
കറി വയ്ക്കാനായി അമ്മ പറമ്പിൽ നിന്നു കണ്ടെത്താറുള്ള ചേരുവകളിൽ പ്രധാപ്പെട്ടവ താളും, കപ്ലങ്ങയും (പപ്പായ) ആയിരുന്നു. വാഴക്കൂമ്പോ, വാഴപ്പിണ്ടിയോ വല്ലപ്പോഴുമൊക്കെയേ കിട്ടാറുള്ളൂ. നാരുകളാൽ സമ്പന്നമായ വാഴപ്പിണ്ടിയും പരിപ്പും കൊണ്ട് അമ്മ ചാറുകറി വയ്ക്കാറുണ്ട്. കടലയോ വൻ പയറോ ചേർത്ത് തോരൻ ഉണ്ടാക്കാറുണ്ട്.
സാധാരണയായി പാളയംകോടൻ വാഴയുടെ പിണ്ടിയാണ് എടുക്കാറുള്ളത്. ജീവിത ശൈലീ രോഗങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ള വാഴപ്പിണ്ടി കൊണ്ടുള്ള വിഭവങ്ങളിൽ വച്ചേറ്റവും രുചികരമായി തോന്നിയിട്ടുള്ളത് വാഴപ്പിണ്ടി- കടല തോരനാണ്. തൊടിയിൽ നിന്നു കിട്ടിയ വാഴപ്പിണ്ടി കൊണ്ട് ഉണ്ടാക്കിയ, ആരോഗ്യകരവും രുചികരവുമായ വാഴപ്പിണ്ടി - കടല തോരനാണ് ഇന്നത്തെ ഹോട്ടലുകളിൽ കിട്ടാത്ത നാടൻ വീട്ടുവിഭവം.
ചേരുവകൾ (നാലു പേർക്ക്)
വാഴപ്പിണ്ടി (ചെറുതായി അരിഞ്ഞത്) - 1 കപ്പ്
കടല - കാൽ കപ്പ്
ചുവന്നുള്ളി - 10
വറ്റൽ മുളക് - 4 എണ്ണം
ചിരകിയ തേങ്ങ - അര കപ്പ്
വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ
കറിവേപ്പില - 1 തണ്ട്
മഞ്ഞൾപൊടി - അര ടീ സ്പൂൺ
കടുക്, ഉപ്പ്, വെള്ളം ആവശ്യത്തിന്
പാചക ക്രമം
1. കടല വെള്ളത്തിലിട്ട് 5-6 മണിക്കൂർ കുതിർക്കുക. ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് വേവിച്ചു മാറ്റി വയ്ക്കുക.
2. വാഴപ്പിണ്ടി വട്ടത്തിൽ മുറിച്ച്, നാരുകൾ വിരലിൽ ചുറ്റി നീക്കം ചെയ്ത ശേഷം ഉപ്പു വെള്ളത്തിലേക്ക് ചെറുകഷണങ്ങളായി മുറിച്ച് ഇടുക. (വെള്ളത്തിലേക്ക് മുറിച്ചിട്ടില്ലെങ്കിൽ നിറം മാറിപ്പോയേക്കും).
3. ഉപ്പുവെള്ളത്തിൽ നിന്നും കഴുകി പിഴിഞ്ഞെടുത്ത വാഴപ്പിണ്ടി (ആവശ്യമെങ്കിൽ ലേശം ഉപ്പും വെള്ളവും കൂടി ചേർത്ത്) വേവിച്ചു മാറ്റി വയ്ക്കുക.
4. ചുവന്നുള്ളിയും വറ്റൽ മുളകും ചതച്ചു വയ്ക്കുക. മിക്സിയിൽ ക്രഷ് ചെയ്ത് എടുത്താലും മതി.
5. തേങ്ങയും മഞ്ഞൾപൊടിയും ഒന്നുചതച്ച് ഒതുക്കിയെടുക്കുക, അല്ലെങ്കിൽ മിക്സിയിൽ ക്രഷ് ചെയ്ത് എടുക്കുക.
6. ചട്ടിയിൽ എണ്ണ മൂപ്പിച്ച് കടുക് പൊട്ടിക്കുക. കടുക് പൊട്ടി തീരുന്ന മുറയ്ക്ക് ചതച്ച ഉള്ളിയും വറ്റൽ മുളകും കറി വേപ്പിലയും ചേർത്ത് വഴന്നു വരുമ്പോൾ വേവിച്ച കടലയും വാഴപ്പിണ്ടിയും തേങ്ങയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ചെറു തീയിൽ ഒരു മിനിറ്റ് അടച്ച് വേവിക്കുക. രുചികരമായ വാഴപ്പിണ്ടി കടല തോരൻ തയ്യാർ.
Content Highlights: Discover the authentic Kerala taste with this healthy and delicious Banana Stem and Kadala Thoran recipe.
Published: 12 Feb 2026, 03:13 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented