.വെളിച്ചെണ്ണ- ഒന്നര ടീസ്പൂൺ
6.ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
- തുവര കഴുകി തലേന്ന് രാത്രി കുതിർത്ത് വെയ്ക്കുക.
- കുതിർക്കാതെയും തുവര പാകം ചെയ്യാവുന്നതാണ്. പാകമാവാൻ ഒരല്പം സമയം കൂടുതൽ എടുക്കുമെന്ന് മാത്രം.
- ഇനി കുക്കറിൽ വെള്ളമൊഴിച്ചു തുവര വെന്തു പാകമാകുംവരെ കുക്കറിൽ വേവിയ്ക്കുക.
- ശേഷം ഉപ്പ് ചേർത്ത് നന്നായി തിളപ്പിക്കുക.
- അല്പം ചാറു കൂട്ടി വേണം അയവ്.
- ഇനി ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി വെളുത്തുള്ളി അല്ലികൾ തൊലി കളഞ്ഞു മുഴുവനോടെ ചേർത്ത് ചുവക്കെ മൂപ്പിക്കുക.
മൂത്തു വരുമ്പോൾ വറ്റൽ മുളക് ചെറു കഷ്ണങ്ങളാക്കി ഇതിൽ ചേർത്ത് വറുക്കുക.
ഈ താളിപ്പ് തുവരയിൽ ചേർത്താൽ കൊങ്കണികളുടെ പ്രിയപ്പെട്ട 'തോരി സാറു' തയ്യാർ
Content Highlights: Learn to make `Thori Saaru`, a simple yet delicious Konkani toor dal recipe from Kerala
Published: 11 Oct 2025, 11:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented