നമ്മൾ തെക്കേ ഇന്ത്യക്കാർക്ക് സാമ്പാർ ഒരു വികാരമാണ്. ഓരോ പ്രദേശത്തും ഓരോ രീതിയിലാണ് സാമ്പാറിന്റെ ചേരുവകൾ വറുക്കുന്നതും മറ്റും. വടക്കൻ ജില്ലകളിൽ നിന്നും വ്യത്യസ്തമാണ് തെക്കൻ ജില്ലകളിലെ സാമ്പാർ കൂട്ട്. എന്തിനേറെ, ഓരോ വീടുകളിൽ പോലും ഓരോ രീതിയിലാണ് സാമ്പാർ കൂട്ടും രുചിയും. അവനവൻ കഴിച്ച് വളർന്ന രുചി അവനവനു പ്രിയം എന്നിരിക്കെ ഇന്ന് കൊങ്കണികളുടെ സാമ്പാർ കൂടി പരിചയപ്പെടുത്താം.
വിശേഷ ദിവസങ്ങളിൽ ഉള്ളി, വെളുത്തുള്ളി അടങ്ങുന്ന ഭക്ഷണം പൊതുവിൽ കൊങ്കണികൾ ഒഴിവാക്കും. അത് കൊണ്ട് തന്നെ വിശേഷ ദിവസങ്ങളിലെ സദ്യകളിലും മറ്റും സാമ്പാറിൽ ഉള്ളി വെളുത്തുള്ളിയുടെ ഉപയോഗം കാണില്ല. മറ്റ്‌ ദിവസങ്ങളിൽ ചേർക്കാറുമുണ്ട്.
'കൊൾമ്പോ' എന്നാണ് കൊങ്കണിയിൽ സാമ്പാറിനുള്ള വിളിപ്പേര്. കൊങ്കണികൾക്ക് കൊൾമ്പോ ഇഷ്ടമാണെങ്കിലും 'ദാളി തോയ' എന്ന് വിളിക്കുന്ന പരിപ്പിനും, 'സാറു ' എന്ന രസത്തിനും ശേഷം മാത്രമേ സ്ഥാനമുള്ളൂ എന്നത് ഒരു സത്യമാണ്. എന്നിരിക്കിലും നല്ല വറുത്തരച്ച സാമ്പാറും രണ്ട് പപ്പടവും ഉണ്ടേൽ ഊണ് കുശാൽ തന്നെയാണ്.
വിവിധ തരം പച്ചക്കറികൾ ചേർത്തുള്ള സാമ്പാറിന് തന്നെയാണ് ആരാധകർ കൂടുതലുള്ളത്. എന്നാൽ ഏതെങ്കിലും ഒരു പ്രത്യേക പച്ചക്കറി മാത്രം ചേർത്തുണ്ടാക്കുന്ന സാമ്പാറിന്റെ രുചി മറ്റേതിൽ നിന്നും വ്യത്യസ്തമായി തന്നെ നിൽക്കും. അല്പം രുചികൂടുതൽ ഇതുപോലെ ഒറ്റ പച്ചക്കറി ചേർക്കുന്ന സാമ്പാറിനാണെന്ന് വ്യക്തിപരമായ അഭിപ്രായവും ഉണ്ട്.
അത്തരം സാമ്പാറിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നതാണ് വെണ്ടയ്ക്ക സാമ്പാർ അല്ലെങ്കിൽ കൊങ്കണിയിലെ 'ഭെണ്ടാ കൊൾമ്പോ'. ഭേണ്ട് എന്നാൽ വെണ്ടയ്ക്ക.
കൃത്യമായ ചേരുവകൾ വറുത്തരച്ചുണ്ടാക്കുന്ന ഭെണ്ടാ കൊൾമ്പോ തിളയ്ക്കുമ്പോൾ പടരുന്ന മണമൊന്നു മതിയായിരുന്നു കുട്ടിക്കാലത്ത് ഊണിനു വേണ്ടി തിരക്ക് കൂട്ടാൻ. കൂട്ടിനു പപ്പടം അന്ന് നിർബന്ധമായിരുന്നു. ഇന്നും.

To advertise here,

പാചകരീതിയിലേക്ക് :

ചേരുവകൾ :

1.തുവരപ്പരിപ്പ് - 1/2 കപ്പ്
2.വെണ്ടയ്ക്ക- 10 -12 എണ്ണം
3.തക്കാളി - 4 എണ്ണം
4.വാളൻ പുളി- ഒരു ചെറുനെല്ലിക്ക വലുപ്പത്തിൽ.
5.ഉപ്പ് ആവശ്യത്തിന്
6.ശർക്കര- ഒരു ടീസ്പൂൺ
7.കടുക് - ഒരു ടീസ്പൂൺ
8.കറിവേപ്പില- രണ്ട് കതിർപ്പ്
9.വെളിച്ചെണ്ണ- 3 ടീസ്പൂൺ

വറുക്കാനുള്ള ചേരുവകൾ
തേങ്ങ- 1 ടേബിൾ സ്പൂൺ
മല്ലി - 2 ടീസ്പൂൺ
ഉഴുന്ന് പരിപ്പ്- 1 ടീസ്പൂൺ
ജീരകം - 1/2 ടീസ്പൂൺ
ഉലുവ - 1/4 ടീസ്പൂൺ
കുരുമുളക് - 5-7 എണ്ണം
വറ്റൽ മുളക്- 10-12എണ്ണം
കായം - 1/2 ടീസ്പൂൺ
കറിവേപ്പില - 1തണ്ട്

ഈ ചേരുവകൾ അല്പം എണ്ണ ചൂടാക്കി ഒരുമിച്ചു ചെറുതീയിൽ ചുവക്കെ വറുത്തെടുക്കുക.
തുവരപരിപ്പ് വേവിച്ചു വെയ്ക്കുക.
വെണ്ടയ്ക്ക ഒന്നരയിഞ്ച് നീളത്തിൽ കഷ്ണങ്ങളാക്കുക. തക്കാളി നാലായി മുറിക്കുക.

അല്പം എണ്ണ ചൂടാക്കി വെണ്ടയ്ക്ക അൽപ്പം നേരം വറുക്കുക.
ശേഷം തക്കാളിയും ഉപ്പും ചേർത്ത് ഒന്നുകൂടി വഴറ്റി ആവശ്യത്തിന് വെള്ളമൊഴിച്ചു തിളപ്പിക്കുക.

വറുത്തുവെച്ച ചേരുവകൾ വാളൻ പുളി ചേർത്ത് മഷി പോലെ അരയ്ക്കുക.
വെണ്ടയ്ക്ക വെന്തു വരുമ്പോൾ അതിലേക്ക് വേവിച്ച പരിപ്പിട്ട് തിളപ്പിക്കുക.
തിളയ്ക്കുമ്പോൾ അരപ്പ് ചേർക്കാം.
അൽപ്പം നേരം ചെറുതീയിൽ വെച്ചിടയ്ക്കിടെ ഇളക്കി പാകം ചെയ്യുക.
ശർക്കര പൊടിച്ചതും ചേർക്കാം.
തിളച്ചുവരുമ്പോൾ ഒരു പിടി കറിവേപ്പില മീതെ ഇടുക..
കടുക് , വറ്റൽമുളക് എന്നിവ താളിച്ചു ചേർക്കാം .
മല്ലിയില അരിഞ്ഞതും മീതെ വിതറാം.
വെണ്ടയ്ക്ക സാമ്പാർ അല്ലെങ്കിൽ 'ഭെണ്ടാ കൊൾമ്പോ' തയ്യാർ.