കറി വെയ്ക്കാനായി അമ്മ പറമ്പിൽ നിന്നു കണ്ടെത്താറുള്ള ചേരുവകളിൽ പ്രധാനപ്പെട്ടവ താളും കപ്ലങ്ങയും (പപ്പായ) ആയിരുന്നു. വാഴക്കൂമ്പോ, വാഴപ്പിയോ വല്ലപ്പോഴുമൊക്കെയേ കിട്ടാറുള്ളൂ. നാരുകളാൽ സമ്പന്നമായ വാഴപ്പിണ്ടിയും പരിപ്പും കൊണ്ട് അമ്മ ചാറു കറി വയ്ക്കാറുണ്ട്. കടലയോ വൻ പയറോ ചേർത്ത് തോരനും ഉണ്ടാക്കും.
സാധാരണയായി പാളയം കോടൻ വാഴയുടെ പിണ്ടിയാണ് എടുക്കാറുള്ളത്. ആഴ്ചയിൽ ഒരു ദിവസമെങ്കിലും വാഴ ചുണ്ട് / വാഴ കുടപ്പൻ / വാഴ പൂവ് തോരൻ അല്ലെങ്കിൽ വാഴ പിണ്ടി കൊണ്ടുള്ള കറി വേണം എന്നത് അച്ഛന് നിർബന്ധമായിരുന്നു എന്നോർക്കുന്നു. ജീവിത ശൈലീ രോഗങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ള വാഴപ്പിണ്ടി കൊണ്ടുള്ള വിഭവങ്ങളിൽ വച്ചേറ്റവും രുചികരമായി തോന്നിയിട്ടുള്ളത് വാഴപ്പിണ്ടി- കടല തോരനാണ്. തൊടിയിൽ നിന്നു കിട്ടിയ വാഴപ്പിണ്ടി കൊണ്ട് ഉണ്ടാക്കിയ, ആരോഗ്യകരവും രുചികരവുമായ വാഴപ്പിണ്ടി - കടല തോരനാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.
ചേരുവകൾ (നാലു പേർക്ക്)
വാഴപ്പിണ്ടി (ചെറുതായി അരിഞ്ഞത്) - 1 കപ്പ്
കടല - കാൽ കപ്പ്
ചുവന്നുള്ളി - 10
വറ്റൽ മുളക് - 4 എണ്ണം
ചിരകിയ തേങ്ങ - അര കപ്പ്
വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ
കറിവേപ്പില - 1 തണ്ട്
മഞ്ഞൾ പൊടി - അര ടീ സ്പൂൺ
കടുക്, ഉപ്പ്, വെള്ളം ആവശ്യത്തിന്
പാചക ക്രമം
1. കടല വെള്ളത്തിലിട്ട് 5-6 മണിക്കൂർ കുതിർക്കുക. ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് വേവിച്ചു മാറ്റി വയ്ക്കുക.
2. വാഴപ്പിണ്ടി വട്ടത്തിൽ മുറിച്ച്, നാരുകൾ വിരലിൽ ചുറ്റി നീക്കം ചെയ്ത ശേഷം ഉപ്പു വെള്ളത്തിലേക്ക് ചെറു കഷണങ്ങളായി മുറിച്ച് ഇടുക. (വെള്ളത്തിലേക്ക് മുറിച്ചിട്ടില്ലെങ്കിൽ നിറം മാറി പോയേക്കും).
3. ഉപ്പു വെള്ളത്തിൽ നിന്നും കഴുകി പിഴിഞ്ഞെടുത്ത വാഴപ്പിണ്ടി (ആവശ്യമെങ്കിൽ ലേശം ഉപ്പും വെള്ളവും കൂടി ചേർത്ത്) വേവിച്ചു മാറ്റി വയ്ക്കുക.
4. ചുവന്നുള്ളിയും വറ്റൽ മുളകും ചതച്ചു വയ്ക്കുക. മിക്സിയിൽ ക്രഷ് ചെയ്ത് എടുത്താലും മതി.
5. തേങ്ങയും മഞ്ഞൾ പൊടിയും ഒന്നു ചതച്ച് ഒതുക്കിയെടുക്കുക, അല്ലെങ്കിൽ മിക്സിയിൽ ക്രഷ് ചെയ്ത് എടുക്കുക.
6. ചട്ടിയിൽ എണ്ണ മൂപ്പിച്ച് കടുക് പൊട്ടിക്കുക. കടുക് പൊട്ടി തീരുന്ന മുറയ്ക്ക് ചതച്ച ഉള്ളിയും വറ്റൽ മുളകും കറി വേപ്പിലയും ചേർത്ത് വഴന്നു വരുമ്പോൾ വേവിച്ച കടലയും വാഴപ്പിണ്ടിയും തേങ്ങയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ചെറു തീയിൽ ഒരു മിനിറ്റ് അടച്ച് വേവിക്കുക. രുചികരമായ വാഴപ്പിണ്ടി കടല തോരൻ തയ്യാർ.
Content Highlights: Learn to make a delicious and healthy Banana Stem Kadala Thoran (stir-fry) with this easy recipe
Published: 20 Feb 2026, 09:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented