മുതിര കുതിരക്കുള്ളതാണ് എന്നാണ് മലയാളി പൊതുവെ പറയാറുള്ളതെങ്കിലും പോഷക സമ്പന്നമായ മുതിര കഴിച്ചാണ്, പണ്ട് ഇന്നാട്ടിലെ കർഷകർ കുതിരയുടെ കരുത്തു നേടിയിരുന്നത് എന്നാണ് അമ്മ പറയാറുള്ളത്. കുട്ടിക്കാലത്ത് വടക്കേ തൊടിയിൽ മുതിര വിതച്ചിരുന്നു. മഴക്കാലത്ത് അമ്മ അരിയോടൊപ്പം വറുത്ത മുതിര നുറുക്കിയത് ചേർത്ത് മുതിര കഞ്ഞി, വാട്ടുകപ്പ ചേർത്ത് പുഴുക്ക്, ചുവന്നുള്ളി ചേർത്ത് തീയൽ, മുരിങ്ങയില/ പരിപ്പ് ചേർത്ത് തോരൻ എന്നിങ്ങനെ പലവിധ മുതിര വിഭവങ്ങളും ഉണ്ടാക്കി തരാറുണ്ട്.
അനേകം ഔഷധ ഗുണങ്ങളുള്ളതാണ് മുതിര എന്നാണ് ആയുർവേദ വൈദ്യന്മാർ പറഞ്ഞു കെട്ടിട്ടുള്ളത്. വൃക്ക/ മൂത്രാശയ രോഗമുള്ളവരും പ്രമേഹ രോഗികളും മുതിര കഴിക്കുന്നത് നല്ലതാണ്. ജലദോഷം, കഫക്കെട്ട്, ശ്വാസം മുട്ടൽ മുതലായവ പോലുള്ള മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുവാനും മുതിരയുടെ ഉപയോഗം സഹായകരമാണത്രേ.
Also Read
വെന്തു കിട്ടുവാൻ താമസമുള്ളത് കൊണ്ടും, സാധാരണയായി വറുത്ത ശേഷമാണ് വേവിക്കാറുള്ളത് എന്നത് കൊണ്ടും (ചുരുക്കി പറഞ്ഞാൽ കറിയാക്കാൻ കുറച്ചു പണിയുള്ളത് കൊണ്ട് കൂടിയാകണം) പുതു തലമുറക്ക് മുതിര വിഭവങ്ങൾ അത്ര പരിചിതമായിരിക്കില്ല എന്നു തോന്നുന്നു.
അമ്മ ഉണ്ടാക്കി തന്നിരുന്ന രുചികരമായ മുതിര വിഭവങ്ങളിൽ ഈയുള്ളവന് ഏറ്റവും പ്രിയപ്പെട്ടത് മുതിര - ചുവന്നുള്ളി തീയൽ ആയിരുന്നു. അമ്മയുടെയും, വടക്കേ മുതിര പാടത്തിന്റെയും, നിലത്ത് മൂന്നു കല്ലുകൾ കുത്തി നിർത്തിയ കുടുംബ വീട്ടിലെ അടുക്കളയിൽ ഉണ്ടായിരുന്ന അടുപ്പിന്റെയും, അടുക്കളക്കുപുറത്ത് കെട്ടി തൂക്കിയിരുന്ന ചൂട്ടിന്റെയും, വിറക് കൊള്ളികളുടെയും ഓർമ്മകൾ പുതുക്കിക്കൊണ്ട് ഇന്നൊരു മുതിര - ചുവന്നുള്ളി തീയൽ ഉണ്ടാക്കിയത് ഇങ്ങനെയാണ്.
ചേരുവകൾ (നാലു പേർക്കുള്ള കറിക്ക്)
മുതിര - 1 കപ്പ്
ചുവന്നുള്ളി - 20
വാളൻ പുളി - നെല്ലിക്കാ വലുപ്പം
മഞ്ഞൾ പൊടി - അര ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
അരപ്പിനായി (വറുത്തരയ്ക്കാൻ)
ചുരണ്ടിയ തേങ്ങ - 1 കപ്പ്
മല്ലി - 1 ടേബിൾ സ്പൂൺ (മല്ലി ഇല്ലെങ്കിൽ അര ടേബിൾ സ്പൂൺ മല്ലിപ്പൊടി)
വറ്റൽ മുളക് - 8 (ഇല്ലെങ്കിൽ മുളക് പൊടി - 1 ടീസ്പൂൺ)
കറിവേപ്പില - 2 തണ്ട്
കടുക് വറുക്കാൻ - വെളിച്ചെണ്ണ
കടുക്, വറ്റൽ മുളക്
കറിവേപ്പില
പാചക ക്രമം
അര കപ്പ് വെള്ളത്തിൽ വാളൻ പുളി കുതിർത്ത് പിഴിഞ്ഞ് പുളി വെള്ളം തയ്യാറാക്കി വയ്ക്കുക. ചീന ചട്ടിയിൽ (എണ്ണ ചേർക്കാതെ) മുതിര വറുക്കുക. ആവശ്യത്തിന് വെള്ളവും ഉപ്പും, മഞ്ഞൾ പൊടിയും ചേർത്ത് പ്രഷർ കുക്കറിൽ മുതിര വേവിച്ചതിലേക്ക് (6-7 വിസിൽ) ചുവന്നുള്ളി കൂടി ഇട്ട് വേവിച്ച ശേഷം പുളി വെള്ളം ചേർത്ത് തിളപ്പിക്കുക. ചീനച്ചട്ടിയിൽ തേങ്ങയും മല്ലിയും മുളകും കറിവേപ്പിലയും ലേശം എണ്ണ തളിച്ച് തേങ്ങ സ്വർണ്ണ നിറമാകുന്നത് വരെ വറുത്തത് കുറച്ച് വെള്ളം ചേർത്ത് അരച്ചുണ്ടാക്കിയ അരപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് തിളപ്പിച്ച് വാങ്ങുക. കടുകും വറ്റൽ മുളകും കറിവേപ്പിലയും താളിച്ച് ചേർക്കുക കൂടി ചെയ്‌താൽ പണി കഴിഞ്ഞു.
Content Highlights: Muthira Chuvvannaulli Theeyal: A Nostalgic Kerala Recipe with Health Benefits
Published: 02 Jul 2025, 11:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented