വായില്‍ കപ്പലോടുന്ന രുചികളാണ് പലപ്പോഴും നമ്മളെ ഭക്ഷണപ്രിയരാക്കി മാറ്റുന്നത്. ചോറിനൊപ്പം കൂട്ടാന്‍ അതീവ രുചികരമായ രണ്ടു വിഭവങ്ങള്‍ പരീക്ഷിച്ചു നോക്കാം

To advertise here,

 കാന്താരി മസാലയില്‍ മീന്‍ പൊള്ളിച്ചത്

ചേരുവകള്‍

  • മീന്‍ - 3,4 കഷണം ഇടത്തരം വലുപ്പത്തില്‍ (മാന്തല്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്)
  • കാന്താരി മുളക് - 15 എണ്ണം
  • ചുവന്നുള്ളി - 20-25 എണ്ണം
  • ഇഞ്ചി - 2 ഇഞ്ച് കഷണം വെളുത്തുള്ളി - 6-8 അല്ലി
  • നാരങ്ങാനീര് - 1/2 ടീസ്പൂണ്‍
  • തേങ്ങാപ്പാല്‍ (ഒന്നാംപാല്‍) - 1/2 കപ്പ്
  • മഞ്ഞള്‍പൊടി - 1/2 ടീസ്പൂണ്‍
  • കുരുമുളക് പൊടി - 1/4 ടീസ്പൂണ്‍
  • പെരുംജീരകം - 1 ടീസ്പൂണ്‍
  • ഉലുവപ്പൊടി - ഒരു നുള്ള്
  • കറിവേപ്പില - 2 തണ്ട്
  • ഉപ്പ് - പാകത്തിന് 
  • വെളിച്ചെണ്ണ - 3 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന രീതി

ചുവന്നുള്ളി, കാന്താരി മുളക്, ഇഞ്ച്, വെളുത്തുളളി എന്നിവ നന്നായി ചതച്ച് വെക്കുക. മീന്‍ കഷണങ്ങളില്‍ അല്പം ഉപ്പ്, മഞ്ഞള്‍പൊടി, ഉലുവപ്പൊടി, കുരുമുളക് പൊടി, നാരങ്ങാനീര് എന്നിവ പുരട്ടി വെളിച്ചെണ്ണയില്‍ അധികം മൂക്കാത്ത വിധം വറുത്ത് (shallow fry) മാറ്റുക.

അതേ പാനില്‍ അല്പം കൂടി എണ്ണയൊഴിച്ച് അതിലേക്ക് പെരുംജീരകം, ചതച്ച ചുവന്നുള്ളി - കാന്താരി കൂട്ട് ചേര്‍ത്ത് വഴറ്റുക. കറിവേപ്പില കൂടെ ചേര്‍ത്ത് കൊടുക്കുക.

പച്ചമണം മാറി വരുമ്പോള്‍ അല്പം മഞ്ഞള്‍പൊടി കൂടെ ചേര്‍ത്ത് കൊടുക്കുക. മൂത്ത് വരുമ്പോള്‍ അതിലേക്ക് തേങ്ങാപ്പാല്‍, പാകത്തിന് ഉപ്പ് എന്നിവ കൂടെ ചേര്‍ത്ത് അടുപ്പില്‍ നിന്നും മാറ്റുക.
ഒരു വലിയ വാഴയില വാട്ടി അതിലേക്ക് തയ്യാറാക്കിയ മസാലയുടെ പകുതി നിരത്തി മേലെ വറുത്ത മീന്‍ കഷണങ്ങള്‍ വച്ച് ബാക്കിയുള്ള മസാല കൂടെ നിരത്തി വാഴയില പൊതിഞ്ഞു നൂലോ വാഴനാരോ കൊണ്ട് കെട്ടുക.

ചൂടായ ഒരു പാനില്‍ അല്പം എണ്ണ തൂവി മീന്‍ പൊതി വച്ച് ഇരുവശവും  ഇടത്തരം തീയില്‍ പാകം ചെയ്ത് എടുക്കുക. കാന്താരി- മീന്‍ പൊള്ളിച്ചത് തയ്യാര്‍.


നാരങ്ങ രസം

ചേരുവകള്‍

  • ചെറുനാരങ്ങ നീര് - 2 ടേബിള്‍സ്പൂണ്‍
  • ഇഞ്ചി - 1 ഇഞ്ച് വലുപ്പത്തില്‍
  • വെളുത്തുളളി - 10 അല്ലി
  • തക്കാളി - 1
  • മല്ലിയില - 1/4 കപ്പ്
  • കുരുമുളക് - 2 ടീസ്പൂണ്‍
  • ജീരകം - 1 ടീസ്പൂണ്‍
  • മഞ്ഞള്‍പൊടി - 1/2 ടീസ്പൂണ്‍
  • കടുക് - 1/2 ടീസ്പൂണ്‍
  • കായപ്പൊടി - 2 ടീസ്പൂണ്‍
  • ഉലുവ പൊടിച്ചത് - ഒരു നുള്ള്
  • ഉപ്പ് - പാകത്തിന് 
  • വെളിച്ചെണ്ണ - 2 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന രീതി

ചൂടായ ചട്ടിയിലേക്ക് എണ്ണയൊഴിച്ച് കടുക് പൊട്ടിക്കുക . അതിലേക്ക് ഇഞ്ച്, വെളുത്തുളളി, കുരുമുളക്, ജീരകം എന്നിവ ചതച്ചത് ചേര്‍ത്ത് വഴറ്റുക. മൂത്ത് വരുമ്പോള്‍ അരിഞ്ഞ തക്കാളി ചേര്‍ത്ത് കൊടുക്കുക. 

അതിലേക്ക് മഞ്ഞള്‍പൊടി, ഉലുവപ്പൊടി, കായപ്പൊടി എന്നിവ ചേര്‍ത്ത് കൊടുക്കുക.ആവശ്യാനുസരണം വെള്ളം കൂടെ ചേര്‍ത്ത് കൊടുക്കുക. തിളച്ചു വരുമ്പോള്‍ പാകത്തിന് ഉപ്പ്, നാരങ്ങാനീര്, അരിഞ്ഞ മല്ലിയില എന്നിവ കൂടെ ചേര്‍ത്ത് അടുപ്പില്‍ നിന്നും മാറ്റാം.