മീൻ പ്രേമികളുടെ ഇഷ്ടവിഭവങ്ങളിലൊന്നായിരിക്കും ചെമ്മീൻ. ചോറിനും ചപ്പാത്തിക്കും ഒപ്പമുള്ള കറികളിൽ നിന്നും വ്യത്യസ്തമായി, ചെമ്മീന്റെ തനതായ മസാലക്കൂട്ടുകൾ ചോറിൽ പിടിപ്പിച്ച് തയ്യാറാക്കുന്ന വിഭവമാണ് പ്രോൺസ് കറി റൈസ്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ അടുക്കളയിൽ മിക്യവാറും ഉണ്ടാകുന്ന ചേരുവകൾ കൊണ്ട് തയ്യാറാക്കാവുന്ന വിഭവം ഉച്ചഭക്ഷണത്തിനോ വിരുന്നുകൾക്കോ ഒരുപോലെ അനുയോജ്യമാണ്. രുചി ഇരട്ടിയാക്കാൻ വെളുത്തുള്ളിയുടെ മണവും ഗുണവും ചേർന്ന റോസ്റ്റഡ് ഗാർലിക് റൈത്ത കൂടി ഉണ്ടെങ്കിൽ സംഗതി ഉഷാറായി!

To advertise here,

പ്രോൺസ് കറി റൈസ്

  1. ചെമ്മീൻ വൃത്തിയാക്കിയത് - 350g
  2. ബസ്മതി അരി - 1 കപ്പ്
  3. സവാള - 2
  4. ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 1 ടേബിൾസ്പൂൺ
  5. പച്ചമുളക് - 1-2 എണ്ണം
  6. തക്കാളി - 1
  7. മുളക്പൊടി - 1 1/2 ടീസ്പൂൺ
  8. മല്ലിപ്പൊടി - 2 ടീസ്പൂൺ
  9. മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
  10. കുരുമുളക് പൊടി - 1 ടീസ്പൂൺ
  11. ഗരം മസാല - 1 ടീസ്പൂൺ
  12. കറിവേപ്പില - 2 തണ്ട്
  13. മല്ലിയില അരിഞ്ഞത് - 1/4 കപ്പ്
  14. നെയ്യ് - 1 ടീസ്പൂൺ
  15. എണ്ണ - 2 ടേബിൾസ്പൂൺ
  16. ഉപ്പ് - പാകത്തിന്

തയ്യാറാക്കുന്ന വിധം

  • അരി അല്പം ഉപ്പ് ചേർത്ത് 70% വേവിച്ച് വെക്കുക.
  • ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ എണ്ണയൊഴിച്ച് അരിഞ്ഞ സവാള, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി ചതച്ചത് എന്നിവ ചേർത്ത് വഴറ്റുക. കറിവേപ്പില കൂടെ ചേർത്ത് കൊടുക്കുക.
  • ചുവന്നു വരുമ്പോൾ പൊടികൾ ഓരോന്നായി ചേർത്ത് മൂപ്പിക്കുക.
  • അതിലേക്ക് അരിഞ്ഞ തക്കാളി കൂടെ ചേർത്ത് വഴറ്റുക.
  • കഴുകി വൃത്തിയാക്കിയ ചെമ്മീൻ ചേർത്ത് യോജിപ്പിക്കുക.
  • അതിലേക്ക് 1/2 കപ്പ് വെള്ളം പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് മൂടി വച്ച് വേവിക്കുക.
  • ചെമ്മീൻ വെന്ത് കഴിഞ്ഞാൽ അല്പം വെള്ളം ബാക്കി നിൽക്കെ വേവിച്ച ചോറ് കൂടെ ചേർത്ത് നന്നായി യോജിപ്പിക്കുക.
  • മല്ലിയില കൂടെ ചേർത്ത് കൊടുക്കാം.
  • മേലെ അല്പം നെയ്യ് കൂടെ തൂവി ചെറുതീയിൽ അല്പസമയം മൂടി വച്ച് വേവിക്കുക.
  • ചോറിൽ മസാല പിടിച്ച് വെള്ളം വറ്റി വന്നാൽ അടുപ്പിൽ നിന്നും മാറ്റാം.
  • ചൂടോടെ വിളമ്പുക.

റോസ്റ്റഡ് ഗാർലിക് റൈത്ത

  1. കട്ടതൈര് – 1 കപ്പ്
  2. വെളുത്തുള്ളി – 5–6 അല്ലി
  3. എണ്ണ അല്ലെങ്കിൽ നെയ്യ് – 1 ടേബിൾ സ്പൂൺ
  4. ഉപ്പ് – ആവശ്യത്തിന്
  5. വറുത്ത ജീരകപ്പൊടി – ¼ ടീസ്പൂൺ
  6. മല്ലിയില (ചെറുതായി അരിഞ്ഞത്) – 1 ടേബിൾ സ്പൂൺ
  7. കുരുമുളകുപൊടി – ഒരു നുള്ള്

തയ്യാറാക്കുന്ന വിധം 

  • ഒരു പാനിൽ എണ്ണ അല്ലെങ്കിൽ നെയ് ചൂടാക്കുക.
  • അതിലേക്ക് വെളുത്തുള്ളി ചേർത്ത് ചെറുതീയിൽ ഗോൾഡൻ കളർ വരുന്നത് വരെ വറുക്കുക.
  • വറുത്ത വെളുത്തുള്ളി അല്പം ചതക്കുക.
  • ഒരു പാത്രത്തിൽ തൈര് നന്നായി ഉടച്ച് വെക്കുക. അതിലേക്ക് ഉപ്പ്, ജീരകപ്പൊടി, കുരുമുളകുപൊടി ചേർത്ത് യോജിപ്പിക്കുക.
  • ഇനി വറുത്ത വെളുത്തുള്ളിയും മല്ലിയിലയും ചേർത്ത് യോജിപ്പിക്കുക.
  • വിളമ്പുന്ന നേരം മേലെ അല്പം ഉണക്കമുളക് ചതച്ചത് ചേർക്കാം.