ഇലക്കറികളുടെ പോഷകഗുണങ്ങള്‍ നമുക്ക് ആരും പറഞ്ഞുതരേണ്ട കാര്യമില്ല. നമ്മുടെ വിഭവങ്ങളില്‍ അവ ഉള്‍പ്പെടുത്താന്‍ നമ്മള്‍ ശ്രമിക്കാറുമുണ്ട്. എന്നും വിവിധതരം ഇലകള്‍കൊണ്ട് തോരനും പരിപ്പ് കറിയുമൊക്കെ ഉണ്ടാക്കി കഴിക്കുന്നത് മടുക്കുമ്പോള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നത് സ്വാഭാവികം. അത്തരത്തില്‍ ഒരു വിഭവം ഇന്ന് പരിചയപ്പെടുത്താം.
കൊങ്കണി പാചകത്തിലുമുണ്ട് ഇലക്കറികളുടെ വൈവിധ്യം. വിവിധ തരം ചീരയും മുരിങ്ങയിലയും മാത്രമല്ല തകര, ചേമ്പില, താള്, ഉലുവചീര, മത്തനില, മരത്താള്‍, കുടങ്ങലിലകള്‍, ബസലചീര പോലുള്ള പോഷകഗുണം നിറഞ്ഞ ഇല വര്‍ഗങ്ങളും കൊങ്കണി പാചകത്തില്‍ നിറഞ്ഞു നില്‍ക്കും. കറികള്‍ക്കും തോരനും പുറമെ ഊണിനു കൂട്ടായി വിവിധ തരം വടകളും, ആവിയില്‍ പുഴുങ്ങി എടുക്കുന്ന സന്നാ ഖൊട്ടോ പോലുള്ള അടകളും കൊങ്കണികള്‍ ഉണ്ടാക്കാറുണ്ട്.
Also Read
മുരിങ്ങയിലകളെ കൊങ്കണി പാചകത്തില്‍ അതിന്റെതായ സ്ഥലമുണ്ട്. ഊണിനു കൂട്ടായി വിളമ്പുന്ന സന്നാ പോളോ എന്ന പേരുള്ള എരിവുള്ള അട ദോശയില്‍ മുരിങ്ങയില ചേര്‍ത്തുണ്ടാക്കുമ്പോള്‍ രുചി ഒരു പടി മേലെ നിൽക്കും. ഇതേ മാവ് ആവിയില്‍ പുഴുങ്ങിയെടുത്താല്‍ അത് മുദ്ദോ എന്ന രുചിയായി മാറും. കൂടാതെ 'ഡങ്കര്‍' എന്ന പേരില്‍ വിളിക്കുന്ന പച്ചരിയും മുളകും അരച്ചുണ്ടാക്കുന്ന വടയിലും മുരിങ്ങയില ചേര്‍ക്കാറുണ്ട്.
കേരളത്തിന്റെ തെക്കു ഭാഗത്തുള്ള കൊങ്കണികള്‍ക്ക് മുരിങ്ങയില ചേര്‍ത്ത ദോശ പ്രാതലിനു സാധാരണമാണ്. ഇനി സാധാരണ തോരന്‍ ആണെങ്കില്‍കൂടി മുരിങ്ങയില ചക്കക്കുരു കൂട്ടുകെട്ട് ആണെങ്കില്‍ അതീവ രുചികരവും.
ഇന്ന് പരിചയപ്പെടുത്തുന്നത് മുരിങ്ങയില കൊണ്ടുള്ള 'ഘശി'യാണ്. മുരിങ്ങയില കൂടാതെ പല തരം പച്ചക്കറികളും കൂടെ ഇതില്‍ ചേര്‍ക്കും. സാധാരണ കൊങ്കണി വിഭവമായ ഘശ്ശിയുടെ കൂട്ടില്‍ നിന്നും അല്പം വ്യത്യാസവുമുണ്ട് മുരിങ്ങയില കൊണ്ടുള്ള ഈ ഘശിക്ക്. ചോറിലൊഴിക്കാന്‍ വളരെ രുചികരമാണ് ഈ കറി.
പാചകരീതിയിലേക്ക്
ചേരുവകള്‍:
1.തുവരപ്പരിപ്പ്- 1/2 കപ്പ്
2.വെള്ളരിക്ക- 1 കപ്പ്
3.നേന്ത്രക്കായ- 1 വലുത്
4.മുരിങ്ങയ്ക്ക- 2 ഇടത്തരം
5.മുരിങ്ങയില- രണ്ട് പിടി
6.തേങ്ങാ- 3/4 കപ്പ്
7.വറ്റല്‍ മുളക്- 10-12
8.മല്ലി- ഒന്നര ടീസ്പൂണ്‍
9.വാളന്‍ പുളി- ഒരു ചെറുകഷ്ണം
10.ഉപ്പ്- ആവശ്യത്തിന്
11.കടുക്- 1 ടീസ്പൂണ്‍
12.കറിവേപ്പില- 2 കതിര്‍പ്പ്
13.വെളിച്ചെണ്ണ- 2 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
തുവര പരിപ്പ് നന്നായി വേവിയ്ക്കുക. അതിലേക്കു പച്ചക്കറികള്‍ അരിഞ്ഞതും മുരിങ്ങയിലയും ഉപ്പും ചേര്‍ത്ത് വേവിയ്ക്കുക. മല്ലിയും മുളകും അല്പം എണ്ണയില്‍ വറുക്കുക. ഇത് തേങ്ങയും പുളിയും ചേര്‍ത്ത് അരച്ചെടുക്കുക. ഒരല്പം തരുത്തരുപ്പായി അരച്ചെടുക്കുക. വെന്ത പരിപ്പ് കൂട്ടില്‍ അരപ്പ് ചേര്‍ത്ത് നന്നായി തിളപ്പിക്കുക.
ഒഴിച്ചു കറിക്കുള്ള പരുവത്തില്‍ ചാറു കുറുകി വരുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റാം. വെളിച്ചെണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും താളിച്ച് ചേര്‍ക്കാം.
ശ്രദ്ധിക്കുക:
- മുരിങ്ങയില മറ്റു പച്ചക്കറികള്‍ മുക്കാല്‍ വേവാകുമ്പോള്‍ ചേര്‍ത്താലും മതി.
- മുരിങ്ങയിലയുടെ ചവര്‍പ്പ് മാറാന്‍ ഒരു കുഞ്ഞുകഷ്ണം ശര്‍ക്കരയും കറിയില്‍ ആവശ്യമെങ്കില്‍ ചേര്‍ക്കാം.
Content Highlights: Khasi Konkani food recipe
Published: 16 May 2025, 11:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented