പണ്ട് ചക്കക്കാലമായാൽ (മകരം-ഇടവം) കാർഷിക കേരളത്തിന്റെ പ്രധാന ആഹാരവും കറിയും ചക്കയായിരുന്നു. കുട്ടിക്കാലത്ത് വീട്ടിൽ മിക്കവാറും ദിനങ്ങളിൽ ഒരു നേരത്തെ ആഹാരം ചക്ക പുഴുക്കായിരിക്കും, കറി എന്തായാലും അതിൽ പ്രധാന കഷണം ചക്കക്കുരുവും. അമ്മ ഉണ്ടാക്കി തരാറുള്ള ചക്ക വിഭവങ്ങളിൽ പ്രധാനപ്പെട്ടവ (ഇന്നും രുചിയോർമ്മയിൽ ഉള്ളവ) ഇവയാണ്. ചുളയും കുരുവും ഇട്ട പുഴുക്ക്, ചുളയും മടലും കുരുവും ഇട്ട അവിയൽ, ചുള കൊണ്ടുള്ള എരിശ്ശേരി, കൂഞ്ഞിയും കുരുവും കൊണ്ടുള്ള വറുത്തരച്ച തോരൻ, ചക്കപ്പഴം കൊണ്ടുള്ള അട, ചുള വെളിച്ചെണ്ണയിൽ വറുത്ത ഉപ്പേരി, ചക്കക്കുരുവും മാങ്ങയും കൊണ്ടുള്ള ഒഴിച്ചു കറി മുതലായവ രുചിയോർമ്മയിൽ പ്രധാനപ്പെട്ടവയാണ്
വയനാട്-കർണാടക അതിർത്തി ഗ്രാമങ്ങളിൽ ഒന്നാണ് പെരിക്കല്ലൂർ. ഗ്രാമാതിർത്തിയിൽ കബനീനദീ. ഈ നദിക്കപ്പുറം കാടാണ്. പണ്ടൊരിക്കൽ കബനീ തീരത്ത് താമസിച്ചിരുന്ന സുഹൃത്തിനെ കാണാൻ പോയ ഞങ്ങൾ പുഴ കടന്ന് കാട്ടിലൂടെ അലഞ്ഞു നടക്കുന്നതിനിടയിൽ വഴി തെറ്റി കാട്ടിൽ അകപ്പെട്ടു. ഒരു ആദിവാസി ഊരിൽ നിന്നും ചക്ക ചുള അരിയാതെ പുഴുങ്ങിയത് ഇറച്ചി കറിയും കൂട്ടി കഴിച്ചതിന്റെ ഓർമ്മ ഇന്നുമുണ്ട്.
Also Read
പണ്ട്, ചക്ക പുഴുങ്ങുവാൻ തേങ്ങയില്ലാത്ത നാളുകളിൽ, ചക്ക ചുളകൾ നുറുക്കാതെ (കപ്പ ചെണ്ടമുറിയൻ പുഴുങ്ങുന്നത് പോലെ) ലേശം ഉപ്പും മഞ്ഞളും ചേർത്ത് അമ്മ ആവിയിൽ പുഴുങ്ങി, കനലിൽ ചുട്ട് അമ്മിക്കല്ലിൽ അരച്ച വറ്റൽ മുളക്-ഉള്ളി ചമ്മന്തിക്കൊപ്പം തരാറുണ്ട്. കുട്ടിക്കാലത്ത് ഇതിനെ ചക്ക അവിച്ചത് എന്നും നുറുക്കി അരപ്പ് ചേർത്ത് പഴുങ്ങിയതിനെ ചക്ക പുഴുക്ക് എന്നുമാണ് വിളിച്ചിരുന്നത്. ചക്ക ചുള രണ്ടായി കീറി ഉപ്പും മഞ്ഞൾ പൊടിയും കലക്കി തളിച്ച് ഇഡ്ഡലി പാത്രത്തിൽ വച്ച് ആവിയിൽ പുഴുങ്ങിയതും അന്നത്തെ വിഭവങ്ങളിലൊന്നായിരുന്നു. അന്ന് ഉണ്ടാക്കിയിരുന്നു ഉളളി മുളക് ചമ്മന്തി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ഉള്ളി-മുളക് ചമ്മന്തി ചേരുവകൾ (നാലു പേർക്ക്):-
വറ്റൽ മുളക് - 6
ചുവന്നുള്ളി - 15
വെളുത്തുള്ളി - 4
ഇഞ്ചി - അര ഇഞ്ചു നീളത്തിൽ ഒരു കഷണം
കറിവേപ്പില - 2 തണ്ട്
തയ്യാറാക്കുന്ന വിധം
ചുടാൻ വിറക് അടുപ്പോ, അരയ്ക്കാൻ അമ്മിക്കല്ലോ ഇല്ലാത്തത്തിനാൽ ഇന്നത്തെ മുളക് ചമ്മന്തിയുടെ റെസിപ്പി ഇങ്ങനെ. ചട്ടിയിൽ ലേശം വെളിച്ചെണ്ണ തൂവി ആദ്യം ഉള്ളികളും ഇഞ്ചിയും ചെറുതായി വഴറ്റി കോരിയ ശേഷം വറ്റൽ മുളകും കറിവേപ്പിലയും കൂടി വഴറ്റി ഉപ്പു ചേർത്ത് മിക്സിയിൽ അരച്ച ശേഷം വെളിച്ചെണ്ണ ചേർത്ത് ചാലിച്ചത്.
Content Highlights: Traditional Jackfruit Recipes from Kerala
Published: 11 Jun 2025, 12:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented